ചിങ്ങത്തിൽ പിണറായിയുടെ രാജി... ഗവർണർ അതുറപ്പിച്ചു! ഒപ്പിടില്ലെന്ന് അന്ത്യശാസനം... ലോകായുക്ത വിധി ഉടൻ!

മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ പരിഗണനയിലിരിക്കുന്ന കേസിൽ സെപ് റ്റംബറിൽ വിധി വരും. ഭേദഗതി ഗവർണർ ഒപ്പിടാതിരിക്കുകയും കേസിലെ വിധി മുഖ്യമന്ത്രിക്ക് എതിരാവുകയും ചെയ്താൽ രാജി വയ്ക്കുക മാത്രമാണ് പിണറായിക്ക് മുന്നിലുള്ള പോംവഴി. ലോകായുക്തയുടെ ചിറകരിഞ്ഞത് മുഖ്യമന്ത്രിക്കെതിരായ കേസിലെ വിധി തടയാനെന്നാണ് സൂചന.
അതിനിടെ ലോകായുക്ത ബില്ലിൽ ഒപ്പിടണമെന്ന സംസ്ഥാന സർക്കാരിൻ്റെ ആവശ്യം ഗവർണർ തള്ളി.ബിൽ നിയമസഭ പാസാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടന്ന ആശയ വിനിമയത്തിലാണ് ബില്ലിൽ താൻ ഒപ്പിട്ടില്ലെന്ന് ഗവർണർ സർക്കാരിനെ അറിയിച്ചതെന്നാണ് വിവരം.. ഒപ്പിടണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചെങ്കിലും അതിന് വേറെ ഗവർണർമാരെ നോക്കണമെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ മറുപടി.
ഇനിയാണ് ഗവർണറുടെ ഒന്നര പണി വരാൻ പോകുന്നത്. ദുരിതാശ്വാസ നിധി കേസ് എത്രയും വേഗം പരിഗണിക്കാൻ ലോകായുകത തീരുമാനിച്ചു..ഇതിൽ വിധി പിണറായിക്ക് എതിരാകാനാണ് സാധ്യത. 1999ൽ നായനാർ സർക്കാർ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയാണ് ലോകായുക്ത ബിൽ പാസാക്കിയത്. ഭേദഗതി ബിൽ ഗവർണർ അംഗീകരിക്കുന്നത് വരെ നിലവിലുള ലോകായുക്ത നിയമം നിലനിൽക്കും. ഈ സമയത്താണ് ദുരിതാശ്വാസ നിധി പിണറായിക്ക് മുന്നിൽ വെള്ളിടി പോലെ വീഴാൻ സാധ്യതയുള്ളത്.കേസിലെ വാദം മാർച്ചിൽ പൂർത്തിയായി.
ലഭിക്കുന്ന സൂചനകൾ അനുസരിച്ച് ദുരിതാശ്വാസ നിധി കേസ് മുഖ്യ മന്ത്രിക്ക് വിനയാവും. 2018 ൽ ഫയൽ ചെയ്ത കേസിൽ പിണറായി വിജയനും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത 18 മന്ത്രിമാരും പ്രതികളാണ്. എന്നാൽ മന്ത്രിസഭയുടെ തലവൻ എന്ന നിലയിൽ പിണറായിക്ക് മാത്രമാണ് ബാധ്യത വരുന്നത്.
അന്തരിച്ച ഉഴവൂർ വിജയൻ്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും കോടിയേരി ബാലകൃഷ്ണൻ്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച പോലീസുകാരൻ്റെ കുടുംബത്തിന് സർക്കാർ ആനുകൂല്യങ്ങൾക്ക് പുറമേ 20 ലക്ഷം നൽകിയതും അന്തരിച്ച രാമചന്ദ്രൻ നായർ എം എൽ എ യുടെ സ്വർണ വാഹന വായ്പകൾ തിരിച്ചടക്കാൻ 9 ലക്ഷം നൽകിയതുമാണ് കേസായത്. ആർ എസ് ശശികുമാറാണ് പരാതിക്കാരൻ.
എന്താണ് ദുരിതാശ്വാസ നിധി? അത് മുഖ്യമന്ത്രിക്ക് തോന്നുന്നവർക്ക് അനുവദിക്കാൻ കഴിയുന്ന ഒന്നല്ല. രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തെ സഹായിക്കാനുള്ളതുമല്ല. പാവപ്പെട്ട ജനവിഭാഗങ്ങളെ സഹായിക്കാനുള്ള നിധി ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണ്. ക്യത്യമായ വിനിയോഗം നടക്കും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകു ന്നത്.എന്നാൽ ഇടതു സർക്കാർ അധികാരത്തിലെത്തിയ കാലം മുതൽ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നത് പതിവാണ്. അതേ സമയം അർഹതർക്ക് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായം ലഭിക്കുന്നുമില്ല.
പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് മറികടന്നാണ് ലോകായുക്ത ബിൽ സർക്കാർ പാസാക്കിയത്.പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു. നായനാർ സർക്കാർ കൊണ്ട് വന്ന നിയമത്തിന് 23 വർഷത്തിന് ശേഷമാണ് ഭേദഗതി കൊണ്ടുവന്നത്. അന്ന് നിയമമന്ത്രി ഇ ചന്ദ്രശേഖരൻ നായരായിരുന്നു. ലോകായുക്തയെ കടലാസുപുലിയാക്കിയപ്പോൾ നിയമമന്ത്രിയായത് പി.രാജീവാണ്. നായനാർക്ക് സംഭവിച്ച പിഴവാണ് ലോകായുക്ത ബിൽ എന്നാണ് പിണറായി സർക്കാരിലെ പ്രമുഖർ പറയുന്നത്.
രാഷ്ട്രീയ നേതാക്കളുടെ ഭാവി കോടതിയുടെ വായിൽ വച്ചു കൊടുത്ത തീരുമാനം സി പി ഐ യുടെതെന്നായിരുന്നു സിപിഎം നേതാക്കൾ പറയുന്നത്. പല സി പി ഐ നേതാക്കൾക്കും നിലവിലുള്ള ആദർശത്തിൻെറ അസുഖം ഇ ചന്ദ്രശേഖരൻ നായർക്കും ഉണ്ടായിരുന്നുവത്രേ. ഇ കെ നായനാർ ചന്ദ്രശേഖരൻ നായരെ കയറൂരി വിട്ടു എന്ന് ആക്ഷേപിക്കുന്ന സി പി എം നേതാക്കളുമുണ്ട്. സി പി ഐ യെ നിയന്ത്രിക്കാൻ നായനാർക്ക് കഴിഞ്ഞില്ല. നായനാർ പിണറായി വിജയന് ശിഷ്യപ്പെടണമെന്ന് പറഞ്ഞ സി പി എമ്മുകാർ വരെ കേരളത്തിലുണ്ട്.
നായനാർക്ക് തെറ്റ് പറ്റിയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ലോകായുക്തക്കു ജുഡീഷ്യൽ പദവി ഇല്ലെന്നും ലോകായുക്ത കോടതിക്ക് തുല്യം അല്ലെന്നു ഹൈകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു.
അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്.പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയിൽ പുന: പരിശോധന അധികാരം നിയമസഭക്ക് നൽകുന്ന ഭേദഗതിയാണ് കൊണ്ട് വന്നത്.മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എൽ എമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം.സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സർക്കാർ ഔദ്യോഗിക ഭേദഗതി ആക്കുക ആയിരുന്നു.
ബില്ലിൽ ഏറ്റവുമധികം സന്തോഷിക്കുന്നതും നിരാശപ്പെടുന്നതും കെ.റ്റി.ജലീലാണ്. തനിക്കെതിരായ വിധി വന്ന കാലത്ത് ഇങ്ങനെയൊരു ഉത്തരവുണ്ടായിരുന്നെങ്കിൽ എന്നാണ് ജലീൽ നിരാശപ്പെടുന്നത്. എന്നാൽ ഇപ്പോഴെങ്കിലും ഇത്തരം ഒരു ഉത്തരവ് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഉണ്ടായതിൽ ജലീൽ സന്തുഷ്ടനാണ്.
വിവിധ സഭാധ്യക്ഷൻമാരുടെ ആവശ്യപ്രകാരം തങ്ങൾ നിയമിച്ച ലോകായുക്ത മുഖ്യമന്ത്രിക്കെതിരായ കേസുകൾ ഫയലിൽ സ്വീകരിച്ചതും ജലീലിനെ രാജിവയ്പ്പിച്ചതുമാണ് മുഖ്യമന്ത്രിക്കുള്ള കലിപ്പ്. ഇതിൽ തീർത്തും അസഹ്യനാണ് മുഖ്യമന്ത്രി. ജസ്റ്റിസ് സിറിയക് ജോസഫ് ചതിച്ചുവെന്നു തന്നെയാണ് മുഖ്യമന്ത്രി വിശ്വസിക്കുന്നത്.
ലോകായുക്ത സ്ഥാനത്തേക്ക് സർക്കാർ രണ്ടു പേരെയാണ് പരിഗണിച്ചത്. ജസ്റ്റിസ് ബെഞ്ചമിൻ കോശിയെയും സിറിയക് ജോസഫിനെയും .മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യപ്രകാരമാണ് നിയമനം നടത്തിയത്. സീറോ മലബാർ സഭയിലെ പ്ര മുഖനാണ് ലോകായുക്ത .എന്നാൽ സിറിയക് ജോസഫ് അഴിമതിക്കാരനാണെന്നാണ് കെ.റ്റി. ജലീൽ പറയുന്നത്.
സിസ്റ്റർ അഭയയുടെ കൊലപാതക കേസ് അട്ടിമറിക്കാൻ അദ്ദേഹം ശ്രമിച്ചതായി ജലീൽ ആരോപിക്കുന്നു. തന്നോട് ലോകായുക്ത കാണിച്ചത് വർഗീയതയാണെന്നും ജലീൽ ആരോപിക്കുന്നു. ജഡ്ജ്മെൻറ് എഴുതാത്ത ജഡ്ജി എന്നാണ് സിറിയക് ജോസഫിനെ ജലീൽ വിശേഷിപ്പിക്കുന്നത്.ഇതേ വിശേഷണം മുമ്പ് അഡ്വ.ജയശങ്കർ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
സബ്ജക്ട് കമ്മറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ ഇന്നലെ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്നവുമായെത്തി.. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേർത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പറഞ്ഞു. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ക്രമപ്രശ്‌നം തള്ളി സ്പീക്കർ റൂളിംഗ് നല്‍കി.
ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ലോകായുക്ത വിധിയിൽ എങ്ങിനെ നിയമസഭക്ക് തീരുമാനം എടുക്കാൻ ആകും. മുഖ്യമന്ത്രിക്ക് എതിരായ ലോകയുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. അതായത് ലോകായുക്ത ഇല്ലാതായെന്ന് ചുരുക്കം.
നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭിപ്രായപ്പെട്ടു. ഈ കൊലക്കുറ്റത്തിന് സാക്ഷിയാകാൻ ഞങ്ങൾ ഇല്ലെന്ന് സഭയെ അറിയിച്ചാണ് പ്രതിപക്ഷം ലോകായുക്ത ബിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സഭ വിട്ടിറങ്ങിയത്. യുക്തിയുമില്ലാത്ത ഭേദഗതിയിലൂടെ സർക്കാർ ലോകായുക്തയെ കൊന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദും അഭിപ്രായപ്പെട്ടു.നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമായിരുന്നു ഇന്ന്. അഴിമതിക്ക് കുട പിടിച്ചവരെന്ന് ചരിത്രം ഈ സർക്കാരിനെ മുദ്രകുത്തുമെന്നും കെപിഎ മജീദ് കുറ്റപ്പെടുത്തി.
ഗവർണർ ഒപ്പിട്ടാൽ ലോകായുക്തക്ക് വേണ്ടി സർക്കാർ കോടികൾ ചെലവഴിക്കുന്നതിൽ ഒരു അർത്ഥവുമില്ല. അങ്ങനെ വന്നാൽ ഒരു പഞ്ചായത്ത് മെമ്പറുടെ കേസുപോലും പരിഗണിക്കാൻ കഴിയാത്ത തരത്തിൽ ദുർബലമായി തീർന്നിരിക്കുകയാണ് ലോകായുക്ത. എന്തായാലും ലോകായുക്ത ഭേദഗതി ഗവർണർ ഒപ്പിട്ടില്ലെന്ന് തന്നെയാണ് മനസിലാക്കുന്നത്.
2021 ഒക്ടോബറിൽ സഭ പാസാക്കിയ മൂന്ന് ബില്ലുകൾ ഗവർണർ ഒപ്പിടാതെ മാറ്റി വച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ബില്ലുകളാണ് ഇവ. ഏതായാലും ഒപ്പിടാത്ത ബില്ലുകൾ ഇനി ഒപ്പിടുമെന്ന് കരുതാൻ വയ്യ. ഒപ്പിട്ടില്ലെങ്കിൽ ഗവർണറെ ഉമ്മാക്കി കാണിക്കുമെന്ന് പറയുന്നത്. സി പി എം സൈബർ സഖാക്കളുടെ തമാശയാണെന്ന് പറഞ്ഞാൽ മതി.
വിധി എതിരാകുമെന്ന് മനസിലാക്കി ഗവർണറെ കുപ്പിയിലിറക്കാൻ ചില ചെപ്പടിവിദ്യകൾ പിണറായി പ്രയോഗിക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാരെ കേരളത്തിൽ വരുത്തിയും തനിക്ക് കേന്ദ്ര സർക്കാരിൽ വലിയ സ്വാധീനമുണ്ടെന്നും വരുത്തി തീർക്കാനാണ് അദ്ദേഹത്തിൻ്റെ ശ്രമം.എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ്റെ അടുത്ത് ഇത്തരം വേലകൾ ചെലവായില്ലെന്ന് തന്നെ പറയേണ്ടി വരും.
നിയമപ്രകാരം മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് കേന്ദ്ര സർക്കാർ ഗവർണർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സ്വാധീനങ്ങൾക്ക് വഴങ്ങി തീരുമാനങ്ങൾ എടുക്കുന്ന ഒരാളല്ല കേരള ഗവർണർ.ഇക്കാര്യം പിണറായിക്ക് നന്നായി അറിയാം. അതു കൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് ലോകായുക്ത ഭേദഗതിയിൽ ഒരു പ്രതീക്ഷയുമില്ല.
https://www.facebook.com/Malayalivartha
























