വന്ദേ ഭാരത് എക്‌സ്പ്രസിന് ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് വേണമെന്ന് പാലക്കാട് എംപി

വന്ദേ ഭാരത് എക്‌സ്പ്രസിന് ഷൊര്‍ണൂരില്‍ സ്‌റ്റോപ്പ് വേണമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധത്തിലാണെന്ന് എംപി പറയുന്നു. വിഷയത്തിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ട്രെയിന്‍ പ്രഖ്യാപിച്ച ദിവസം തന്നെ റെയില്‍വേ മന്ത്രിക്കും, റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും, ജനറല്‍ മാനേജര്‍ക്കും ഇമെയില്‍ മുഖേന കത്ത് അയച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും റെയില്‍വേ മന്ത്രാലയത്തില്‍ നിന്നോ അധികൃതരില്‍ നിന്നോ യാതൊരുവിധ മറുപടിയും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എംപി വീണ്ടും കത്തയച്ചത്.
ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ സ്‌റ്റോപ്പ് അനുവദിക്കാത്തതിന് കാരണം വേഗതയെ ബാധിക്കുമെന്നതാണ്. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ തന്നെ വള്ളത്തോള്‍ നഗര്‍ മുതല്‍ കാരക്കാട് വരെ 15 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ പോയത്. റെയില്‍വേ ട്രാക്കിന്റെയും മറ്റു സാങ്കേതിക അപര്യാപ്തത മൂലം വേഗത കുറയുന്നുവെന്ന കാരണം കാണിച്ച് സ്‌റ്റോപ്പ് അനുവദിക്കാന്‍ കഴിയില്ലെന്ന ന്യായീകരണം അംഗീകരിക്കാന്‍ കഴിയില്ലെന്നും എംപി ചൂണ്ടിക്കാണിച്ചു.
ദക്ഷിണേന്ത്യയില്‍ പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനുകളില്‍ ഒന്നാണ് ഷൊര്‍ണൂര്‍ ജംഗ്ഷന്‍. പാലക്കാട് ജില്ലയില്‍ നിന്നുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനെ ആശ്രയിക്കുന്നുണ്ട്. ഇതിനാല്‍ ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നത് ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്. അയച്ച കത്തിന് മറുപടി പോലും നല്‍കാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിച്ചു നിന്നാല്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പെടെ സമരവുമായി മുന്നോട്ടു പോകുമെന്ന് എംപി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യമായതിനാല്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സമരം നയിക്കേണ്ടി വരുമെന്ന് എംപി അറിയിച്ചു.
https://www.facebook.com/Malayalivartha
























