കാണാന്‍ ജനമിടിച്ചു കയറി... ഭഗവല്‍ സിംഗിന്റെ വീട്ടില്‍ കൂടുതല്‍ പേരെ കുഴിച്ചിട്ടിട്ടുണ്ടോയെന്നറിയാന്‍ രംഗത്തെത്തിയത് മായ, മര്‍ഫി എന്നീ പൊലീസ് നായകള്‍; പട്ടികളെ പേടിച്ച് കൊല്ലാനായി സുപ്രീം കോടതിവരെ പോയ നാട്ടില്‍ താരങ്ങളായി മായയും മര്‍ഫിയും; കൂര്‍മബുദ്ധിക്കാരായ ഇരുവരും നാട്ടുകാരുടെ കണ്ണിലുണ്ണിയായി

ഇന്നലെ പത്തനംതിട്ട ഇലന്തൂരിലെ നരബലി നടന്ന വീട്ടില്‍ താരങ്ങളായത് മായ, മര്‍ഫി എന്നീ പോലീസ് നായകളാണ്. ഭഗവല്‍ സിംഗിന്റെ വീട്ടില്‍ കൂടുതല്‍ പേരെ കുഴിച്ചിട്ടുണ്ടോയെന്നറിയാനായാണ് പോലീസ് നായക്കളെ രംഗത്തിറക്കിയത്. അടുത്തകാലത്ത് പട്ടികളെ കണ്ടാല്‍ മലയാളികള്‍ക്ക് പേടിയാണ്. പട്ടികളെ കൊല്ലാന്‍ സുപ്രീം കോടതിവരെ പോകുകയും ചെയ്തു. ആ സ്ഥാനത്താണ് മായയും മര്‍ഫിയും താരങ്ങളായത്. ഇവരെ കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്.
മായ, മര്‍ഫിയും 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ബല്‍ജിയം മലിനോയിസ് എന്ന വിഭാഗത്തില്‍ പെട്ട നായകളാണ്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ദ്ധ പരിശീലനം നേടിയിട്ടുള്ള നായ്ക്കളാണ് മായയും മര്‍ഫിയും. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. എത്ര പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്.
ഇന്നലത്തെ നായ പരിശോധനയില്‍ എല്ല് കണ്ടെത്തിയിരുന്നു. ഇത് മനുഷ്യന്റെ എല്ല് അല്ലെന്നാണ് നിഗമനം. മനുഷ്യന്റെ എല്ലിനെക്കാള്‍ കട്ടിയുള്ള എല്ലാണ് കണ്ടെത്തിയത്. പശുവിന്റേതാണെന്നാണ് സംശയം. കൂടുതല്‍ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് ഇവിടെ പരിശോധന നടത്തുന്നത്.
നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണംപിടിച്ച് നിന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഈ ഭാഗങ്ങളെല്ലാം കുഴിച്ച് പരിശോധിക്കും. ഒരിടത്ത് പരിശോധിച്ചപ്പോഴാണ് എല്ല് കണ്ടെത്തിയത്. ഇത്തരത്തില്‍ മൂന്ന് സ്ഥലങ്ങള്‍ അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ഇത്തരത്തില്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങളിലെല്ലാം സംശയാസ്പദമായ സാഹചര്യത്തില്‍ ചെടികള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
നേരത്തെ പത്മയെയും റോസ്‌ലിനെയും കുഴിച്ചിട്ടിരുന്ന സ്ഥലങ്ങളിലും ഇത്തരത്തില്‍ മഞ്ഞള്‍ ചെടിയടക്കം നട്ടുവളര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങള്‍ പരിശോധിക്കേണ്ടിവരും. നേരത്തെ മൃതദേഹം കിട്ടിയ പറമ്പിലെ ഭാഗങ്ങളില്‍ പരിശോധന നടത്തില്ല. മറ്റ് സ്ഥലങ്ങളിലാകും പരിശോധന നടത്തുക. നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കൂടിയാലോചന നടത്തുകയാണ്. കുഴിയെടുക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.
പരിശീലനം ലഭിച്ച നായകളിലൊന്ന് ആദ്യം മണം പിടിച്ചെത്തി നിന്നത് മഞ്ഞള്‍ ചെടികള്‍ കൂടുതല്‍ നട്ടുവെച്ചിട്ടുള്ള ഭാഗത്താണ്. ഈ ഭാഗത്തെത്തിയപ്പോള്‍ നായ കുരക്കുകയും മണം പിടിക്കുകയും ചെയ്തതോടെയാണ് ഇവിടെ കുഴിയെടുത്ത് പരിശോധിക്കാന്‍ പൊലീസ് അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. ആദ്യ മൃതദേഹം കണ്ടെത്തിയ ഭാഗത്തും ഒരു നായ മണം പിടിച്ച് അല്‍പ്പനേരം നിന്നു. അതിന് ശേഷം ഒരു ചെമ്പകം വളര്‍ന്ന് നില്‍ക്കുന്ന ഭാഗത്തും നായ മണം പിടിച്ച് നിന്നു.
ഈ ഭാഗവും പൊലീസിന്റെ സഹായിയായ സോമന്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. നായ മണം പിടിച്ച് നില്‍ക്കുന്ന സ്ഥലത്ത് അടയാളങ്ങളിട്ട് ഇവിടേക്ക് പ്രതികളെയെത്തിച്ച് അന്വേഷണ സംഘം വിവരങ്ങള്‍ തേടുന്നുമുണ്ട്.
വന്‍ജനാവലിയാണ് ഇലന്തൂരില്‍ നരബലി നടന്ന വീട്ടില്‍ നായകളെ കാണാന്‍ തടിച്ചു കൂടിയത്. മൂന്ന് പ്രതികളുമായി അന്വേഷണ സംഘം വീട്ടിലെത്തിയപ്പോള്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധവുമുണ്ടായി. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹവും ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്.
ലൈലയേയും ഭഗവല്‍ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണ ഉദ്യാഗസ്ഥരോട് മുഖ്യ പ്രതി ഷാഫി സഹകരിക്കുന്നില്ല. ഇത് പൊലീസിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്.
https://www.facebook.com/Malayalivartha























