മുഖ്യമന്ത്രിയുടെ ക്ഷണം വേണ്ടെന്ന് വച്ച് അമിത് ഷാ... നെഹ്‌റു ട്രോഫി വള്ളം കളിയിൽ പങ്കെടുക്കില്ല! പക്ഷേ 2ന് തിരുവനന്തപുരത്ത് എത്തും...

നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തില്ല എന്ന വിവരമാണ് ലഭിക്കുന്നത്. സെപ്തംബർ നാലിനു പുന്നമടക്കായലിൽ നടക്കുന്ന പരിപാടിയിലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം ആഭ്യന്തരമന്ത്രി ഇതോടെ നിരസിച്ചു. സെപ്തംബർ 2 ന് തിരുവനന്തപുരത്ത് എത്തുന്ന അമിത് ഷാ 3 ന് തിരികെ ഡൽഹിയിലെത്തും. ഔദ്യോഗിക തിരക്കുകൾ കാരണമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസമാണ് നെഹ്റുട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. തെലങ്കാന ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗൺസിൽ യോഗം 30 മുതൽ സെപ്തംബർ മൂന്ന് വരെ കോവളത്ത് വെച്ച് നടക്കുന്നുണ്ട്.
അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. തിരുവനന്തപുരത്തു ബിജെപി പട്ടിക മോർച്ച സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. ബിജെപി കോർ കമ്മിറ്റി യോഗവും അന്നു ചേരുന്നുണ്ട്. നേരത്തെ 2 തവണ തിരുവനന്തപുരത്ത് അമിത് ഷാ എത്തുമെന്നറിയിച്ചെങ്കിലും പിന്നീടു പരിപാടി മാറ്റി വച്ചിരുന്നു.
പട്ടിക ജാതി സംഗമം മുൻപു നിശ്ചയിച്ചതു പോലെ ഇപ്പോൾ നടത്തണമെന്ന് അമിത് ഷാ തന്നെ നിർദേശിച്ചതിനെ തുടർന്നാണ് മൂന്നിന് യോഗം ചേരുന്നത്. 2ന് വൈകിട്ട് വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷായ്ക്ക് ബിജെപി പ്രവർത്തകർ വലിയ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























