കോട്ടയത്ത് ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് കാണാതായ 9 കുട്ടികളെയും കണ്ടെത്തി; സ്വന്തം ഇഷ്ട്ട പ്രകാരം ഇറങ്ങിപോയതാണെന്ന് പെണ്‍കുട്ടികള്‍

കോട്ടയം മാങ്ങാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് പോക്‌സോ കേസ് ഇരകളടക്കം കാണതായ 9 പെണ്‍കുട്ടികളെ കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.ഒരു പെണ്‍കുട്ടിയുടെ ബന്ധുവീട്ടില്‍ നിന്നാണ് 9 പെണ്‍കുട്ടികളെയും കണ്ടെത്തിയത്. പെണ്‍കുട്ടികളെ മറ്റൊരു സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞു. സ്വന്തം ഇഷ്ട്ട പ്രകാരം ഇറങ്ങിപോയതാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു.
അതേസമയം, കുട്ടികളെ കാണാതായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചിരുന്നു. ഈസ്റ്റ് പൊലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കുട്ടികളെ കണ്ടെത്തിയത്.
മാങ്ങാനം കുഴിയില്‍ മഹിളാ സമഖ്യാ എന്ന എന്‍ജിഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍റ്റര്‍ ഹോമിലെ കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ ഞായറാഴ്ച രാത്രിയില്‍ രക്ഷപെട്ടിരിക്കാം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് കുട്ടികള്‍ ഇവിടെയില്ലെന്ന് മനസിലായതെന്ന് ജീവനക്കാര്‍ പറയുന്നു.
പോക്‌സോ കേസിലെ അതിജീവിതകളെ പാര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പിന്റെ നിര്‍ഭയ സെല്ലിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോട്ടയം മഹിള സമഖ്യ സൊസൈറ്റിയുടെ ഷെല്‍റ്റല്‍ ഹോമില്‍ നിന്നാണ് 9 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട വിവരം പുറത്തറിഞ്ഞത്.
14 കുട്ടികളാണ് ആകെ ഇവിടെയുണ്ടായിരുന്നത്. ഇതില്‍ 9 കുട്ടികളും രക്ഷപ്പെട്ടത് സ്ഥാപനം അധികൃതരുടെയും, ഷെല്‍റ്റര്‍ ഹോം ജീവനക്കാരുടെയും അനാസ്ഥ കൊണ്ടാണെന്നാണ് ആരോപണമുള്ളത്.ഏതാനും നാളുകള്‍ക്ക് മുമ്ബും ഇവിടെ നിന്നും പോക്‌സോ കേസിലെ 5 പെണ്‍കുട്ടികള്‍ സമാനരീതിയില്‍ രക്ഷപെട്ടിരുന്നു. അന്വേഷണത്തിനൊടുവില്‍ ഇവരെ കോട്ടയം ടൗണില്‍ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു.
അന്ന് ഇവിടെ പെണ്‍കുട്ടികളുടെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന ജീവനക്കാര്‍ തന്നെയാണ് ഇപ്പോഴും ജോലി തുടരുന്നത്. അതേസമയം സംരക്ഷണ കേന്ദ്രത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും സെക്യൂരിറ്റി ഇല്ലാത്ത സമയത്താണ് പെണ്‍കുട്ടികള്‍ കാണാതായതെന്നും ഷെല്‍റ്റര്‍ ഹോം അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























