ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ എന്നും കാവലാളായ ജുഡീഷ്യറി നോക്കുകുത്തിയാകുമെന്ന് കരുതിയവർക്ക് തെറ്റി; നീതി ബോധം വറ്റാത്ത മനസ്സുള്ളവർ രാജ്യത്തിൻ്റെ പരമോന്നത ന്യായാധിപൻമാരിൽ അവശേഷിക്കുന്നുണ്ടെന്ന തിരിച്ചറിവാകണം ഭരണകൂടത്തെ അവർ ചെയ്ത തെറ്റ് തിരുത്താൻ പ്രേരിപ്പിച്ചത്; തുറന്നടിച്ച് കെ ടി ജലീൽ

ലക്ഷദ്വീപിൽ നിന്ന് ജയിച്ച എം.പിയാണ് മുഹമ്മദ് ഫൈസൽ. എൻ.സി.പി സ്ഥാനാർത്ഥിയായി മൽസരിച്ച അദ്ദേഹത്തിൻ്റെ മുഖ്യ എതിരാളി കോൺഗ്രസ്സായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അടിപിടിയിൽ ഫൈസലിനെതിരെ കോൺഗ്രസ്സുകാർ കൊടുത്ത പരാതിയിൽ അദ്ദേഹത്തെ കുറ്റക്കാരനായി കോടതി വിധിച്ചു. നിർണായകമായ ഫേസ്ബുക്ക് കുറിപ്പുമായി കെ ടി ജലീൽ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സുപ്രീം കോടതിക്കും ഫൈസലിനും അഭിവാദ്യങ്ങൾ. ലക്ഷദ്വീപിൽ നിന്ന് ജയിച്ച എം.പിയാണ് മുഹമ്മദ് ഫൈസൽ. എൻ.സി.പി സ്ഥാനാർത്ഥിയായി മൽസരിച്ച അദ്ദേഹത്തിൻ്റെ മുഖ്യ എതിരാളി കോൺഗ്രസ്സായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അടിപിടിയിൽ ഫൈസലിനെതിരെ കോൺഗ്രസ്സുകാർ കൊടുത്ത പരാതിയിൽ അദ്ദേഹത്തെ കുറ്റക്കാരനായി കോടതി വിധിച്ചു. കാള പെറ്റു എന്ന് കേട്ടപ്പോൾ കയറെടുത്ത ലോകസഭാ അധികൃതർ ഫൈസലിനെ എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. മണിക്കൂറുകൾക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.
അടിപിടിക്കേസിലെ വിധിയും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നിട്ടും എം.പി സ്ഥാനത്തു നിന്ന് പൊടുന്നനെ അയോഗ്യനാക്കിയ നടപടി ലോകസഭാ സെക്രട്ടേറിയേറ്റ് പിൻവലിച്ചില്ല. ഇതിനെതിരെ മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയെ സമീപിച്ചു. ഉന്നത നീതിപീഠം കേസ് ഇന്ന് പരിഗണിക്കാനിരിക്കെ അയോഗ്യനാക്കിയ ലോകസഭാ സെക്രട്ടറിയുടെ നടപടി പിൻവലിച്ച് കോടതി നൽകുമായിരുന്ന കരണക്കുറ്റിക്ക് നോക്കിയുള്ള അടിയിൽ നിന്ന് കേന്ദ്ര സർക്കാർ തടിയൂരി.
മോദി സർക്കാരിൻ്റെ ലക്ഷദ്വീപിനെതിരായ "യുദ്ധ"പ്രഖ്യാപനത്തിൽ ദ്വീപ് ജനതയെ മുന്നിൽ നിന്ന് നയിച്ച മുഹമ്മദ് ഫൈസൽ തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ ആർക്കും ഒറ്റുകൊടുത്തില്ല. സംഘികളുടെ കുതന്ത്രങ്ങൾക്ക് ചോർത്താനാകാത്ത ഫൈസലിൻ്റെ ആത്മവീര്യത്തെയും ചങ്കുറപ്പിനെയും ആയിരം വട്ടം പ്രശംസിക്കണം. ഇന്ത്യയിലെ ഗോത്രവർഗ്ഗ സമൂഹങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ് നിവാസികൾ. കള്ളവും ചതിയുമില്ലാത്ത നാട്. കുറ്റകൃത്യങ്ങൾ ഏറ്റവും കുറഞ്ഞ ദേശം.
അവർക്ക് അവരുടെതായ ഗോത്ര സംസ്കാരമുണ്ട്. ഭാഷയുണ്ട്. ജീവിതാനുഷ്ഠാനങ്ങളുണ്ട്. കലാരൂപങ്ങളുണ്ട്. പാരമ്പര്യമായി തുടർന്നു പോരുന്ന ശീലങ്ങളുണ്ട്. അവയിൽ വെള്ളം ചേർക്കാൻ അഡ്മിനിസ്റ്റേറ്ററെ ഉപയോഗിച്ച് മോദി സർക്കാർ നടത്തിയ ശ്രമം ദ്വീപ് നിവാസികൾ സധൈര്യം ചെറുത്തു. അതിൻ്റെ മുന്നണിപ്പോരാളിയായി ഫൈസൽ നിലയുറപ്പിച്ചു. അതിലുള്ള പക തീർക്കുകയായിരുന്നു സംഘ് പരിവാർ ഭരണകൂടം.
ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ എന്നും കാവലാളായ ജുഡീഷ്യറി നോക്കുകുത്തിയാകുമെന്ന് കരുതിയവർക്ക് തെറ്റി. നീതി ബോധം വറ്റാത്ത മനസ്സുള്ളവർ രാജ്യത്തിൻ്റെ പരമോന്നത ന്യായാധിപൻമാരിൽ അവശേഷിക്കുന്നുണ്ടെന്ന തിരിച്ചറിവാകണം ഭരണകൂടത്തെ അവർ ചെയ്ത തെറ്റ് തിരുത്താൻ പ്രേരിപ്പിച്ചത്. ഇന്ത്യൻ ജുഡീഷ്യറിയിൽ നേരിൻ്റെ ഉറവയൊഴുക്കുന്ന നീതി ബോധമുള്ളവരുടെ കുലം നീണാൾ വാഴട്ടെ.
https://www.facebook.com/Malayalivartha