എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി
എലത്തൂര്‍ ട്രെയിനില്‍ പെട്രോളൊഴിച്ച് തീവെയ്പ്പ് നടത്തിയ കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ട്രെയിനില്‍ ആക്രമണം നടത്താന്‍ ഷാരൂഖിനു പുറത്തുനിന്നു സഹായം ലഭിച്ചെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കോഴിക്കോട് മജിസ്ട്രേറ്റിനാണ് റിപ്പോര്‍ട്ട് നല്‍കിയത്.
തീവയ്പിന് പിന്നില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്തിയത്. കേസില്‍ പ്രതിയെ വെള്ളിയാഴ്ച ഷൊര്‍ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരൂഖ് പെട്രോള്‍ വാങ്ങിയ ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പിലും കണ്ണൂരിലേക്കുള്ള എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ കയറിയ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലുമാണ് തെളിവെടുപ്പ് നടത്തിയത്.
കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കനത്ത സുരക്ഷാവലയത്തില്‍ റോഡ് മാര്‍ഗം ഷാരൂഖിനെ ഷൊര്‍ണൂരില്‍ എത്തിച്ചത്.ട്രെയിനിനുള്ളില്‍ തീവയ്പ്പ് നടത്തിയത് അറസ്റ്റിലായ ഷാരൂഖ് സെയ്ഫി തന്നെയെന്ന് ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞിരുന്നു. കോഴിക്കോട് പൊലീസ് ക്യാമ്പിലാണ് പ്രതി ഷാരൂഖ് സെയ്ഫിയുടെ തിരിച്ചറിയല്‍ പരേഡ് നടത്തിയത്. മട്ടന്നൂര്‍, മാലൂര്‍ എന്നിവിടങ്ങളിലെ സാക്ഷികളെ ആണ് കോഴിക്കോട് എത്തിച്ചത്.
എ.ഡി.ജി.പി: എം.ആര്. അജിത് കുമാറിന്റെയും ഐ.ജി. നീരജ് കുമാര്‍ ഗുപ്തയുടെയും നേതൃത്വത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. സാക്ഷികളില്‍നിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനിടെ, ഷാരൂഖ് സെയ്ഫിക്ക് കോയമ്പത്തൂര്‍ കാര്‍ സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. കോയമ്പത്തൂര്‍, മംഗലാപുരം സ്ഫോടനങ്ങള്‍ക്കും ട്രെയിന്‍ ആക്രമണത്തിനും സമാനത കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അന്വേഷണം തമിഴ്നാട്ടിലും വ്യാപിപ്പിച്ചു.
https://www.facebook.com/Malayalivartha