ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ തിരുവനന്തപുരത്ത് പട്ടിപിടിത്തം തുടങ്ങി

ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍, നഗരത്തില്‍ നിന്ന് തെരുവു നായ്ക്കളെ പിടികൂടി തുടങ്ങി. നായ്ക്കളെ പിടികൂടുന്നതിന് രണ്ടു സംഘങ്ങളുണ്ട്. ഇതുവരെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയമാക്കാത്ത തെരുവു നായ്ക്കളെ പിടികൂടാനുള്ളതാണ് ആദ്യസംഘം. പ്രാഥമിക പരിശോധനയില്‍ പേവിഷബാധ, മാരക രോഗം എന്നിവയുണ്ടെന്ന് കണ്ടെത്തുന്നവയെ പിടികൂടുന്ന സംഘമാണ് രണ്ടാമത്തേത്. വന്ധ്യംകരണത്തിനായി പതിനഞ്ചോളം നായ്ക്കളെ പിടികൂടിക്കഴിഞ്ഞു. കലക്ടറേറ്റ് പരിസരത്തു നിന്നാണ് കൂടുതല്‍ നായ്ക്കളെ പിടികൂടിയത്.
പേവിഷബാധ, രോഗം എന്നിവ സംശയിക്കുന്ന നായ്ക്കളെ രണ്ടു മൂന്നു ദിവസം നീരീക്ഷിച്ച ശേഷം സ്ഥിരീകരിച്ചാല്‍ തുടര്‍ നടപടി കൈക്കൊള്ളും. അത്തരത്തില്‍ വളരെ കുറച്ചു നായ്ക്കളെ മാത്രമേ ഇന്നലെ കണ്ടത്തൊന്‍ കഴിഞ്ഞുള്ളൂ. എന്നാല്‍, നായ്ക്കളെ പിടികൂടുന്ന രീതിയോട് പലയിടത്തും എതിര്‍പ്പുണ്ടായിട്ടുണ്ട്. നായ് സ്‌നേഹത്തിന്റെ പേരില്‍ എതിര്‍പ്പുമായി രംഗത്തെത്തുന്നവരും തലവേദന സൃഷ്ടിക്കുന്നു.
തെരുവുനായ ശല്യം ഒഴിവാക്കാന്‍ കര്‍ശന നടപടിയെടുക്കാന്‍ ക്രിയാത്മക നടപടിയുമായി കലക്ടര്‍ അധ്യക്ഷനായ കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രംഗത്തെത്തിയത്, തദ്ദേശ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും മൃഗക്ഷേമ ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ.് സര്‍ക്കാര്‍ ഉത്തരവുകളുടെയും കോടതി നിര്‍ദേശങ്ങളുടെയും പേരു പറഞ്ഞു കോര്‍പറേഷന്‍ മുന്‍ ഭരണസമിതി അഞ്ചു കൊല്ലം ഉഴപ്പിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കോടതി നിര്‍ദേശം വന്ന് അടുത്ത ദിവസം നായ്ക്കളെ പിടികൂടുന്ന സംഘം തെരുവിലിറങ്ങിയത്, തെരുവുനായ ശല്യത്തില്‍ നിന്നു മോചനമുണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് ജീവന്‍ വച്ചിട്ടുണ്ട്.
തെരുവുനായ്ക്കളെ സംരക്ഷിക്കാനും നിരീക്ഷിക്കാനും തിരുവല്ലത്തും പേട്ടയിലുമാണ് രണ്ട് ഡോഗ് ഷെല്‍ട്ടര്‍ ഹൗസുകളുള്ളത്. പിടികൂടുന്ന നായ്ക്കളെ പാര്‍പ്പിക്കുന്നതിനു തിരുവല്ലത്ത് കോര്‍പറേഷന്റെ മൃഗാശുപത്രിയോടു ചേര്‍ന്നുള്ള ഷെല്‍ട്ടര്‍ ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പേട്ട മൃഗാശുപത്രിയില്‍ രണ്ട് ഷിഫ്റ്റുകളായാണ് വന്ധ്യംകരണം നടത്താന്‍ ഉദ്ദേശിക്കുന്നത്്്.
ഇതിനായി രണ്ടു ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം. വന്ധ്യംകരിച്ചതിനു ശേഷം നായ്ക്കളെ പിടികൂടിയ സ്ഥലത്തുതന്നെ വിടും. താല്‍പര്യമുള്ളവര്‍ക്ക് ഷെല്‍റ്റര്‍ ഹൗസ് നിര്‍മിച്ചു തെരുവുനായ്ക്കളെ സംരക്ഷിക്കാനും അനുമതിയുണ്ട്. ഇതിനായി കോര്‍പറേഷന്‍ സെക്രട്ടറിയുമായി ബന്ധപ്പെടണം. അപകടകാരികളായ നായ്ക്കളെ സംബന്ധിച്ചു 96059 62471 എന്ന നമ്പറില്‍ വിവരം അറിയിക്കാം. പേ വിഷബാധയുള്ള നായ്ക്കളെ കൊല്ലുമ്പോള്‍, അവയുടെ പോസ്റ്റുമോര്‍ട്ടം നടത്തും.
പൂന്തുറയില്‍ സ്‌കൂള്‍ വളപ്പില്‍ കയറി പാച്ചല്ലൂര്‍ സ്വദേശിയായ യുകെജി വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചുകുടഞ്ഞതോടെയാണ് ഇവയുടെ ശല്യം ഒഴിവാക്കണമെന്ന ആവശ്യം തലസ്ഥാനത്ത് ഉയര്‍ന്നത്. ശേഷം, പ്രഭാത സവാരിക്കിറങ്ങിയവരും രാത്രി വൈകി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയവരും ഉള്‍പ്പെടെ നൂറു കണക്കിന് പേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായി. ബൈക്ക് യാത്രക്കാരായിരുന്നു മറ്റൊരു ഇര. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാന്‍ തീരുമാനങ്ങള്‍ പലതവണ ഉണ്ടായെങ്കിലും, കോര്‍പറേഷന്‍ മുന്‍ ഭരണസമിതി ക്രിയാത്മക നടപടി കൈക്കൊണ്ടിരുന്നില്ല. പ്രതിഷേധം ശക്തമായപ്പോള്‍, ഹൈദരാബാദ് ആസ്ഥാനമായ ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷനലിനെ തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്താന്‍ ഏല്‍പ്പിച്ചു.
എന്നിട്ടും, തെരുവുനായശല്യത്തിന് അറുതിവരുത്താനായില്ല. തെരുവുനായ്ക്കളെ പിടികൂടുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് ഹൈേേക്കാടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും, അതിലേക്ക് ഒരു മേല്‍നോട്ട സമിതിക്ക് രൂപം നല്‍കുമെന്നും കോര്‍പറേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അധ്യക്ഷന്‍ കലക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു. പ്രായോഗികവും യുക്തിസഹവുമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് എബിസി നിയമം പുതുക്കണമെന്ന് ഫ്രാറ്റ് ആവശ്യപ്പെട്ടു.
ഡോഗ് ഷെല്‍ട്ടര്‍ തിരുവല്ലത്തു നിന്നു മാറ്റി സിവില്‍ സ്‌റ്റേഷന്‍ പരിസരത്താക്കണമെന്നു വി. ശിവന്‍കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. ചുരുങ്ങിയ ദിവസത്തെ ഭരണാധികാരമുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ധൃതിപിടിച്ചു തീരുമാനമെടുക്കുന്നതിനു പകരം വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha