എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയും യൂത്ത്‌കോണ്‍ഗ്രസ് നേതാവുമായ വി. ജിതിന് ജാമ്യം... ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്, തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതിയും യൂത്ത്‌കോണ്‍ഗ്രസ് നേതാവുമായ വി. ജിതിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില്‍ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം.
അതേസമയം സാധാരണക്കാരനായ തനിക്കു തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാദം. ഒരു ഡ്രൈവര്‍ മാത്രമായ ജിതിന്‍ എങ്ങനെ ഭരണ കക്ഷിയിലെ പ്രധാന പാര്‍ട്ടി നല്‍കിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കുമെന്നാണ് പ്രതിഭാഗം ചോദിച്ചത്. 180 സിസിടിവി പരിശോധിച്ചിട്ടും പൊലീസ് എന്തുകൊണ്ട് പ്രതിയുടെ മുഖം തിരിച്ചറിഞ്ഞില്ലന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇത്തരം ചെറിയൊരു സ്‌ഫോടനത്തില്‍ നിന്നാണ് പുറ്റിങ്ങലില്‍ നൂറുകണക്കിന് പേരുടെ ജീവന്‍ നഷ്ടമായ ദുരന്തം സംഭവിച്ചത്. അതുപോലെ വ്യാപ്തിയുള്ള കൃത്യമാണ് ജിതിന്‍ ചെയ്‌തെന്നും അതുകൊണ്ടുതന്നെ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
ജിതിനെതിരെ ഒട്ടേറെ കേസുകള്‍ ഉണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് സര്‍ക്കാര്‍ വാദം. കേസില്‍ തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രഡിഡന്റ് ജിതിനെ കഴിഞ്ഞ മാസം 22നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂണ്‍ മുപ്പതിന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണം നടന്നത്. ഒളിവില്‍ കഴിയുന്ന മറ്റ് രണ്ട് പേര്‍ക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.
"
https://www.facebook.com/Malayalivartha



























