ലോകായുക്തയെ കൊന്നത് പിണറായി സര്‍ക്കാര്‍ നായനാര്‍ക്ക് തെറ്റ് പറ്റിയോ? ലോകായുക്ത കത്തിച്ച് പ്രതിപക്ഷം

ലോകായുക്ത നിയമഭേദഗതി ബില്‍ പാസാക്കിയ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഇടത് മുഖ്യമന്ത്രിയായ നായനാര്‍ കൊണ്ടുവന്ന ലോകായുക്ത നിയമത്തിലാണ് ഭേദഗതി വരുത്തിയതെന്നും നായനാര്‍ക്ക് തെറ്റ് പറ്റിയോ എന്ന് വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാന്‍ ഞങ്ങള്‍ ഇല്ലെന്ന് സഭയെ അറിയിച്ചാണ് പ്രതിപക്ഷം ലോകായുക്തബാല്‍ അവതരിപ്പിക്കുന്നതിന് മുമ്പ് സഭ വിട്ടിറങ്ങിയത്.
യുക്തിയുമില്ലാത്ത ഭേദഗതിയിലൂടെ സര്‍ക്കാര്‍ ലോകായുക്തയെ കൊന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദും അഭിപ്രായപ്പെട്ടു.നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമായിരുന്നു ഇന്ന്. അഴിമതിക്ക് കുട പിടിച്ചവരെന്ന് ചരിത്രം ഈ സര്‍ക്കാരിനെ മുദ്രകുത്തുമെന്നും കെപിഎ മജീദ് കുറ്റപ്പെടുത്തി.
നായനാര്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിന് 23 വര്‍ഷത്തിന് ശേഷമാണ് മറ്റൊരു ഇടത് സര്‍ക്കാര്‍ തന്നെ ഭേദഗതി വരുത്തുന്നത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനും സഭ വിട്ടിറങ്ങലിനുമൊടുവിലാണ് ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കിയത്. അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്. മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പുന പരിശോധന അധികാരം നിയമസഭക്ക് നല്‍കുന്ന ഭേദഗതിയാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം. സിപിഐ മുന്നോട്ടു വെച്ച ഭേദഗതി സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതി ആക്കുകയായിരുന്നു. സബ്ജക്ട് കമ്മറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ ഇന്ന് അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്‌നവുമായെത്തി. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേര്‍ത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താമെന്ന് നിയമ മന്ത്രി പറഞ്ഞു. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ക്രമപ്രശ്‌നം തള്ളി സ്പീക്കര്‍ റൂളിംഗ് നല്‍കി.
https://www.facebook.com/Malayalivartha
























