തദ്ദേശം,എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്യും, എം ബി രാജേഷ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; രാജ് ഭവനിൽ ഗവർണർ സത്യവാചകം ചൊല്ലികൊടുക്കും; സ്പീക്കറിനായുള്ള തിരഞ്ഞെടുപ്പ് ഈ മാസം 12 ന്

തദ്ദേശം,എക്സൈസ് വകുപ്പുകൾ ഇനി എം ബി രാജേഷ് ഏറ്റെടുക്കും. സ്പീക്കർ സ്ഥാനം രാജിവച്ച് എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് രാജ് ഭവനിൽ വച്ചാണ് ചടങ്ങ് നടക്കുക. തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുക്കും. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.
ഇതിനു പിന്നാലെ ഓഫീസിലെത്തി ചുമതല ഏറ്റെടുക്കും. ഇത് പ്രകാരം തദ്ദേശം,എക്സൈസ് വകുപ്പുകൾ തന്നെ രാജേഷും കൈകാര്യം ചെയ്യുക. സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.
അതോടൊപ്പം തന്നെ പുതിയ സ്പീക്കറിനായുള്ള തിരഞ്ഞെടുപ്പ് ഈ മാസം 12 ന് നടക്കും. അതേസമയം ഇതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനാണ് തീരുമാനം. നിലവിലെ റിപ്പോർട്ടനുസരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എഎൻ ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുക്കാനും സാധ്യതയുണ്ട്. സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ യുഡിഎഫിൽ ഇതുവരെ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha






















