ലിവിങ് ടുഗെദർ ബന്ധത്തിലെ മുൻ പങ്കാളിയെ തട്ടികൊണ്ട് പോയി അതിക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളി

യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ടംഗ സംഘം അറസ്റ്റിൽ. ലിവിങ് ടുഗെദർ ബന്ധത്തിലെ മുൻ പങ്കാളിയെയാണ് യുവതിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ തള്ളിയത്. സംഭവത്തിൽ ഹനുമന്തനഗർ പൊലീസാണ് കമ്മനഹള്ളി സ്വദേശി ക്ലാരയെയും (27) കൂട്ടാളികളെയും പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച സുമനഹള്ളിയിലായിരുന്നു സംഭവം. ക്ലാരയും, ഇവർ തട്ടിക്കൊണ്ടു പോയ യുവാവ് പ്രസാദും ലിവിങ് ടുഗെദർ പാർട്ണർമാരായിരുന്നു. ഒരു ഓൺലൈൻ ഡേറ്റിംഗ് ആപ്പിൽ കണ്ടുമുട്ടിയ ഇരുവരും അടുത്തിടപഴകുകയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ ഈ ബന്ധം വഷളാവുകയും ഇടയ്ക്ക് വച്ച് പിരിയുകയുമായിരുന്നു. ഇതിനിടെ യുവാവിനെ ഒരു പാഠം പഠിപ്പിക്കാൻ ആഗ്രഹിച്ച യുവതി തട്ടിക്കൊണ്ടുപോകൽ ഗൂഢാലോചന നടത്തുകയും മറ്റ് പ്രതികളുടെ സഹായത്തോടെ പാർട്ണറെ തട്ടികൊണ്ട് പോവുകയായിരുന്നു.
10 ദിവസം മുമ്പ്, മുഖ്യപ്രതി ക്ലാര, ഇരയായ മഹാദേവ പ്രസാദിനോട് അവസാനമായി ഒരിക്കൽ കൂടി കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗൂഢാലോചനയെക്കുറിച്ച് അറിയാതെ രാവിലെ 11.30 ഓടെ യുവതിയെ കാണാനെത്തിയ ഇയാളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളെ ക്രൂരമായി മർദ്ദിച്ച ശേഷം വിട്ടയക്കുകയായിരുന്നു. ഹേമാവതി, മധു, സന്തോഷ്, മസന കിരൺ, അശ്വത് നാരായൺ, ലോകേഷ്, മനു എന്നിവരാണ് മറ്റ് പ്രതികൾ.
യുവാവിനെ പരിചയപ്പെടുന്നതിന് മുമ്പ് വിവാഹിതയായ ക്ലാര ഭർത്താവുമായി അകലുകയും, വിവാഹമോചനം നേടുകയുമായിരുന്നു. ഇതിനിടയിലാണ് ഡേറ്റിംഗ് ആപ്പിൽ പ്രസാദിനെ പരിചയപ്പെടുന്നത്. ഇതിനു ശേഷം ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു. ക്ലാരയുടെ പ്രശ്‌നകരമായ ദാമ്പത്യജീവിതത്തെക്കുറിച്ച് പ്രസാദിന് അറിയാമായിരുന്നു.
എന്നാൽ യുവതിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് മനസിലായതോടെ പ്രസാദ് യുവതിയെ ഒഴിവാക്കുകയായിരുന്നു. ക്ലാരയ്ക്കും പ്രസാദിനെക്കുറിച്ച് സമാനമായ സംശയങ്ങളുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും വെവ്വേറെ താമസിച്ചു. ആദ്യ ഭർത്താവുമായി വിവാഹമോചനം നേടിയ ശേഷം പ്രസാദിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും തന്റെ ലിവ്-ഇൻ ബന്ധം തകർന്നതിൽ ക്ലാര വളരെയധികം അസ്വസ്ഥയായിരുന്നു. ഒന്നും നടക്കാതെ വന്നപ്പോൾ യുവാവിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ഹനുമന്തനഗർ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha
























