എതിരാളിയെ ഇല്ലാതാക്കാൻ തീരുമാനിച്ചാൽ അത് പൂർണമായും നടപ്പാക്കുന്നത് വരെ വിശ്രമിക്കില്ല; യതൊരു ദയാദാക്ഷിണ്യവും ഇല്ലാത്ത നേതാവാണ് പിണറായി വിജയൻ...ക്രൂരൻ! മുഖ്യനെക്കുറിച്ച് രാഷ്ട്രീയ എതിരാളി കെ സുധാകരൻ

ബിജെപി പിണറായിയെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും, തനിക്ക് മുഖ്യനുമായി യാതൊരു വ്യക്തി ബന്ധങ്ങളുമില്ലെന്നും പ്രതികരിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റെ പ്രതികരണം. പിണറായി വിജയൻ ക്രൂരനായ നേതാവാണെന്നും അദ്ദേഹവുമായി ഒരിക്കലും വിട്ട് വീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും സുധാകരൻ പറയുന്നു. പിണറായി വിജയൻ തന്റെ രാഷ്ട്രീയ എതിരാളിയാണ്. കോളേജ് കാലം മുതൽക്കെ ഞങ്ങൾ രണ്ട് പേരും വ്യത്യസ്ത രാഷ്ട്രീയ ചേരിയിൽ പ്രവർത്തിച്ച ആളുകളാണ്. അതിപ്പോഴും തുടരുന്നു. ഞങ്ങൾ രണ്ട് പേരും തമ്മിലുള്ളത് ഈഗോ പ്രശ്നമല്ല. അദ്ദേഹത്തിന് കഴിയുന്നത് അദ്ദേഹം ചെയ്യട്ടെ, തനിക്ക് കഴിയുന്നത് താന്‍ ചെയ്യും.
പിണറായിയിൽ എന്തെങ്കിലും നല്ല ഗുണങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, വളരെ മൂർച്ചയേറിയ വിവേകിയാണ് പിണറായിയെന്ന് അദ്ദേഹം പറയുന്നു. ഒരു തീരുമാനമെടുത്താൽ അത് നടപ്പാക്കുന്നതിനായി ഏതറ്റം വരെയും അദ്ദേഹം പോകും. നല്ല കഠനാധ്വാനിയുമാണ് അദ്ദേഹം. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അദ്ദേഹം എപ്പോഴും മുന്നിൽ നിന്ന് നയിക്കും. പിണറായി വിജയൻറെ പാർട്ടിയോടുള്ള ആത്മാർത്ഥത എന്നത് തീർച്ചയായും ഒരു മുതൽകൂട്ടാണ്. എതിരാളിയെ ഇല്ലാതാക്കാൻ തീരുമാനിച്ചാൽ അത് പൂർണമായും നടപ്പാക്കുന്നത് വരെ അദ്ദേഹം വിശ്രമിക്കില്ല, അത് പാർട്ടിയിലെ തന്നെ ആളുകളോടാണെങ്കിലും പുറത്താണെങ്കിലും എന്ന് സുധാകരൻ പറയുന്നു. അതേ സമയം പിണറായിയുടെ മോശം സ്വഭാവം എന്താണെന്ന ചോദ്യത്തിന് അദ്ദേഹം വളരെ ക്രൂരനാണെന്നായിരുന്നു സുധാകരന്റെ മറുപടി.
യതൊരു ദയാദാക്ഷിണ്യവും ഇല്ലാത്ത നേതാവാണ് പിണറായി വിജയൻ. പിണറായി വിജയൻ ചെയ്യുന്നതൊന്നും ആരും ചോദ്യം ചെയ്യില്ല. ആരോഗ്യ മന്ത്രിയായിട്ടുള്ള കെകെ ശൈലജയുടെ പ്രവർത്തനം വളരെ അധികം അംഗീകരിക്കപ്പെട്ടിട്ടും അവരെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ല? എന്തുകൊണ്ടാണ് മാഗ്സസെ അവാർഡ് വാങ്ങാൻ അവരെ അനുവദിക്കാതിരുന്നത്? ഇതൊന്നും എന്തുകൊണ്ടാണ് മാധ്യമങ്ങൾ പിണറായിയോട് ചോദ്യമുയർത്താതിരുന്നത്?
മാധ്യമങ്ങൾക്ക് പോലും അദ്ദേഹത്തെ ഭയമാണ്. അവർക്ക് അറിയാം തനിക്കെതിരെ തിരിയുന്നവർക്കെതിരെ ഏതറ്റം വരെയും പിണറായി പ്രവർത്തിക്കുമെന്ന്, സുധാകരൻ പറഞ്ഞു. തനിക്ക് പിണറായിയുമായി വ്യക്തിപരമായി യാതൊരു ബന്ധവുമില്ല. ഞാൻ വരുന്നത് കണ്ടാൽ അദ്ദേഹം മറ്റൊരു വഴിക്ക് പോകും. പക്ഷെ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോയപ്പോള്‍ എന്നെ കണ്ട് അദ്ദേഹം എഴുന്നേറ്റിരുന്നു. ഇത് മനുഷ്യത്വ പരമായ ഇടപെടലായിരുന്നു. ഞാൻ തിരിച്ച് പോകാറായപ്പോഴും അദ്ദേഹം എഴുന്നേറ്റു. താനും അതിന് അനുസരിച്ച് തന്നെയാണ് അദ്ദേഹത്തോട് പെരുമാറിയതെന്നും സുധാകരൻ പറയുന്നു.
പിണറായി വിജയനുമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. ബി ജെ പി പിണറായിയെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ. എന്തുകൊണ്ടാണ് പിണറായി വിജയനെതിരെ ഇഡി ഒരു കേസ് പോലും എടുക്കാതിരുന്നത്? ഇതുവരെ എന്തെങ്കിലും കേസ് പിണറായിക്കെതിരെ എടുക്കാൻ ഇഡി തയ്യാറായിരുന്നോ? എന്നും സുധാകരൻ ചോദിക്കുന്നു. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനുമായി തനിക്ക് നല്ല ബന്ധമാണെന്നും സുധാകരൻ പറഞ്ഞു. വളരെ ജെനുവിനായ വ്യക്തിയാണ് അദ്ദേഹം. ഗോവിന്ദൻമാഷിന്റെ മകൻ തന്നെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. എന്നാൽ വരില്ലെന്ന് താൻ പറഞ്ഞു. താൻ പങ്കെടുക്കുന്നത് ഗോവിന്ദൻമാഷിന് ഇഷ്ടമാകില്ലെന്ന് പറഞ്ഞു. എന്നാൽ അച്ഛൻ താങ്കളെ പ്രതീക്ഷിക്കുന്നുണ്ടെന്നായിരുന്നു മകന്റെ പ്രതികരണം. അങ്ങനെയെങ്കിൽ അച്ഛനോട് എന്നെ നേരിട്ട് ക്ഷണിക്കാൻ പറയൂ എന്ന് ഞാൻ പറഞ്ഞു.
പിറ്റേന്ന് രാവിലെ മാഷ് തന്നെ വിളിച്ച് കല്യാണത്തിന് വരാൻ ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണന്റെ മക്കൾ തന്നെ കാണുമ്പോൾ എപ്പോഴായാലും ഓടി വരാറുണ്ടെന്നും ഇരുവരെ തന്നെ അങ്കിൾ എന്നാണ് വിളിക്കാറുള്ളതെന്നും സുധാകരൻ പറഞ്ഞു. മുസ്ലീം ലീഗിലെ നേതാക്കള്‍ ഇടത് ക്യാമ്പിലേക്ക് പോകുമോ എന്ന ചോദ്യത്തിന് ഒരിക്കലും അങ്ങനെ സംഭവിക്കില്ലെന്നായിരുന്നു കെ സുധാകരന്റെ മറുപടി. കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫിനെതിരെ സംസാരിക്കാന്‍ മടിക്കുന്നുണ്ടല്ലോ എന്ന ചോദ്യവും അഭിമുഖത്തിലുണ്ടായി. ഇതിന്, കുഞ്ഞാലിക്കുട്ടിയുടെ തലയ്ക്ക് മുകളില്‍ ഒരു വാള്‍ തൂങ്ങിക്കിടക്കുന്നുണ്ടെന്നും, എന്നാല്‍ അദ്ദേഹം ഒരിക്കലും കൂറുമാറില്ലെന്നുമായിരുന്നു സുധാകരന്റെ മറുപടി. കുഞ്ഞാലിക്കുട്ടിയെയും ഒപ്പമുള്ളവരെയും തനിക്ക് വ്യക്തിപരമായി അറിയാമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























