കോട്ടകള്‍ ഇളകില്ല; യു.ഡി.എഫ് ആത്മവിശ്വാസത്തില്‍ ; തദ്ദേശ പോരില്‍ വിജയം 2010 ആവര്‍ത്തിക്കും

മൂന്നാഴ്ച നീണ്ട പ്രചാരണത്തിനും വോട്ടെടുപ്പിനും ശേഷം ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ മുന്നണികളും സ്ഥാനാര്‍ത്ഥികളും ആത്മവിശ്വാസത്തില്‍. രണ്ടുഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 77.35 ശതമാനം വോട്ടര്‍മാരാണ് ജനഹിതം രേഖപ്പെടുത്തിയത്. കേരത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയതും ഇത്തവണയാണ്. പോളിങ് ശതമാനം ഉയരുമ്പോഴെല്ലാം അത് യു.ഡി.എഫിന് ഗുണകരമാകുന്ന സാഹചര്യമാണ് കഴിഞ്ഞ കുറെകാലങ്ങളായി കേരളത്തിന്റെ പതിവ്. ഇത്തവണയും അത് തെറ്റിക്കില്ല എന്നുതന്നെയാണ് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നത്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവര്‍ത്തനമാകും ഇന്നും സംഭവിക്കുകയെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയം ഭരണതുടര്‍ച്ചയ്ക്കുള്ള അംഗീകാരമാകും എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെയാണ് ഈ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ നാലരവര്‍ഷത്തെ ഭരണത്തിലൂടെ സാധാരണക്കാരുടെ ആവശ്യങ്ങള്‍- വികസനവും കരുതലും എന്ന മുദ്രാവാക്യത്തിലൂടെ ലഭ്യമാക്കാന്‍ കഴിഞ്ഞു എന്നത് സര്‍ക്കാരിന് നേട്ടമായി. അരുവിക്കര ഉപതെരഞ്ഞെടുപ്പ് വിജയം പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവും ഒട്ടും കുറവല്ല. അതുകൊണ്ടുതന്നെ 2010ലെ വിജയം ആവര്‍ത്തിക്കും എന്ന് യു.ഡി.എഫ് ഉറപ്പിച്ചു പറയുന്നു. യു.ഡി.എഫിന്റെ ഉറച്ചകോട്ടകളായ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകള്‍ ഇത്തവണയും യു.ഡി.എഫിന് ഒപ്പം നില്‍ക്കും. ഇവയ്ക്കുപുറമെ വടക്കന്‍ ജില്ലകളിലും യു.ഡി.എഫ് ഇത്തവണ കൂടുതല്‍ നേട്ടമുണ്ടാക്കും. തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകള്‍ ഇത്തവണ പിടിച്ചെടുക്കാമെന്നും, കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകള്‍ നിലനിര്‍ത്തുമെന്നും, കോഴിക്കോട് നേരിയ ഭൂരിപക്ഷം നേടുമെന്നും യു.ഡി.എഫ് തറപ്പിച്ചു പറയുന്നു. പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍.ഡി.എഫ് പോലും ഒരു പ്രതീക്ഷയും വയ്ക്കുന്നില്ല. പുതിയതായി രൂപീകരിച്ച 28എണ്ണമടക്കം അമ്പതിലധികം മുനിസിപ്പാലിറ്റകളും പത്തു ജില്ലാപഞ്ചായത്തുകളും യു.ഡി.എഫ് പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളില്‍ ഭൂരിഭാഗവും ഇത്തവണയും യു.ഡി.എഫിനൊപ്പം നിലനില്‍ക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.
അതേസമയം കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷകളത്രയും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കുമെന്ന് പറയുന്നുണ്ടെങ്കിലും എവിടെനിന്ന് നേട്ടംകൊയ്യുമെന്ന് പ്രതീക്ഷയില്ല. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക നേതൃത്വം നല്‍കിയ കണക്കുകള്‍ പാളിയതും ഇടതുമുന്നണിയെ വലയ്ക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തിനുമപ്പുറം സി.പി.എമ്മിനും ഇതുമുന്നണിക്കും നിരവധി പ്രശ്‌നങ്ങളെയാണ് ഇത്തവണ നേരിടേണ്ടിവരിക എന്നതും ശ്രദ്ധേയമാണ്. കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറിയായശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. ആദ്യം നടന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിടേണ്ടിവന്നിരുന്നു. ഈ തെരഞ്ഞെടുപ്പിലും പരാജയംനേരിട്ടാല്‍ അത് പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിന് ക്ഷീണമാകും. നിയമസഭാ തെരഞ്ഞെടുപ്പിലെ നേതാവിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ വി.എസ് അച്യുതാനന്ദന് ലഭിച്ച സ്വീകാര്യതയുടെ പരീക്ഷണ വേദിയും ഈ തെരഞ്ഞെടുപ്പ് തന്നെ. ആലപ്പുഴ പോലുള്ള ജില്ലകളില്‍ ഏറെ സ്വാധീനമുള്ള എസ്.എന്‍.ഡി.പി യോഗവുമായി സി.പി.എമ്മിനുണ്ടായ അകല്‍ച്ചയും, വെള്ളാപ്പള്ളി നടേശനെതിരായ ആരോപണങ്ങളുമായി വി.എസ് രംഗത്തെത്തിയതും തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിച്ചു എന്നും വിലയിരുത്തപ്പെടും. ഇതിനുപുറമെ കൊല്ലത്ത ആര്‍. ബാലകൃഷ്ണപിള്ളയെയും, കോട്ടയത്ത് പി.സി ജോര്‍ജിനെയും ഒപ്പം ചേര്‍ത്തതിന്റെ നേട്ടവും ചര്‍ച്ചചെയ്യപ്പെടും. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ വി.എസിന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തിന്റെ കാര്യവും സി.പി.എമ്മില്‍ വീണ്ടും ചര്‍ച്ചയായേക്കും.
എസ്.എന്‍.ഡി.പി ബാന്ധവത്തിലൂടെ കേരളത്തില്‍ വേരോട്ടം ശക്തമാക്കാമെന്നും അതുവഴി മുന്നാംമുന്നണി എന്ന ബി.ജെ.പിയുടെ സ്വപ്‌നങ്ങളുടെ കൂടി വിലയിരുത്തലാകും ഇന്ന്. ഈ ബന്ധത്തിലൂടെ മധ്യകേരളത്തില്‍ ചലനമുണ്ടാക്കാമെന്നും ബി.ജെ.പി വിശ്വസിക്കുന്നു. പാലക്കാടും, കാസര്‍കോടും പഴയതിലും നേട്ടമുണ്ടാക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha