തലയ്ക്ക് മുകളിൽ വാൾ പോലെ ലോകായുക്ത! എല്ലാം നായനാരുടെ ശാപം... സിപിഎമ്മിനെ വെട്ടി സിപിഐയും...

ലോകായുക്ത കേസിലെ വിധി മുഖ്യമന്ത്രിക്ക് എതിരാവുകയും ചെയ്താൽ രാജി വയ്ക്കുക മാത്രമാണ് പിണറായിക്ക് മുന്നിലുള്ള പോംവഴി. ലോകായുക്തയുടെ ചിറകരിഞ്ഞത് മുഖ്യമന്ത്രിക്കെതിരായ കേസിലെ വിധി തടയാനെന്നാണ് സൂചന. പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പ് മറികടന്നാണ് ലോകായുക്ത ബിൽ സർക്കാർ പാസാക്കിയത്.
പ്രതിപക്ഷം സഭ വിട്ടിറങ്ങുകയും ചെയ്തു. നായനാർ സർക്കാർ കൊണ്ട് വന്ന നിയമത്തിന് 23 വർഷത്തിന് ശേഷമാണ് ഭേദഗതി കൊണ്ടുവന്നത്. അന്ന് നിയമമന്ത്രി ഇ ചന്ദ്രശേഖരൻ നായരായിരുന്നു. ലോകായുക്തയെ കടലാസുപുലിയാക്കിയപ്പോൾ നിയമമന്ത്രിയായത് പി.രാജീവാണ്. നായനാർക്ക് സംഭവിച്ച പിഴവാണ് ലോകായുക്ത ബിൽ എന്നാണ് പിണറായി സർക്കാരിലെ പ്രമുഖർ പറയുന്നത്.
രാഷ്ട്രീയ നേതാക്കളുടെ ഭാവി കോടതിയുടെ വായിൽ വച്ചു കൊടുത്ത തീരുമാനം സി പി ഐ യുടെതെന്നായിരുന്നു സിപിഎം നേതാക്കൾ പറയുന്നത്. പല സി പി ഐ നേതാക്കൾക്കും നിലവിലുള്ള ആദർശത്തിൻെറ അസുഖം ഇ ചന്ദ്രശേഖരൻ നായർക്കും ഉണ്ടായിരുന്നുവത്രേ. ഇ കെ നായനാർ ചന്ദ്രശേഖരൻ നായരെ കയറൂരി വിട്ടു എന്ന് ആക്ഷേപിക്കുന്ന സി പി എം നേതാക്കളുമുണ്ട്. സി പി ഐ യെ നിയന്ത്രിക്കാൻ നായനാർക്ക് കഴിഞ്ഞില്ല. നായനാർ പിണറായി വിജയന് ശിഷ്യപ്പെടണമെന്ന് പറഞ്ഞ സി പി എമ്മുകാർ വരെ കേരളത്തിലുണ്ട്.
നായനാർക്ക് തെറ്റ് പറ്റിയോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ലോകായുക്തക്കു ജുഡീഷ്യൽ പദവി ഇല്ലെന്നും ലോകായുക്ത കോടതിക്ക് തുല്യം അല്ലെന്നു ഹൈകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു.
അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ എടുത്ത് കളഞ്ഞത്.പകരം മുഖ്യമന്ത്രിക്ക് എതിരായ വിധിയിൽ പുന: പരിശോധന അധികാരം നിയമസഭക്ക് നൽകുന്ന ഭേദഗതിയാണ് കൊണ്ട് വന്നത്.മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എൽ എമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം.സി പി ഐ മുന്നോട്ടു വെച്ച ഭേദഗതി സർക്കാർ ഔദ്യോഗിക ഭേദഗതി ആക്കുക ആയിരുന്നു.
ബില്ലിൽ ഏറ്റവുമധികം സന്തോഷിക്കുന്നതും നിരാശപ്പെടുന്നതും കെ.റ്റി.ജലീലാണ്. തനിക്കെതിരായ വിധി വന്ന കാലത്ത് ഇങ്ങനെയൊരു ഉത്തരവുണ്ടായിരുന്നെങ്കിൽ എന്നാണ് ജലീൽ നിരാശപ്പെടുന്നത്. എന്നാൽ ഇപ്പോഴെങ്കിലും ഇത്തരം ഒരു ഉത്തരവ് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഉണ്ടായതിൽ ജലീൽ സന്തുഷ്ടനാണ്.
വിവിധ സഭാധ്യക്ഷൻമാരുടെ ആവശ്യപ്രകാരം തങ്ങൾ നിയമിച്ച ലോകായുക്ത മുഖ്യമന്ത്രിക്കെതിരായ കേസുകൾ ഫയലിൽ സ്വീകരിച്ചതും ജലീലിനെ രാജിവയ്പ്പിച്ചതുമാണ് മുഖ്യമന്ത്രിക്കുള്ള കലിപ്പ്. ഇതിൽ തീർത്തും അസഹ്യനാണ് മുഖ്യമന്ത്രി. ജസ്റ്റിസ് സിറിയക് ജോസഫ് ചതിച്ചുവെന്നു തന്നെയാണ് മുഖ്യമന്ത്രി വിശ്വസിക്കുന്നത്.
ലോകായുക്ത സ്ഥാനത്തേക്ക് സർക്കാർ രണ്ടു പേരെയാണ് പരിഗണിച്ചത്. ജസ്റ്റിസ് ബെഞ്ചമിൻ കോശിയെയും സിറിയക് ജോസഫിനെയും .മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യപ്രകാരമാണ് നിയമനം നടത്തിയത്. സീറോ മലബാർ സഭയിലെ പ്ര മുഖനാണ് ലോകായുക്ത .എന്നാൽ സിറിയക് ജോസഫ് അഴിമതിക്കാരനാണെന്നാണ് കെ.റ്റി. ജലീൽ പറയുന്നത്.
സിസ്റ്റർ അഭയയുടെ കൊലപാതക കേസ് അട്ടിമറിക്കാൻ അദ്ദേഹം ശ്രമിച്ചതായി ജലീൽ ആരോപിക്കുന്നു. തന്നോട് ലോകായുക്ത കാണിച്ചത് വർഗീയതയാണെന്നും ജലീൽ ആരോപിക്കുന്നു. ജഡ്ജ്മെൻറ് എഴുതാത്ത ജഡ്ജി എന്നാണ് സിറിയക് ജോസഫിനെ ജലീൽ വിശേഷിപ്പിക്കുന്നത്.ഇതേ വിശേഷണം മുമ്പ് അഡ്വ.ജയശങ്കർ അദ്ദേഹത്തിന് നൽകിയിട്ടുണ്ട്.
സബ്ജക്ട് കമ്മറ്റി പരിഗണിച്ച ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭയില്‍ ഇന്നലെ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ക്രമപ്രശ്നവുമായെത്തി.. സഭ അധികാരപ്പെടുത്താതെ പുതിയ ഭേദഗതി ചേർത്തത് ചട്ട വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. എന്നാല്‍ ബില്ലിൽ സബ്ജക്ട് കമ്മിറ്റിക്ക് മാറ്റം വരുത്താം എന്ന് നിയമ മന്ത്രി പറഞ്ഞു. സഭക്കുള്ള അധികാരം സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്ന് പി രാജീവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്‍റെ ക്രമപ്രശ്‌നം തള്ളി സ്പീക്കർ റൂളിംഗ് നല്‍കി.
ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കളഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.ലോകായുക്ത വിധിയിൽ എങ്ങിനെ നിയമസഭക്ക് തീരുമാനം എടുക്കാൻ ആകും. മുഖ്യമന്ത്രിക്ക് എതിരായ ലോകയുക്ത വിധിയെ നിയമസഭ ഒരിക്കലും അംഗീകരിക്കില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. അതായത് ലോകായുക്ത ഇല്ലാതായെന്ന് ചുരുക്കം.
നിയമപ്രകാരം മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് കേന്ദ്ര സർക്കാർ ഗവർണർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സ്വാധീനങ്ങൾക്ക് വഴങ്ങി തീരുമാനങ്ങൾ എടുക്കുന്ന ഒരാളല്ല കേരള ഗവർണർ.ഇക്കാര്യം പിണറായിക്ക് നന്നായി അറിയാം. അതു കൊണ്ട് തന്നെ മുഖ്യമന്ത്രിക്ക് ലോകായുക്ത ഭേദഗതിയിൽ ഒരു പ്രതീക്ഷയുമില്ല.
https://www.facebook.com/Malayalivartha
























