പൗരന്റെ മൗലികാവകാശമാണ് കോടതി വിധിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം; ഏതെങ്കിലും വിധി തെറ്റാണെന്ന് തോന്നിയാൽ അതു പറയാനുള്ള സ്വാതന്ത്ര്യം 'പ്രജയുടെ' അടിമത്തത്തെയല്ല, മറിച്ച് 'പൗരന്റെ' ഭരണഘടനാ ദത്തമായ അവകാശത്തെയാണ് കാണിക്കുന്നത്; തിരിച്ചൊന്നും പറയാൻ ആളില്ലാത്തിടത്ത് നമുക്ക് എന്തും വിളിച്ചു പറയാം; പക്ഷെ, ഭരണഘടനയെ കുറിച്ച് പ്രഭാഷണം നടത്തുന്നതിന് മുൻപ് അതിനെക്കുറിച്ച് അല്പമെങ്കിലും നാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്; അടിസ്ഥാനപരമായ അര ഡസൻ അബദ്ധങ്ങൾ തിരുത്തി ശ്രീജിത്ത് പണിക്കർ

തിരിച്ചൊന്നും പറയാൻ ആളില്ലാത്തിടത്ത് നമുക്ക് എന്തും വിളിച്ചു പറയാം. പക്ഷെ, ഭരണഘടനയെ കുറിച്ച് പ്രഭാഷണം നടത്തുന്നതിന് മുൻപ് അതിനെക്കുറിച്ച് അല്പമെങ്കിലും നാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അടിസ്ഥാനപരമായ അര ഡസൻ അബദ്ധങ്ങൾ തിരുത്തിത്തരാമെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
[1] പൗരന്റെ മൗലികാവകാശമാണ് നിരായുധനായി സംഘം ചേരാനുള്ള സ്വാതന്ത്ര്യം. നാമജപ ഘോഷയാത്ര നടത്താനുള്ള സ്വാതന്ത്ര്യം 'പ്രജയുടെ' അടിമത്തത്തെയല്ല, മറിച്ച് 'പൗരന്റെ' ഭരണഘടനാ ദത്തമായ അവകാശത്തെയാണ് കാണിക്കുന്നത്.
[2] നിരായുധനായി സംഘം ചേരുകയെന്ന മൗലികാവകാശത്തിൽ പെടുന്നതാണ് സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം 'പ്രജയുടെ' അടിമത്തത്തെയല്ല, മറിച്ച് 'പൗരന്റെ' ഭരണഘടനാ ദത്തമായ അവകാശത്തെയാണ് കാണിക്കുന്നത്.
[3] പൗരന്റെ മൗലികാവകാശമാണ് കോടതിവിധിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം. ഏതെങ്കിലും വിധി തെറ്റാണെന്ന് തോന്നിയാൽ അതു പറയാനുള്ള സ്വാതന്ത്ര്യം 'പ്രജയുടെ' അടിമത്തത്തെയല്ല, മറിച്ച് 'പൗരന്റെ' ഭരണഘടനാ ദത്തമായ അവകാശത്തെയാണ് കാണിക്കുന്നത്.
[4] പൗരന്റെ മൗലികാവകാശമാണ് കോടതി വിധിക്കെതിരെ അപ്പീൽ പോകാനുള്ള സ്വാതന്ത്ര്യം. ശബരിമല വിധി തെറ്റെന്ന് തോന്നിയാൽ അതിന്മേൽ തുടർ നിയമനടപടികൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം 'പ്രജയുടെ' അടിമത്തത്തെയല്ല, മറിച്ച് 'പൗരന്റെ' ഭരണഘടനാ ദത്തമായ അവകാശത്തെയാണ് കാണിക്കുന്നത്.
[5] പൗരന്റെ മൗലികാവകാശമാണ് മതസ്വാതന്ത്ര്യം. ശബരിമലയിൽ ഉൾപ്പടെ, 'നിഷ്കർഷിത മതനിഷ്ഠപ്രകാരം' ആചാരങ്ങൾ അനുവർത്തിക്കാനുള്ള സ്വാതന്ത്ര്യം 'പ്രജയുടെ' അടിമത്തത്തെയല്ല, മറിച്ച് 'പൗരന്റെ' ഭരണഘടനാ ദത്തമായ അവകാശത്തെയാണ് കാണിക്കുന്നത്.
[6] എല്ലാ മൗലികാവകാശങ്ങളും ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണ്. തുല്യതയ്ക്കു താഴെയാണ് മതസ്വാതന്ത്ര്യം എന്നൊന്നും എങ്ങും പറഞ്ഞിട്ടില്ല. ശബരിമല വിധി പുനഃപരിശോധനയ്ക്ക് വന്നപ്പോൾ കോടതി പരിഗണിച്ച വിഷയങ്ങളിലൊന്ന് അതായിരുന്നു. അതുകൊണ്ടാണ് ഈ വിഷയവും ഭരണഘടനാ ധാർമികതയുമൊക്കെ പരിശോധിക്കാൻ വിശാലബെഞ്ച് അനിവാര്യമായി വന്നത്.
തിരിച്ചൊന്നും പറയാൻ ആളില്ലാത്തിടത്ത് നമുക്ക് എന്തും വിളിച്ചു പറയാം. പക്ഷെ, ഭരണഘടനയെ കുറിച്ച് പ്രഭാഷണം നടത്തുന്നതിന് മുൻപ് അതിനെക്കുറിച്ച് അല്പമെങ്കിലും നാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. വേണമെങ്കിൽ നമുക്ക് ഒരു ചർച്ച കൂടിയാവാം; പൗരത്വഭേദഗതി നിയമ ചർച്ചയുടെ ഓർമ്മകൾ ഇപ്പോഴും അലട്ടുന്നില്ലെങ്കിൽ മാത്രം...
https://www.facebook.com/Malayalivartha

























