കേരളത്തില്‍ ബിജെപി തീര്‍ന്നു ; നസ്രാണികളുടെ വോട്ടുകിട്ടില്ല

ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് സെന്‍ട്രല്‍ ജയിലില്‍ അടച്ച സംഭവത്തോടെ കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ തെറ്റുന്നു. ബിജെപിയുടെ കപട മതേതരത്വത്തിന്റെ മൂടുപടം അഴിഞ്ഞുവീഴുന്നു. അടുത്തു വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ പരമാവധി ഇടങ്ങളില്‍ ക്രൈസ്തവ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനും ക്രൈസ്തവ വോട്ടുകള്‍ ചോര്‍ത്തിയെടുക്കാനും ബിജെപി നടത്തിയ ഉന്നം അപ്പാടെ പാളുകയാണ്. ക്രൈസ്തവരുടെ ഉള്‍പ്പെടെ വോട്ടുവാങ്ങി തൃശൂരില്‍ നിന്ന് എംപിയും പിന്നീട് കേന്ദ്രമന്ത്രിയുമായ മഹനടന്‍ സുരേഷ് ഗോപി സംഭവത്തില്‍ വായ തുറന്നിട്ടില്ല. പല പള്ളികളും വിശുദ്ധന്‍മാര്‍ക്ക് കിരീടവും കൊന്തയും മാലയും ഇട്ട് അച്ചന്‍മാരുടെ മാനസപുത്രനായി മാറിയ സുരേഷ് ഗോപിയെ കാണാന്‍ പോലും ഇല്ലാതായിരിക്കുന്നു. ബിജെപി പാളയത്തില്‍ ഇടം പിടിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും അല്‍ഫോന്‍സ് കണ്ണന്താനത്തിനും പിസി ജോര്‍ജിനും അനില്‍ ആന്റണിയ്ക്കും അനൂപ് ആന്റണിയ്ക്കും ടോം വടക്കനും ഷോണ്‍ ജോര്‍ജിനും പറയാന്‍ വാക്കുകളില്ല.
പാവപ്പെട്ട മൂന്നു പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ നല്‍കാന്‍ പോയ രണ്ടു മലയാളി കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പോലീസ് നോക്കുകുത്തികളായി നിലകൊള്ളുകയായിരുന്നു. അന്‍പതോളം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അസഭ്യവും ഭീഷണിയുമായി കന്യാസ്ത്രീകളെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്ത ക്രൂരമായ സംഭവത്തില്‍ കേരളത്തില്‍ നിന്ന് ബിജെപിയില്‍ മാമോദീസ സ്വീകരിച്ച ഒരു നസ്രാണിക്കും ഒരു വാക്കും പറയാനില്ല. തൃശൂരില്‍ സുരേഷ് ഗോപിക്ക് വോട്ടു ചെയ്ത അച്ചന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിശ്വാസികള്‍ക്കും മതിയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ തൃശൂരില്‍ പരസ്യമായ പ്രകടനം നടത്തുക മാത്രമല്ല ഇനി ഒരാളും ബിജെപിക്ക് വോട്ടു ചെയ്യരുതെന്ന് നസ്രാണികള്‍ ഒന്നടങ്കം തീരുമാനം എടുക്കുകയും ചെയ്തിരിക്കുന്ന. ബിജെപി അടുത്ത പഞ്ചായത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രതീക്ഷ വച്ചതും തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലായിരുന്നു. നൂറിലേറെ നസ്രാണികളെ ഈ ജില്ലകളില്‍ താമരക്കുമ്പിളില്‍ സ്ഥാനാര്‍ഥികളാക്കാനും പരമാവധി ഇടത്ത് സീറ്റുകള്‍ പിടിക്കാനുമായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.
കോട്ടയം ജില്ലയില്‍ ആറ് കാവിയിട്ട നസ്രാണികളെ ജില്ലയിലും ബ്ലോക്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും സ്ഥാനാര്‍ഥികളാക്കാന്‍ ബിജെപി ഏറെക്കുറെ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. കന്യാസ്ത്രീകള്‍ക്കെതിരെ പത്ത് വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന മനുഷ്യക്കടത്തും മതംമാറ്റവും ഉള്‍പ്പടെ കുറ്റങ്ങളാണ് ബജ്‌റംഗ്ദള്‍ പോലീസിനെക്കൊണ്ട് ചുമത്തിച്ചിരിക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപിയും നരേന്ദ്ര മോദിയും അമിത് ഷായും സംഭവത്തില്‍ ഒരു വാക്കുപോലും മിണ്ടാന്‍ തയാറാകുന്നില്ല. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ആകെപ്പാടെ വിറളി പിടിച്ചപോലെ പെരുമാറുകയും സംസാരിക്കുകയുമാണ്. പാലായില്‍ ഉള്‍പ്പെടെ അരമനകളില്‍ വന്നും ക്രിസ്ത്യന്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തും ക്രിസ്ത്യാനികളെ ബിജെപിയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്ന ജോര്‍ജ് കുര്യന് ഇനി ഉടനെയൊന്നും കേരളത്തില്‍ ക്രിസ്ത്യാനികളുടെ സമ്മേളനത്തില്‍ പ്രവേശനം കിട്ടില്ല. നാഴികയ്ക്ക് നാല്‍പതു വട്ടം മുസ്ലീം തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ചിരുന്ന പിസി ജോര്‍ജിന് സംഭവത്തില്‍ യാതൊന്നും പറയാനില്ലാതായിരിക്കുന്നു. നമ്മുടെ രക്ഷ ബിജെപിയുടെ കരങ്ങളില്‍ എന്നു പറഞ്ഞു തുടങ്ങിയിരുന്ന ഒരു പറ്റം ബിഷപ്പുമാര്‍ക്കും പുതിയ തലമുറയിലെ കൊച്ചച്ചന്‍മാര്‍ക്കും ആവശ്യത്തിനു മതിയായിരിക്കുന്നു.
സംഭവത്തില്‍ മുതലെടുക്കാന്‍ യുഡിഎഫിലെയും എല്‍ഡിഎഫിലെയും നേതാക്കള്‍ ഛത്തീസ്ഗഡിലെ ജയിലേക്കും അവിടത്തെ പ്രദേശത്തേക്കും കന്യാസ്ത്രീകളുടെ നാട്ടിലെ വീടുകളിലേക്കും ഓടിക്കൊണ്ടിരിക്കുകയാണ്. സിപിഎം ഒരിക്കലുമില്ലാത്ത വിധം മുതലക്കണ്ണീര്‍ പൊഴിക്കുന്നുമുണ്ട്. എന്തായാലും ബിജെപിക്ക് കേരളത്തില്‍ വളരാനും നേടാനുമുള്ള എല്ലാ സാഹചര്യങ്ങളുടെ കൂമ്പടയുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തെയും അനില്‍ ആന്റണിയെയും ഷോണ്‍ ജോര്‍ജിനെയും ടോം വടക്കനെയുമൊക്കെ അനുയോജ്യമായ സീറ്റുകളില്‍ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ ഉന്നം. ഒരു സീറ്റില്‍പോലും ബിജെപിക്ക് നസ്രാണി വോട്ടുകളുടെ പിന്‍ബലത്തില്‍ വിജയിക്കാനാവില്ലെന്നതാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് ഉളവാക്കിയിരിക്കുന്ന പ്രത്യാഘാതം. കേരളത്തില്‍ ബിജെപിയുടെ വക്താവായി മാറിയിരിക്കുന്ന ഗവര്‍ണര്‍ എന്ന മഹാവ്യക്തിത്വം ഇക്കാര്യത്തില്‍ കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല.
രണ്ടു കന്യാസ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും രോഗികളുമാണെന്നതു മാത്രമല്ല ഇരുവരെയും ജയിലില്‍ തറയിലാണെന്ന് കിടത്തിയിരിക്കുന്നത്. നാലു ദിവസമായി ഇവര്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും തയാറാകുന്നില്ലെന്നതാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി ചെയ്തിരിക്കുന്ന മറ്റൊരു കൊടുംപാതകം. കന്യാസ്ത്രീകള്‍ ജാമ്യം നല്‍കരുതെന്ന ആവശ്യവുമായി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കോടതിക്കു മുന്നില്‍ തമ്പടിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും ഭയാനകമായ കാര്യം. കോടതിക്കു മുന്നില്‍ പോലും പ്രതിഷേധം ഉന്നയിക്കാനുള്ള ധിക്കാരമാണ് രാജ്യം ഭരിക്കുന്ന ബിജെപി കാണിക്കുന്നത് എന്നതാണ് ഏറ്റവും ദയനീയം. കോടതിയെക്കാളും പോലീസിനെക്കാളും അധികാരമാണോ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രതിഷേധത്തിനു മുന്നില്‍ പോലീസും പട്ടാളവും നോക്കുകുത്തിയായി മാറിയിരിക്കുന്ന എന്നതാണ് ഏറ്റവും ദയനീയമായ സാഹചര്യം.
https://www.facebook.com/Malayalivartha