ഭൂമി തട്ടിയെടുത്തെന്ന നഞ്ചിയമ്മയുടെ പരാതി , സംഭവം വളരെ ഗൗരവതരം, ഭൂമി കയ്യേറ്റം തടയാൻ നിയമങ്ങളുണ്ടാകുമെന്ന് മന്ത്രി കെ.രാജൻ

ദേശീയ അവാർഡ് ജേതാവായ നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതിനെ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഭൂമി കയ്യേറ്റം തടയാൻ നിയമങ്ങളുണ്ടെന്നും അഞ്ചേക്കറിൽ കൂടുതൽ ഭൂമി കൈമാറാൻ കഴിയില്ലെന്നും റവന്യൂ മന്ത്രി സഭയിൽ വ്യക്തമാക്കി. നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം നിയമസഭയിലും ചർച്ചയായി.
അട്ടപ്പാടിയില്‍ ഭൂമാഫിയ ആദിവാസികളുടെ ഭൂമി വ്യാപകമായി കയ്യേറുന്നുണ്ടെന്ന വിഷയം എംഎല്‍എ കെ കെ രമ നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്തതും ചർച്ചയിൽ വന്നത്.
വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുക്കുകയും റവന്യൂ ഉദ്യോഗസ്ഥര്‍ ഇതിനു കൂട്ടുനില്‍ക്കുന്നെന്നും വിഷയത്തില്‍ വകുപ്പു തല അന്വേഷണം വേണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.
അട്ടപ്പാടി ട്രൈബല്‍ താലൂക്കിലെ അഗളി വില്ലേജിലെ 1167/1, 1167/6 സര്‍വേ നമ്പരുകളിലെ ഭൂമി കയ്യേറിയെന്ന് ചൂണ്ടിക്കാട്ടിയാണ് നഞ്ചിയമ്മ പരാതി നല്‍കിയത്. ഭൂമി തട്ടിയെടുക്കുന്നതിന് മാരിമുത്തു എന്നയാള്‍ വ്യാജ നികുതി രസീത് കോടതിയില്‍ ഹാജരാക്കിയെന്ന് പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























