തലസ്ഥാനം കണ്ണൂരിലേക്ക് മാറ്റാനുറച്ച് പിണറായി! അടുത്ത മന്ത്രിയാവാൻ തുണി തയ്പ്പിച്ച് ഷംസീർ? വീണയുടെ കസേരയും തെറിക്കുന്നോ?

ഓണം അവധിക്കുശേഷമേ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാവൂ എങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയാവുന്ന എം.വി.ഗാേവിന്ദന് പകരം പറഞ്ഞു കേൾക്കുന്നത് പല പേരുകൾ തന്നെയാണ്. പുനഃസംഘടന ആസന്നമായിരിക്കെ സംസ്‌ഥാന മന്ത്രിസഭയിലേക്ക് പുതുതായി കടന്നുവരുന്ന അംഗങ്ങളെക്കുറിച്ച് അഭ്യൂഹങ്ങള്‍ ശക്‌തമായിരിക്കുകയാണ്.
സ്‌പീക്കര്‍ എം.ബി. രാജേഷ് അടക്കം നാലു പുതുമുഖങ്ങളുടെ പേരുകളാണു സജീവം. ഒന്നാം പിണറായി സര്‍ക്കാരിന്റെ ജനകീയ മുഖമായിരുന്ന കെ.കെ ശൈലജ മന്ത്രിസഭയിലെത്തുമോയെന്നാണ് രാഷ്‌ട്രീയ കേരളം ഉറ്റു നോക്കുന്നത്. തലസ്ഥാനത്തില്ലാത്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആറാം തീയതിയേ മടങ്ങിയെത്തൂ. രണ്ടിന് കൊച്ചിയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുത്ത് അന്ന് തന്നെ അദ്ദേഹം ഡൽഹിക്ക് പോകും. ഏഴ് മുതൽ ഓണാവധിയാണ്. ഗവർണറുടെ സൗകര്യാർത്ഥം ഓണാവധിക്ക് ശേഷമാകും മന്ത്രിയുടെ സത്യപ്രതിജ്ഞ.
സംസ്ഥാന മന്ത്രിസഭയില്‍ വിപുലമായ പുനഃസംഘടനയുണ്ടായേക്കില്ലെന്ന് സൂചന നൽകിയിട്ടുണ്ട്. തദ്ദേശ- എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതിനെ തുടര്‍ന്ന് ഒഴിയുന്ന സ്ഥാനത്തേക്ക് മാത്രം പുതിയ മന്ത്രിയെ കൊണ്ടുവന്നാല്‍ മതിയെന്ന തരത്തിലാണ് സിപിഎമ്മിലെ ഇപ്പോഴത്തെ ചര്‍ച്ച.
തുടര്‍ ഭരണം ലഭിച്ചപ്പോള്‍ ഒന്നാം ഒന്നാം പിണറായി സര്‍ക്കാരിലെ ആരും തുടരേണ്ടതില്ലെന്ന തീരുമാനം സി.പി.എം. എടുത്തതാണ്. മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് അന്ന് ഇളവ് നല്‍കിയത്. ഈ തീരുമാനം തിരുത്തുമോ എന്നും അറിയേണ്ടിയിരിക്കുന്നു. എ.എന്‍. ഷംസീര്‍, പി. നന്ദകുമാര്‍, പി.പി. ചിത്തരഞ്‌ജന്‍, സി.എച്ച്. കുഞ്ഞമ്പു എന്നിവരാണ് പരിഗണനയിലുണ്ടായിരുന്നവർ.
കണ്ണൂരില്‍ നിന്നുള്ള മന്ത്രിയായ എം.വി ഗോവിന്ദന്‍ ഒഴിയുമ്പോള്‍ പകരം മന്ത്രി കണ്ണൂരില്‍ നിന്ന് തന്നെയാകാനാണ് സാധ്യത കല്പിക്കുന്നത്. അങ്ങനെയെങ്കില്‍ തലശ്ശേരി എംഎല്‍എ കൂടിയായ എ.എന്‍ ഷംസീറിന് നറുക്ക് വീണേക്കും രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. എം.വി ഗോവിന്ദന്‍ രാജിവെക്കുന്നതോടെ കണ്ണൂരില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാകും പിന്നെ മന്ത്രിസഭയിലുള്ളത്.
ജില്ലയില്‍ നിന്ന് തന്നെ പകരം മന്ത്രിയെങ്കില്‍ സംസ്ഥാന സമിതി അംഗം എന്നത് ഷംസീറിന് അനുകൂല സാഹചര്യമാണ്. കെ.കെ ശൈലജ ടീച്ചർ ഒഴികെ ജില്ലയിലെ മറ്റ് സിപിഎം എംഎല്‍എമാരെല്ലാം നിയമസഭയില്‍ പുതുമുഖങ്ങളാണ്. ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനമുള്ളതിനാല്‍ ഷൈലജ ടീച്ചര്‍ക്ക് ഇടം കിട്ടാന്‍ സാധ്യത തീരെ കുറവാണ്. ടീച്ചര്‍ക്ക് മാത്രമായി ഇളവ് നല്‍കുന്ന കാര്യം നിലവില്‍ പരിഗണിക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
മന്ത്രിസഭയില്‍ എം.വി. ഗോവിന്ദന്റെ വിടവ് മാത്രം നികത്തിയാല്‍ മതിയോ അതോ സര്‍ക്കാരിന്റെ പ്രതിച്‌ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടന വേണമോ എന്നതാകും ഇനി സി.പി.എമ്മിന്റെ മുന്നിലുള്ള ചര്‍ച്ചാ വിഷയം. ഇക്കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നാണ് പുതിയ സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നത്. കാത്തിരിന്നു കണ്ടോളൂവെന്നാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണം.
ഷംസീറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ആണ് തീരുമാനമെങ്കില്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമുണ്ടാകും. എംവി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്നത് സുപ്രധാനമായ വകുപ്പുകളായതിനാല്‍ പുതുമുഖമായ ഷംസീറിന് മറ്റേതെങ്കിലും വകുപ്പ് നല്‍കിയ ശേഷം മുതിര്‍ന്ന നേതാക്കളായ കെ രാധാകൃഷ്ണന്‍, വി. ശിവന്‍കുട്ടി എന്നിവരില്‍ ഒരാള്‍ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് വരാം. എക്സൈ് വകുപ്പ് മറ്റൊരു മന്ത്രിക്കായിരിക്കും
അതോടൊപ്പം ആരോഗ്യവകുപ്പിന്റെ അമരത്ത് വീണാ ജോര്‍ജിനു പകരം പുതിയ ആള്‍ വന്നാലും അത്ഭുതപ്പെടാനില്ല. നിരവധി പരാതികളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്കെതിരെ ഉയർന്ന് കേൾക്കുന്നത്. ഈ മാസം ആദ്യം ചേര്‍ന്ന സി.പി.എം. സംസ്‌ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ പോരായ്‌മയുണ്ടെങ്കില്‍ അത് പാര്‍ട്ടി പരിഹരിക്കണമെന്ന് സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും തുറന്നടിച്ചിരുന്നു.
ഒന്നാം പിണറായി സര്‍ക്കാരിനെ മുന്‍നിര്‍ത്തിയാണ്, തുടര്‍ഭരണത്തെയും ജനങ്ങള്‍ അളക്കുന്നത്. അതനുസരിച്ച് ഈ സര്‍ക്കാര്‍ ഏറെ പിന്നിലാണെന്നാണ് സംസ്‌ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായത്. എം.വി. ഗോവിന്ദന്‍ രാജിവയ്‌ക്കുന്നതോടെ രണ്ട് ഒഴിവുകളാകും മന്ത്രിസഭയിലുണ്ടാകുക.
മന്ത്രി വീണാ ജോര്‍ജിന്റെ പേര് സ്‌പീക്കര്‍ സ്‌ഥാനത്തേക്കു പരിഗണിക്കാനിടയുണ്ട്. അങ്ങനെ വന്നാല്‍ എം.ബി. രാജേഷ് മന്ത്രിയാകും. എം.വി. ഗോവിന്ദന്‍ കൈകാര്യം ചെയ്‌തുവന്ന തദ്ദേശ സ്വയംഭരണം വി. ശിവന്‍കുട്ടിക്കോ കെ. രാധാകൃഷ്‌ണനോ നല്‍കിയേക്കാം. എക്‌സൈസ് വകുപ്പില്‍ മറ്റൊരു മന്ത്രിവരും. എന്തായാലും ഇക്കാര്യത്തില്‍ അവസാന വാക്ക് മുഖ്യമന്ത്രി പിണറായി വിജയന്റേതു തന്നെയാകും.
സജി ചെറിയാന്‍ രാജിവെച്ചതോടെ ആലപ്പുഴ ജില്ലയെ പ്രതിനിധാകരിക്കാൻ മന്ത്രിസഭയില്‍ ആരുമില്ലാതായി. സജി ചെറിയാന്‍ രാജിവെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ ഉടന്‍ നിയമിക്കേണ്ടതില്ലെന്ന തരത്തിലാണ് ഇപ്പോഴത്തെ ചര്‍ച്ച. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ വിഭജിച്ച് നിലവില്‍ വി അബ്ദുറഹ്‌മാന്‍, വിഎന്‍ വാസവന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
നിലവില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മുന്നണി കണ്‍വീനറും കണ്ണൂരില്‍ നിന്നായതിനാല്‍ കണ്ണൂരിന് പുറത്ത് നിന്ന് ഒരാള്‍ വരട്ടെ എന്നാണ് തീരുമാനമെങ്കില്‍ പൊന്നാനി എംഎല്‍എ നന്ദകുമാറിനെയോ ഉദുമ എംഎല്‍എ സി. എച്ച് കുഞ്ഞമ്പുവിനോ സാധ്യത തെളിയും. നിലവില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് മന്ത്രിയില്ല. ഇതാണ് കുഞ്ഞമ്പുവിന് സാധ്യത കല്‍പിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha
























