വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പീപ്പിള്‍സ് ഫോര്‍ ആനിമല്‍ എന്ന സംഘടന

വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ വനംവകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പീപ്പിള്‍സ് ഫോര്‍ ആനിമല്‍ എന്ന സംഘടന. കിണറ്റില്‍ വീണ കരടി ചത്തത് വനംവകുപ്പിന്റെ അനാസ്ഥ മൂലമാണെന്ന് സംഘടന ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നാളെത്തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും സംഘടനയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്നു പുലര്‍ച്ചെയാണ് കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിനു സമീപത്തെ കോഴിക്കൂട്ടില്‍ നിന്നു കോഴികളെ പിടിക്കാനെത്തിയ കരടിയാണ് കിണറ്റില്‍ വീണത്. രണ്ടു കോഴിയെ കരടി പിടിച്ചു. മൂന്നാമതൊരു കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന്റെ വക്കിലേക്ക് കോഴി പറന്നുനിന്നു. ഇതിനിടെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കരടി കിണറ്റില്‍ വീണത്.
കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുണ്‍ പുറത്തേയ്ക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കരടി കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. തുടര്‍ന്നു വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി.
ഒടുവില്‍ മയക്കുവെടി വച്ച് പിടികൂടാന്‍ തീരുമാനിച്ചെങ്കിലും, മയക്കുവെടിയേറ്റ കരടി മയങ്ങി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷം പുറത്തെടുത്തതെങ്കിലും അപ്പോഴേക്കും കരടി ചത്തിരുന്നു. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിയ കരടി, ഒരുമണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു.
https://www.facebook.com/Malayalivartha























