വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു

തലസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രം പൊന്മുടി എക്കോ ടൂറിസം ഇന്ന് മുതൽ വീണ്ടും തുറന്നു . തലസ്ഥാനത്താകെ മഴ കുറഞ്ഞതും ഈ പ്രദേശത്തെ കാലാവസ്ഥ മെച്ചപ്പെട്ടതുമായ സാഹചര്യത്തിൽ, തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാനായി തീരുമാനിച്ചത്.
തുടർച്ചയായ മഴയും കനത്ത മൂടൽമഞ്ഞും കാരണം പൊന്മുടിയിലേക്കുള്ള ഘാട്ട് റോഡുകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്തായിരുന്നു നേരത്തെ വനംവകുപ്പ് പ്രവേശനത്തിന് കർശന നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ കാലാവസ്ഥ അനുകൂലമായതോടെ നിയന്ത്രണങ്ങൾ നീക്കുകയായിരുന്നു.
ഇന്ന് രാവിലെ മുതൽ സഞ്ചാരികൾക്ക് പൊന്മുടിയിലേക്ക് പ്രവേശനം അനുവദിക്കും. കാലാവസ്ഥ മെച്ചപ്പെട്ടെങ്കിലും വനംവകുപ്പിന്റെയും പൊലീസിന്റെയും സുരക്ഷാ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചായിരിക്കണം യാത്ര ചെയ്യേണ്ടത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള നിരോധിത വസ്‌തുക്കൾ കൊണ്ടുപോകുന്നതിനായുള്ള വനംവകുപ്പിന്റെ കർശന പരിശോധനകൾ കല്ലാർ ചെക്ക് പോസ്റ്റിൽ തുടരുന്നതാണ്.
പൊന്മുടി വീണ്ടും തുറക്കുന്നതോടെ കടുത്ത വേനലിന് പിന്നാലെയെത്തിയ മൺസൂൺ ഭംഗി ആസ്വദിക്കാനായി വരും ദിവസങ്ങളിൽ വലിയ തോതിൽ സഞ്ചാരികൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha

























