നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഗാന്ധി കുടുംബത്തിനും ചെന്നിത്തല കുടുംബത്തിനും കനത്ത വെല്ലുവിളിയായി ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമോയെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം; കേരളത്തില്‍ പലരും പരസ്യമായി തരൂരിന് അനുകൂലമായി രംഗത്തെത്തി; ക്യാപ്റ്റനാവാന്‍ തന്നെയാണ് തീരുമാനമെന്ന് തരൂര്‍

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നാളെയാണ്. 19 ന് ഫലം പ്രഖ്യാപിക്കും. ഖാര്‍ഗെയെ തോല്‍പ്പിച്ച് ശശി തരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റാകുമോയെന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ശശി തരൂര്‍ ആയതിനാലാണ് മലയാളികള്‍ക്കും താത്പര്യം. കേരളത്തില്‍ പലരും പരസ്യമായി തരൂരിന് അനുകൂലമായി രംഗത്തെത്തി.
ശശി തരൂര്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ അഭ്യര്‍ഥിച്ച് സംസ്ഥാനങ്ങളില്‍ പര്യടനത്തിലാണ്. ജയിക്കുമെന്ന് തന്നെയാണ് തരൂരിന്റെ വിശ്വാസം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദര്‍ശനങ്ങളോ മൂല്യങ്ങളോ ഒന്നും കാലഹരണപ്പെട്ടിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയിലാണ് വലിയ തോതില്‍ മാറ്റം വരേണ്ടതായിട്ടുള്ളത്. ഏത് പ്രസ്ഥാനവും ചില ഘട്ടങ്ങളില്‍ പഴഞ്ചനായി മാറും. അതിനെ നവീകരിക്കേണ്ട സമയം വരും. കോണ്‍ഗ്രസ് പാര്‍ട്ടിയെ കാലത്തിനനുസരിച്ച് നവീകരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ശ്രമിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
പാര്‍ട്ടി അംഗങ്ങള്‍ പക്ഷപാതിത്വപരമായി പെരുമാറുന്നുണ്ടോ എന്ന ചോദ്യത്തിന് മധ്യപ്രദേശ് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെക്ക് പിന്നിലാണ് അണിനിരന്നതെന്ന് തരൂര്‍ പറഞ്ഞു. ചില നേതാക്കള്‍ തന്നെ കാണുന്നതില്‍ നിന്ന് മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും തന്റെ യോഗങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുകയും ചെയ്തതായി തരൂര്‍ വ്യക്തമാക്കി.
രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ലഭിക്കുന്ന സ്വീകരണത്തില്‍ നിന്ന് തന്നെ പക്ഷപാതിത്വം ഉണ്ടെന്ന് ബോധ്യപ്പെടും. വെല്ലുവിളികളുണ്ടെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അസാധാരണമായ വിധത്തില്‍ ബൗണ്‍സുള്ള ഒരു പിച്ചിലാണ് ഞാന്‍ ബാറ്റ് ചെയ്യുന്നത്.
എന്നാല്‍ സാഹചര്യങ്ങള്‍ എത്ര മോശമാണെങ്കിലും നന്നായി ബാറ്റ് ചെയ്യാന്‍ തന്നെ ഞാന്‍ പരിശ്രമിക്കും. ഖാര്‍ഗെയ്ക്കും തനിക്കും ഒരേ ആദര്‍ശമാണ് ഉള്ളതെങ്കിലും പ്രവര്‍ത്തനരീതി വ്യത്യസ്തമാണ്. പാര്‍ട്ടി ഇത് വരെ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന അതേ രീതി പിന്തുടരാനാണ് ഖാര്‍ഗെ ശ്രമിക്കുന്നത്. എനിക്ക് ഖാര്‍ഗെയോട് ബഹുമാനമുണ്ട്. പഴയ രീതിയില്‍ തന്നെയാണ് 2004ലും 2009ലും നമ്മള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ ആ രീതിയും കാലഹരണപ്പെട്ട് കഴിഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ 8-9 മികച്ച നേതാക്കള്‍ പാര്‍ട്ടി വിട്ട് പോവുന്നത് നമ്മള്‍ കണ്ടു. പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്,
ഗാന്ധി കുടുംബം കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി കുടുംബത്തോട് ജനങ്ങള്‍ക്ക് വല്ലാത്ത സ്‌നേഹവും ബഹുമാനവും എക്കാലത്തുമുണ്ട്. ആ ഡിഎന്‍എ തന്നെയാണ് കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം ഗാന്ധി കുടുംബത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നത് മണ്ടത്തരം ആവുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും തരൂര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നേതാക്കളുടെ ബി.ജെ.പിയിലേക്കുള്ള പോക്കിന് തടയിടും. ഇതാണ് തന്റെ മുന്നിലുള്ള ആദ്യ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണച്ച ആളുകള്‍ ഗാന്ധി കുടുംബത്തിന് എതിരല്ല. അവര്‍ ഗാന്ധി കുടുംബത്തിന് എതിരാണെന്ന പ്രചാരണം തെറ്റാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഗാന്ധി കുടുംബം എപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ്. ആര് തെരഞ്ഞെടുപ്പില്‍ ജയിച്ചാലും അത് കോണ്‍ഗ്രസിന്റെ വിജയമാണെന്ന മനോഭാവത്തോടെയാണ് താനും ഖാര്‍ഗെയും കോണ്‍ഗ്രസ് പ്രസിഡന്റ് പദത്തിനായി മത്സരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
ഖാര്‍ഗെക്കൊപ്പം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഖാര്‍ഗെ എവിടെ പോകുമ്പോഴും മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തിനൊപ്പമുണ്ട്. എന്നാല്‍, താന്‍ എവിടെ പോവുമ്പോഴും സാധാരണ ജനങ്ങളാണ് കൂടെയുള്ളതെന്നും തരൂര്‍ പറഞ്ഞു. പുതിയ പ്രസിഡന്റിന് കീഴില്‍ കോണ്‍ഗ്രസ് വീണ്ടും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. 2024 പൊതുതെരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കുകയാണ് പുതിയ പ്രസിഡന്റിന് മുന്നിലുള്ള ദൗത്യം. ദേശീയതലത്തില്‍ സഖ്യം രൂപീകരിക്കുകയെന്നതും പാര്‍ട്ടിക്ക് മുന്നിലുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. യുവനേതാക്കളില്‍ നിന്നും തനിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ഖാര്‍ഗെ എന്റെ കൂടി നേതാവാണ്. ഞങ്ങള്‍ ശത്രുക്കളല്ല. കോണ്‍ഗ്രസിലെ മാറ്റത്തിന് വേണ്ടിയാണ് താന്‍ മത്സരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























