വീണ്ടും വരുന്നു വെളിപ്പെടുത്തലുകള്‍..ഇന്ന് ഞാന്‍ നാളെ നീയൊക്കെ; നമുക്ക് കാത്തിരുന്നു കാണാം, അധികം വൈകുകയുമില്ല; ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും ബാബുവിന്റേയും ചിത്രവുമായി ബാര്‍ ഉടമാ നേതാവ് എലഗന്‍സ് ബിനോയിയുടെ ഫേസ് ബുക്ക് പോസ്റ്റ്

ബിജു രമേശിന് പിന്നാലെ ബാര്‍ കോഴയിലെ സത്യം വെളിപ്പെടുത്തുമെന്ന സൂചനയുമായി ബാര്‍ ഉടമാ അസോസിയേഷനിലെ പ്രധാനിയായ എലഗന്‍സ് ബിനോയിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഒട്ടും വൈകില്ല കാത്തിരുന്ന് കാണാം എന്ന അടിക്കുറുപ്പിലാണ് മുഖ്യമന്ത്രിയുടെ അടക്കം ചിത്രങ്ങള്‍ പോസ്റ്റ്‌ചെയ്തിരിക്കുന്നത്.
ഇന്ന് ഞാന്‍ നാളെ നീയൊക്കെ എന്ന മാണിയുടെ ചിത്രത്തിന്റെ താഴെയുള്ള കുറിപ്പും. അതിന് താഴെ ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കെ ബാബുവിന്റേയും വി എസ് ശിവകുമാറിന്റേയും ചിത്രങ്ങളും. ഇവരെല്ലാം ബാര്‍ കോഴയില്‍ പങ്കുപറ്റിയെന്ന ധ്വനിയുമായാണ് ബിനോയിയുടെ പോസ്റ്റ്. ഈ സാഹചര്യത്തില്‍ ബാര്‍ ഉടമാ നേതാക്കളില്‍ നിന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും എന്നു തന്നെയാണ് സൂചന.
ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ 25 കോടി രൂപയാണ് മന്ത്രിമാര്‍ക്കായി കൊടുക്കാന്‍ പിരിച്ചെടുത്തതെന്നും പിന്നീട് ഇത് ആര്‍ക്കെല്ലാമായി വീതം വെച്ചു നല്‍കിയെന്നുമുള്ള നിര്‍ണായക വെളിപ്പെടുത്തലുകളാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. ഇത് പുറത്തു വരുന്നതോടെ പല പ്രമുഖരുടെയും തല ഉരുളുമെന്നുള്ള സൂചനകളും ഇപ്പോള്‍ ശക്തമാണ്. പണം വാങ്ങി തങ്ങളെ ചതിച്ചവരെയൊന്നും വെറുതേ വിടില്ല എന്ന വാശിയിലാണ് ബാറുകാര്‍.
പാലക്കാരനാണ് ബാറുടമായ എലഗന്‍സ് ബിനോയ്. എക്‌സൈസ് മന്ത്രി കെ ബാബുവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയായിരുന്നു എലഗന്‍സ് ബിനോയ്. ബാര്‍ കോഴയിലെ ആരോപണങ്ങള്‍ തേച്ചുമാച്ചു കളയാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഉപയോഗിച്ചത് ബിനോയിയെ ആയിരുന്നു. ബാബുവിന്റെ ബിനാമിയെന്നാണ് ബിനോയിയെ ബിജു രമേശ് വിശേഷിപ്പിച്ചത്. എലഗന്‍സ് ബാറില്‍ ബാബുവിന്റെ പണവുമുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ബാര്‍ പൂട്ടല്‍ വിവാദം ഇരുവരേയും പിണക്കി. എങ്ങനേയും ബാര്‍ തുറക്കുമെന്ന ഉറപ്പ് ഭരണകേന്ദ്രങ്ങള്‍ ബിനോയിക്ക് നല്‍കിയിരുന്നു. കോടതി വിധികള്‍ അനുകൂലമാക്കാമെന്നായിരുന്നു വാദം. ഇതിന് അനുസരിച്ചാണ് ബിനോയിയും കൂട്ടരും കരുക്കള്‍ നീക്കി ബാര്‍ കോഴയില്‍ ആരോപണം ഉന്നയിച്ച ബിജു രമേശിനെ ഒറ്റപ്പെടുത്തിയത്. എന്നാല്‍ ബാര്‍ മാത്രം തുറന്നില്ല. സുപ്രീംകോടതി വിധി പോലും എതിരായി.
ഇതോടെ ബാബുവും എലഗന്റ് ഗ്രൂപ്പിന്റെ മുതലാളിയും ഉടക്കി. ഒന്‍പതോളം ബാറുള്ള ബിനോയ് എക്‌സൈസ് മന്ത്രിയുടെ ശത്രുപക്ഷത്തായി. ഇതിനിടെയില്‍ നല്‍കിയ പണം ബാബു തിരിച്ചു ചോദിച്ചെന്നും ആക്ഷേപമുണ്ട്. ഇതോടെ ബിനോയ് പണികൊടുക്കാന്‍ മനസ്സിലുറപ്പിച്ചു. ബിജു രമേശുമായി വീണ്ടും അടുത്തു. കെഎം മാണിയെ പിന്തുണച്ച് പോസ്റ്റുകളിട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പലതും കുറിച്ചു. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. പലതും നഷ്ടപ്പെടുത്തി സത്യം തെളിയിക്കാനും പ്രതികരിക്കാനും ഞാനും തയ്യാറാണു. എന്നോടൊപ്പം നിങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിനും സ്വന്തം കീശ വീര്‍പ്പിക്കാനും എന്തുകൊള്ളരുതായ്മയും എത്ര അഴിമതിയും ചെയ്യുന്നവരാണൂ ഇപ്പോഴത്തെ ഭൂരിഭാഗം നേതാക്കന്മാര്‍. ഇങ്ങനെ ഉള്ളവരാണോ നാട് ഭരിക്കേണ്ടത്?തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബിനോയ് കുറിച്ചു.
ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ഫോട്ടോ പോസ്റ്റും. നേരത്തെ വിജിലന്‍സ് കോടതി വിധി വന്നതിന് ശേഷം കെ.എം മാണി പറഞ്ഞതുപോലെ 101 തവണ അന്വേഷിച്ചാല്‍ പലരുടെയും തലയുരുളുമെന്ന് ബാറുടമ എലഗന്‍സ് ബിനോയ് വ്യക്തമാക്കിയിരുന്നു. 2014 ഏപ്രില്‍ ഒന്നിന് ബാറുടമ പോളക്കുളം കൃഷ്ണദാസ് വിളിച്ച ഫോണ്‍കോളുകള്‍ പരിശോധിക്കണമെന്ന് എലഗന്‍സ് ബിനോയി തുറന്നടിക്കുകയുണ്ടായി. പിരിച്ചെടുത്ത പണം സംബന്ധിച്ച് ബാറുടമകള്‍ തമ്മിലുള്ള വാക്കു തര്‍ക്കം പൊതു സമൂഹത്തിലേക്ക് എത്തുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു എലഗന്‍സ് ബിനോയുടെ വാക്കുകള്‍. കുറച്ചു നാളുകള്‍ക്കു മുന്‍പ് ചേര്‍ന്ന ബാറുടമകളുടെ യോഗത്തില്‍ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ബോധ്യപ്പെടുത്തണമെന്ന് ധാരണയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബാറുടമകളുടെ ഭാരവാഹികള്‍ മൗനം പാലിക്കുകകയാണ്. ഈ സാഹചര്യത്തിലാണ് ബാറുടമകളില്‍ പ്രധാനികളിലൊരാളായ എലഗന്‍സ് വിനോയ് തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
മന്ത്രി ബാബുവുമായുള്ള എല്ലാ ഇടപാടുകളുടെയും തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് ബിനോയ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എന്താണ് തെളിവ് എന്നു മാത്രം ബിനോയ് വ്യക്തമാക്കിയില്ല. എന്നാല്‍ ബാബുവുമായുള്ള പോര് മുറുകിയതോടെ എല്ലാം തുറന്നു പറയാന്‍ എലഗന്റ് ബിനോയ് തയ്യാറാകുന്നുവെന്നതാണ് പുതിയ പോസ്റ്റുകള്‍ നല്‍കുന്ന സൂചന.
ബാര്‍ കോഴയിലെ ഇടപാടുകളെ കുറിച്ച് നന്നായി അറിയാവുന്ന വ്യക്തിയാണ് ബിനോയി. ബാര്‍ കോഴയില്‍ കുടുങ്ങി കെഎം മാണി ധനമന്ത്രി സ്ഥാനം രാജിവച്ച ശേഷം ബിനോയ് ഇട്ട പോസ്റ്റ് വരാനുള്ള ബോംബെന്നു തന്നെയാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha