അദൃശ്യരായ പ്രതികൾ ഇനിയും... ശ്രീദേവി'യുടെ ചാറ്റ് ഹിസ്റ്ററി തോണ്ടിയെടുക്കാൻ പോലീസ്: ഫോൺ നശിപ്പിച്ച പ്രതി നരബലിയുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള സ്റ്റോറേജ് സംവിധാനങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് സംശയം

ഇലന്തൂർ ഇരട്ട നരബലിയിലേയ്ക്ക് കാര്യങ്ങളെത്തിച്ച 'ശ്രീദേവി' എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ചാറ്റ് ഹിസ്റ്ററി പുറംതോണ്ടിയെടുക്കാൻ ഒരുങ്ങി അന്വേഷണ സംഘം. ഇതിനായി ഫെയ്സ്ബുക്കിന് കേരള പോലീസ് ഔദ്യോഗികമായി കത്ത് നല്‍കും. സൈബര്‍ സെല്ലിന്റെ സഹായത്തോടെ 'ശ്രീദേവി' എന്ന വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പ്രതി മുഹമ്മദ് ഷാഫിയുടെ നിഗൂഢ ഇടപാടുകള്‍ പുറത്തുകൊണ്ടുവരാനായിരിക്കും പോലീസിന്റെ ശ്രമം. നരബലിയില്‍ ഷാഫിക്ക് പുറമേ അദൃശ്യരായ പ്രതികളുണ്ടോയെന്ന സംശയത്തിനുള്ള ഉത്തരമാകും സൈബര്‍ സംഘത്തിന്റെ തെളിവെടുപ്പ്.
കേരള മനഃസാക്ഷിയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഇരട്ട നരബലിയടക്കം കുറ്റകൃത്യങ്ങളുടെ വിവരങ്ങളിലേക്ക് പോലീസിനെത്താന്‍ സഹായിക്കുന്ന വലിയ തെളിവാണ് മുഹമ്മദ് ഷാഫിയുടെ ഫോണ്‍. ഇത് നശിപ്പിച്ചെന്നാണ് മൊഴി. പക്ഷേ, പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇനി നശിപ്പിച്ചാലും ചാറ്റ് വിവരങ്ങള്‍ കണ്ടെത്തിയാല്‍ അത് ശക്തമായ തെളിവാകും. ഫെയ്സ്ബുക്ക്, ജി മെയില്‍ അക്കൗണ്ടുകളുടെ പാസ്‌വേഡ്, വാട്സാപ്പ് ഉപയോഗിച്ചിരുന്നെങ്കില്‍ അതിലെ ചാറ്റ് വിവരങ്ങള്‍ തുടങ്ങിയവയാകും സൈബര്‍സെല്‍ ശേഖരിക്കാന്‍ ശ്രമിക്കുക.
നരബലിയുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഷാഫിയുടെ ഫോണില്‍ ഇല്ലെന്നാണ് നിഗമനമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഫോട്ടോ, വീഡിയോ എന്നിവ ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള സ്റ്റോറേജ് സംവിധാനങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനായേക്കും. താനും ഷാഫിയുമായി വീട്ടില്‍ വഴക്കുണ്ടായെന്നും അതിനിടെ ഫോണ്‍ നശിപ്പിച്ചെന്നുമാണ് മുഹമ്മദ് ഷാഫിയുടെ ഭാര്യ നഫീസ നല്‍കിയ മൊഴി. ഷാഫിയും ഇതേമൊഴി ആവര്‍ത്തിക്കുകയായിരുന്നു. രണ്ട് മൊഴികളും പോലീസ് വിശ്വസിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പ്രതികളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചു മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങൾ, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും. പത്മയെയും റോസിലിയെയും കൊലപ്പെടുത്താൻ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളിൽ എത്തിച്ച് ഇന്നും തെളിവെടുപ്പ് നടത്തും.
ഇരകളെ കൊന്ന് നരഭോജനം നടത്തിയെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഭഗവൽസിങ്ങൊഴികെ രണ്ടുപേരും മനുഷ്യമാംസം കറിവെച്ച് കഴിച്ചു. പ്രഷർ കുക്കറിലാണ് പാചകം ചെയ്തത്. നരബലി നടന്ന വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ മനുഷ്യമാസം സൂക്ഷിച്ചതിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളിൽ രക്തകറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറിൽ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. ഫ്രിഡ്ജിലെ ഫ്രീസറിൽ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റി.
ഷാഫിയുടെ വിരലടയാളവും സംഭവസ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടത്തിയ മുറിയുടെ ചുവരിൽ നിന്ന് പുതിയതും പഴയതുമായ രക്തക്കറകളും കണ്ടെത്തി.. തെളിവെടുപ്പിൽ ഉടനീളം ഷാഫിക്ക് ഒരു കൂസലും ഉണ്ടായിരുന്നില്ല. നരബലി നടന്ന വീട്ടുവളപ്പിൽ പൊലീസ് എട്ട് മണിക്കൂർ നീണ്ട പരിശോധനയാണ് നടത്തിയത്.എന്നാൽ ഇനിയൊരു മൃതദേഹാവശിഷ്ടം ഉണ്ടാവാനുള്ള സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. എങ്കിലും തെളിവെടുപ്പിന് എത്തിയപ്പോൾ പൊലീസിന് കൈസഹായമായി നിന്ന സോമൻ ഇപ്പോഴും പോലീസിനൊപ്പം നരബലി നടന്ന വീട്ടിലുണ്ട്. ദുർമരണപ്പെട്ട പത്മത്തിന്റെയും റോസ്ലിന്റെയും മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തതും സോമനാണ്.
ഇന്നലെ പ്രത്യേക അന്വേഷണ സംഘം പ്രതികളുമായി ഇലന്തൂരിൽ എത്തുന്നതിന് മുമ്പ് തന്നെ സോമനെ പൊലീസ് ഇവിടെ എത്തിച്ചിരുന്നു. കൃത്യം നടന്ന വീടിന് സമീപത്തെ പറമ്പിൽ പൊലീസ് നായകൾ സംശയാസ്പദമായ രീതിയിൽ മണം പിടിച്ച ഭാഗങ്ങളെല്ലാം സോമൻ കമ്പി പാര ഉപയോഗിച്ച് ഒന്നര അടിയോളം താഴ്ചയിൽ കുഴിച്ചു നോക്കിയെങ്കിലും കാര്യമായ തെളിവുകൾ കിട്ടിയില്ല. പരിശോധനകൾ തീരും വരെ ആഹാരം പോലും വെടിഞ്ഞ് വെള്ളം മാത്രം കുടിച്ചായിരുന്നു സോമന്റെ ജോലികൾ. പ്രതികളെ വീണ്ടും ചോദ്യംചെയ്ത ശേഷം ഈ ഭാഗങ്ങളിൽ കൂടുതൽ പരിശോധന നടത്തുന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കും.
https://www.facebook.com/Malayalivartha























