'കോൺഗ്രസിനുള്ളിൽ തന്നെ രാഹുൽ ഗാന്ധിയോട് ഈ വിഷയത്തിൽ ഒളിഞ്ഞും തെളിഞ്ഞും എതിർപ്പുകളുണ്ട്. ഭാവിയിൽ അത് കൂടുതൽ പ്രകടമാവുമെന്നും ഞാൻ കരുതുന്നു. രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇമേജ് കില്ലിംഗിന് മാധ്യമങ്ങൾ മുന്നിൽ നിൽക്കുന്നതും ഇക്കാരണം കൊണ്ടാണ്...' സംവിധായകൻ സനൽകുമാർ ശശിധരൻ കുറിക്കുന്നു

രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കനത്ത പിന്തുണയാണ് ലഭിച്ചുവരുന്നത്. എന്നാൽ ഇതിനെതിരെ പല ഭാഗത്ത് നിന്നും പല തരത്തിൽ വരുന്ന വാർത്തകളോട് പ്രതികരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. 'യാത്ര കേരളം കടന്നാൽ രാഹുൽ ഗാന്ധിയും വിരലിലെണ്ണാവുന്ന അനുയായികളും മാത്രമേ ബാക്കിയുണ്ടാകൂ എന്നായിരുന്നു മാധ്യമങ്ങൾ പടച്ചുവിട്ട നുണ. കർണാടകത്തിൽ ആളെ കൂട്ടാൻ നേതൃത്വം വിയർക്കുകയാണെന്നും അതേച്ചൊല്ലി അവിടെ കോൺഗ്രസ്സ് പാർട്ടിയിൽ ഭിന്നതയുണ്ടെന്നുമൊക്കെ വാർത്തകൾ വന്നു' എന്നും അദ്ദേഹം കുറിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
#bharatjodoyatra യാത്ര കർണാടകം കടക്കുമ്പോൾതന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ക്രിയാത്മകമായ മാറ്റത്തിനു വേണ്ടി ജനങ്ങൾ എത്രമാത്രം ആഗ്രഹിക്കുന്നു എന്നത് പ്രകടമായി കാണാം. യാത്ര കേരളം കടന്നാൽ രാഹുൽ ഗാന്ധിയും വിരലിലെണ്ണാവുന്ന അനുയായികളും മാത്രമേ ബാക്കിയുണ്ടാകൂ എന്നായിരുന്നു മാധ്യമങ്ങൾ പടച്ചുവിട്ട നുണ. കർണാടകത്തിൽ ആളെ കൂട്ടാൻ നേതൃത്വം വിയർക്കുകയാണെന്നും അതേച്ചൊല്ലി അവിടെ കോൺഗ്രസ്സ് പാർട്ടിയിൽ ഭിന്നതയുണ്ടെന്നുമൊക്കെ വാർത്തകൾ വന്നു.
എന്നാൽ കർണാടകത്തിൽ കണ്ട കാഴ്ച കേരളത്തിൽ നൽകിയതിനേക്കാൾ വലിയ ആവേശത്തോടെ ജനങ്ങൾ അതിനെ സ്വീകരിക്കുന്നതാണ്. അതെ, 'ജനങ്ങൾ' എന്നുതന്നെയാണ് പറയേണ്ടത്. യാത്രയിൽ അണിചേരുന്നത് കോൺഗ്രസ്സ് പ്രവർത്തകരോ അനുഭാവികളോ മാത്രമല്ല എന്നത് പ്രകടമായ യഥാർഥ്യമാണ്. കോൺഗ്രസ്സ് പാർട്ടിയെയും അതിന്റെ ചിഹ്നങ്ങളേയുമാണ് യാത്രക്ക് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധി ഉയർത്തിപിടിക്കുന്നത് എങ്കിലും അയാൾ ഉപയോഗിക്കുന്ന വാക്കുകൾ കൂടുതൽ ചേർന്നു നിൽക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയം എന്ന് വിളിക്കുന്ന, സമൂഹത്തിലെ അടിത്തട്ടിലെ മനുഷ്യരുടെ ജീവിതപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയത്തോടാണ്.
അയാൾ ഉറക്കെ പറയുന്നത് രാജ്യത്തിന്റെ സമ്പത്ത് ഏതാനും അതിസമ്പന്നരുടെ കൈകളിൽ കുമിഞ്ഞു കൂടുന്നതെക്കുറിച്ചാണ്. പ്രത്യക്ഷത്തിൽ ഇടതുപക്ഷപാർട്ടികൾ പോലും ഇന്ന് ഇങ്ങനെ സംസാരിക്കുന്നില്ല എന്നതാണ് വസ്തുത. കോൺഗ്രസിനുള്ളിൽ തന്നെ രാഹുൽ ഗാന്ധിയോട് ഈ വിഷയത്തിൽ ഒളിഞ്ഞും തെളിഞ്ഞും എതിർപ്പുകളുണ്ട്. ഭാവിയിൽ അത് കൂടുതൽ പ്രകടമാവുമെന്നും ഞാൻ കരുതുന്നു. രാഹുൽ ഗാന്ധിക്കെതിരെയുള്ള ഇമേജ് കില്ലിംഗിന് മാധ്യമങ്ങൾ മുന്നിൽ നിൽക്കുന്നതും ഇക്കാരണം കൊണ്ടാണ്. ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങളെ നയിക്കുന്നത് കുത്തകകളായതിനാൽ അവർക്ക് രാഹുൽ ഗാന്ധി ഉയർത്തുന്ന രാഷ്ട്രീയ പോർവിളി ഒരു വലിയ പ്രശ്നം തന്നെയാണ്.
ഭാരത് ജോഡോ യാത്ര പ്രതീക്ഷിച്ചതിനെക്കാൾ വലിയ വിജയമാണെങ്കിലും അത് അർഹിക്കുന്ന പരിഗണനയോടെ ജനങ്ങളിൽ എത്തുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. യാത്രയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവർ മാത്രമാണ് അതേക്കുറിച്ചുള്ള വാർത്തകൾ അറിയുന്നത്. തുടക്കത്തിൽ വിവാദങ്ങൾ ഉയർത്തി യാത്രയുടെ നിറം കെടുത്താൻ ശ്രമിച്ച ബിജെപി അവരുടെ ഉദ്യമങ്ങൾ ജോഡോ യാത്രയ്ക്ക് കൂടുതൽ പരസ്യമുണ്ടാക്കുന്നു എന്നു കണ്ടപ്പോൾ അതിനെ അവഗണിച്ചു. എന്തായാലും രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സ് പാർട്ടിക്കും അളക്കാനാവാത്ത കരുത്ത് നൽകുന്ന ഒന്നുതന്നെയായി ഈ യാത്ര മാറുമെന്ന കാര്യത്തിൽ സംശയമില്ല. രാഹുൽ ഗാന്ധി ഈ കാൽനടയാത്രയിലൂടെ ഇന്ത്യയെ കണ്ടെത്തുക മാത്രമല്ല ഇന്ന് ഇന്ത്യയ്ക്ക് ആവശ്യമുള്ള രാഷ്ട്രീയത്തെ തിരിച്ചറിയുകയും ചെയ്യും.
https://www.facebook.com/Malayalivartha























