വീടിന് മുകളിൽ താമസിച്ച് 6മാസം വ്യവസായിയെ നിരീക്ഷിച്ചു: കുടുങ്ങുമെന്ന് ഉറപ്പിച്ചു:- കുടുക്കാൻ ഇറക്കിയത് ഫീനിക്സ് കപ്പിൾസിനെ: പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് ദേവൂ വ്യവസായിയെ എത്തിച്ചു:- തൊട്ടുപിന്നാലെ എല്ലാം കവർന്നു! കലിപ്പൻ ഗോകുലിന്റെയും, കാന്താരി ദേവുവിന്റെയും യഥാർത്ഥ പണി എന്താണെന്ന് അറിഞ്ഞ് ഞെട്ടി സുഹൃത്തുക്കളും നാട്ടുകാരും- ഇനി ജയിലിനകത്ത് റീൽസ്...

തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ സാമ്പത്തികസ്ഥാപന ഉടമയെ ഹണി ട്രാപ്പിൽ കുടുക്കി സ്വര്‍ണവും പണവും കാറും കൈക്കലാക്കിയ കേസില്‍ പുറത്ത് വരുന്നത്, തട്ടിപ്പ് നടത്തുന്നതിനായി പ്രതികൾ ഒരുക്കിയ വമ്പൻ പദ്ധതികളാണ്. കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് പിടികൂടിയത്. ശരത്താണ് ഹണി ട്രാപ്പിന്റെ ബുദ്ധി കേന്ദ്രമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പ്രതികളിൽ ഒരാൾ പ്രളയകാലത്ത് വ്യവസായിയുടെ വീടിന് മുകളിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് കുരുങ്ങുന്നയാളാണെന്ന് ഉറപ്പാക്കിയത്. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാല്‍ നാല്‍പതിനായിരം രൂപയുടെ കമ്മിഷന്‍ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊഴി.
ദേവുവും ഗോകുല്‍ ദീപും ചേർന്ന് നിരവധി ആരാധകരെ വരുതിയിലാക്കിയിരുന്നത് വീഡിയോകളിലൂടെയായിരുന്നു. വ്യത്യസ്ത ഭാവങ്ങളിലും വേഷത്തിലും ഇടവേളകളില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവർ തട്ടിപ്പ് നടത്തുന്നത്. ഇവരുടെ പ്രകടനം തന്നെയായിരുന്നു സമ്പന്നരെ കുടുക്കാനുള്ള ഇവരുടെ ഊർജ്ജവും. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ ഇവർ നീണ്ട ആറ് മാസക്കാലമാണ് നിരീക്ഷിച്ചത്. കുരുങ്ങുമെന്ന് ഉറപ്പായതോടെ തേൻ കെണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവില്‍ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു. ഇങ്ങനെയായിരുന്നു ദേവു വ്യവസായിയെ പാലക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചത്.
28-നാണ് കേസിനാസ്പദമായ സംഭവം. ശരത്താണ് സാമൂഹികമാധ്യമം വഴി രണ്ടാഴ്ച മുമ്പ് പരാതിക്കാരനെ പരിചയപ്പെട്ടത്. യുവതിയുടേതെന്ന പേരിൽ വ്യാജ പ്രൊഫൈല്‍ തയ്യാറാക്കി ശരത് പരാതിക്കാരനുമായി അടുപ്പമുണ്ടാക്കി. സാമൂഹിക മാധ്യമം വഴി സന്ദേശങ്ങളയയ്ക്കുകയും മറുപടി അയയ്ക്കുന്നവരെ കെണിയില്‍പ്പെടുത്തുകയുമാണ് രീതിയെന്ന് സൗത്ത് പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയാണെന്നും ഭര്‍ത്താവ് വിദേശത്താണെന്നും വീട്ടില്‍ അമ്മമാത്രമേയുള്ളൂ എന്നുമാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്.
പിന്നീട് ഫോണ്‍ ചെയ്തു തുടങ്ങിയപ്പോഴാണ് ദേവുവിന്റെയും ഭര്‍ത്താവ് ഗോകുല്‍ ദീപിന്റെയും സഹായം തേടിയത്. ദേവു പരാതിക്കാരനുമായി ഫോണില്‍ സംസാരിച്ച്, പാലക്കാട് യാക്കരയിലെ വീട്ടിലെത്തിയാല്‍ തമ്മില്‍ കാണാമെന്നറിയിച്ചു. അമ്മ അസുഖബാധിതയായി ആശുപത്രിയിലാണെന്നാണ് പറഞ്ഞിരുന്നത്. ആദ്യം ഒലവക്കോട്ടുവെച്ച് പരാതിക്കാരനെ കാണുകയും പീന്നീട് വീട്ടിലേക്ക് ക്ഷണിക്കയുമായിരുന്നു. ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസങ്ങള്‍ പറഞ്ഞ് രാത്രി വരെ നഗരത്തില്‍ നിര്‍ത്തി. പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ യാക്കരയിലെ വീട്ടിലെത്തിക്കുകയായിരുന്നു.
ഈ സമയം മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ എടുത്തു. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയെ കൊണ്ട് സംഘം പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
വിപുലമായ അന്വേഷണം തുടങ്ങിയ സൗത്ത് പൊലീസ് സംഘം ആറുപേരെയും കാലടിയിലെ ഒളിത്താവളത്തിലെത്തി പിടികൂടുകയായിരുന്നു. വ്യവസായിയുടെ കൈയ്യില്‍ നിന്ന് തട്ടിയ സ്വര്‍ണമാലയും, പണവും എ.ടി.എം കാര്‍ഡും വാഹനവുമെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം നേരത്തെയും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























