ഇ.ഡിയും പോലീസും തമ്മിൽ തല്ലുന്നു? മൊത്തം ഉഡായിപ്പ്! ഇ.ഡി. കൈവിട്ടു... കിതച്ച് അന്വേഷണ സംഘം!

ഇ.ഡി. അന്വേഷിക്കണോ കേരള പോലീസ് അന്വേഷിക്കണോ എന്ന തർക്കത്തിൽപെട്ടു കൊടകര കുഴൽപ്പണക്കേസ് "കിതയ്‌ക്കുന്നു". സംഭവം നടന്നു രണ്ടു വർഷമാകുമ്പോഴാണ് ഈ ദയനീയ അവസ്‌ഥ ഉണ്ടായിരിക്കുന്നത്! ഇ.ഡി.-കേരള പോലീസ് അന്വേഷണത്തർക്കം ആസൂത്രിതമാണെന്ന് ആരോപണമുണ്ട്. ഇ.ഡി. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കത്ത് നൽകിയെന്നാണു പോലീസും പ്രോസിക്യൂഷനും പറയുന്നത്.
എന്നാൽ, ഇ.ഡി. ഈ വിഷയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. തട്ടിയെടുത്ത മൂന്നരക്കോടി രൂപയിൽ ഒന്നരക്കോടി ഇനിയും അന്വേഷണ സംഘത്തിന് കണ്ടെത്താനുയിട്ടുമില്ല. തുടക്കത്തിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കാൻ കൊടകര കുഴൽപ്പണക്കേസ് ഉപയോഗിച്ച സംസ്‌ഥാന സർക്കാരും സി.പി.എമ്മും പിന്നീടു പിന്മാറി. കേസെടുത്ത കേരള പോലീസ് അന്വേഷണം അവസാനിപ്പിച്ചു.
അന്വേഷണം ഏറ്റെടുക്കണമെന്ന പോലീസിന്റെ ആവശ്യത്തോട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പ്രതികരിച്ചതുമില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനായി ബി.ജെ.പി. കുഴൽപ്പണമായി കേരളത്തിലെത്തിച്ച മൂന്നരക്കോടി കൊടകരയിൽ തട്ടിയെടുത്തുവെന്ന കേസ് പാതിയിൽ അവസാനിച്ചു എന്ന് അതുകൊണ്ട് പറഞ്ഞവസാനിപ്പിക്കാം.
നിയമസഭാ തെരഞ്ഞെടുപ്പു കാലത്തു സംസ്‌ഥാനെത്ത ബി.ജെ.പി. സ്‌ഥാനാർഥികൾക്കു വിതരണം ചെയ്യാൻ കൊണ്ടുവന്ന പണം എന്നാണ് പ്രാഥമിക നിഗമനമായി പോലീസ് പറഞ്ഞത്. ഇതിന്റെ അടിസ്‌ഥാനത്തിൽ കുറ്റപത്രം നൽകുകയും ചെയ്‌തിരുന്നു. കണ്ണൂരിലേക്കും ഗുണ്ടാ സംഘങ്ങളിലേക്കും അന്വേഷണം നീണ്ടെങ്കിലും മുഴുവൻ തുകയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതോടെ കേസ് ഇ.ഡി. അന്വേഷിക്കട്ടെ എന്നു സർക്കാർ ചുവടുമാറ്റി. പ്രത്യേക അന്വേഷണ സംഘത്തലവനെയും മാറ്റിയതോടെ തുടർ നടപടികൾക്ക് ഒച്ചിന്റെ വേഗമായി. കേസിന്റെ അന്വേഷണത്തിൽ സംസ്‌ഥാന പോലീസിനു താൽപര്യം നഷ്‌ടമായതും ദുരൂഹമായി. കേസിൽ പ്രതികളെ അന്തിമ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബാക്കിയാണ്.
രണ്ടുവർഷത്തോളം അന്വേഷിച്ചിട്ടും ഒളിപ്പിച്ച പണം കണ്ടെത്താനാകാത്തതിനാലാണ് അന്വേഷണം ഇ.ഡി. ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. ആവശ്യപ്പെടാതെതന്നെ ഇത്തരം കേസുകൾ ഏറ്റെടുക്കുന്ന ഇ.ഡി., കൊടകര കുഴൽപ്പണക്കേസിനോട് മുഖംതിരിച്ചു. പ്രത്യേക സംഘത്തിന്റെ തലവനെ അപ്രസക്തമായ തസ്തികയിലേക്ക് മാറ്റുകയും ചെയ്തതോടെ അന്വേഷണത്തിന്റെ ശക്തി കുറഞ്ഞു.
2021 ഏപ്രിൽ നാലിനു പുലർച്ചെ 4.40 നു കൊടകരയിൽ വ്യാജ അപകടമുണ്ടാക്കി കാർ തട്ടിയെടുത്തുവെന്നാണ് കേസ്. ഇതിനിടെ കാറിൽ നിന്നു മൂന്നരക്കോടി രൂപ കവർന്നു. കാർ ഡ്രൈവർ ഷംജീർ ഏപ്രിൽ ഏഴിനാണ് പരാതി നൽകിയത്. കാറിൽ 25 ലക്ഷം രൂപയുണ്ടായിരുന്നു എന്നാണ് ആദ്യ മൊഴി. അന്വേഷണത്തിൽ ഇതു മൂന്നരക്കോടിയാണെന്നു പോലീസ് കണ്ടെത്തി.
ഇരിങ്ങാലക്കുട കോടതിയിലും ഈ നിലപാടാണ് പോലീസ് സ്വീകരിച്ചത്. 23 പേരെ അറസ്‌റ്റ് ചെയ്‌തു. ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മകൻ എന്നിവരുൾപ്പെടെ 19 നേതാക്കൾ സാക്ഷികളാണ്. ബി.ജെ.പി. തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ അടക്കമുള്ളവരെ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു.
സുരേന്ദ്രന്റെ ടെലഫോൺ സംഭാഷണങ്ങളും പോലീസ് ശേഖരിച്ചു. അതിനുശേഷം അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയില്ല. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ വിളിച്ചുവരുത്തി തെളിവെടുത്ത കേസ് അപ്രസക്തമാക്കിയതിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ആരോപണമുണ്ട്.
ആദ്യഘട്ടത്തിൽ ശക്തമായ അന്വേഷണവും നടപടികളുമുണ്ടായ കേസ് രണ്ടാംഘട്ടത്തിൽ ദുർബലമാകുകയായിരുന്നു. കേരളത്തിലേക്ക് പണം എത്തിയ വഴി കണ്ടെത്തി ഒന്നാംഘട്ട കുറ്റപത്രം സമർപ്പിച്ച് രണ്ടാംഘട്ട അന്വേഷണത്തിൽ പണത്തിന്റെ ഉറവിടത്തിനടുത്തേക്ക് എത്തിയപ്പോഴാണിത്.
കൊടകര കേസിന്റെ അന്വേഷണത്തിനിടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി. കേരളത്തിൽ 2021 മാർച്ച് അഞ്ചുമുതൽ ഏപ്രിൽ അഞ്ചുവരെ 41.4 കോടി വിതരണംചെയ്തെന്ന വിവരവും ലഭിച്ചു. ആ വിവരവും ഉപയോഗിക്കപ്പെട്ടില്ല. ബി.ജെ.പി-സി.പി.എം. അന്തർധാരയുടെ ഭാഗമായി കേസ് ഒതുക്കിയെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ എൽ.ഡി.എഫും യു.ഡി.എഫും രാഷ്ട്രീയ ആയുധമാക്കിയ കൊടകര കേസിൽ നിന്ന് ഇരുമുന്നണികളും പിന്മാറുകയും ചെയ്തു. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതോടെ കേസ് ദുർബലാവസ്‌ഥയിലുമായി. എല്ലാ പ്രതികൾക്കും ജാമ്യം കിട്ടുകയും ചെയ്‌തു.
അതിനിടെ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത് വന്നിരുന്നു. കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ഭായി ഭായിയായി പ്രവർത്തിച്ചാണ് കൊടകര കുഴൽപ്പണക്കേസ് അട്ടിമറിച്ച് കുഴിച്ചുമൂടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.പിണറായി വിജയന്റെ പോലീസും മോദിയുടെ അന്വേഷണ ഏജൻസിയും കൈകോർത്തതോടെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെത്തിച്ച മൂന്നരക്കോടിയുടെ കുഴൽപ്പണക്കേസ് ആവിയായിപ്പോയി.
പരാതിക്കാധാരമായ മൂന്നരക്കോടിയിൽ ഒന്നരക്കോടി രണ്ടുവർഷത്തോളം പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചിട്ടും ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല.അതോടെ കേസ് വളരെ ദുർബലമായി. കുഴൽപ്പണത്തിന്റെ ഉറവിടം കണ്ടെത്താനും ഒന്നരക്കോടി പിടികൂടാനുമുള്ള കാര്യശേഷി കേരള പോലീസിന് ഇല്ലാഞ്ഞിട്ടല്ല അത് സാധിക്കാതെ പോയതെന്ന് സാമാന്യ ബുദ്ധിയുള്ള ഏവർക്കും മനസിലാകും. ലാവ്‌ലിൻ കേസ് തുടർച്ചയായി മാറ്റിവെയ്ക്കുന്നതിലൂടെ ബിജെപിയുടെ മുഖം രക്ഷിക്കുന്നതിൽ മുഖ്യമന്ത്രിയുടെ താൽപ്പര്യം വർധിച്ചുയെന്നതാണ് മറ്റൊരു യാഥാർത്ഥ്യം.
https://www.facebook.com/Malayalivartha






















