ബിജെപിക്ക് സീറ്റുറപ്പിക്കാൻ മോദി നേരിട്ട് ഇടപെട്ടു? റബ്ബറിന് വില 300/- വോട്ട് മൊത്തം ചാക്കിലാക്കി... പിണറായി വിയർത്തു; കേന്ദ്രം കളി തുടങ്ങി

റബര്‍ ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കു വേദിയൊരുങ്ങുമ്പോള്‍ പ്രതീക്ഷയോടെ കേരളത്തിലെ റബര്‍ കര്‍ഷകര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ, വില 200 രൂപയിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ നീക്കമെന്ന് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
ഇന്ത്യയിൽ റബർ നിയമം നടപ്പാക്കിയതിന്റെയും അതുവഴി ഇന്ത്യൻ റബർ ബോർഡ് രൂപീകൃതമായതിന്റെയും പ്ലാറ്റിനം ജൂബിലി കൊണ്ടാടുമ്പോൾ ഇതു ലക്ഷക്കണക്കിനു റബർ കർഷകരുടെകൂടി ആഘോഷവേളയാകുന്നു. രാജ്യത്തു റബർക്കൃഷിയും റബർ ഉൽപന്ന നിർമാണവും വ്യാപിപ്പിക്കുന്നതിനു ബോർഡ് നടത്തിയ 75 വർഷത്തെ ശ്രമങ്ങളും അതുണ്ടാക്കിയ നേട്ടങ്ങളും ചരിത്രമാണ്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി നിര്‍ണായക പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന സൂചനകളാണു പുറത്തുവരുന്നത്. സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായേക്കും. ഈ ഘട്ടത്തില്‍ പ്രഖ്യാപിക്കാന്‍ ഒട്ടേറെ കര്‍ഷക പ്രോത്സാഹന പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ടെന്ന വിവരങ്ങളാണു പുറത്തുവരുന്നത്.
റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ വര്‍ധന, ത്രിപുര മോഡലില്‍ പ്രത്യേക പ്രഖ്യാപനം എന്നിങ്ങനെ വിവിധ പദ്ധതികളാണ് കര്‍ഷകരുടെ പ്രതീക്ഷ. കേരളത്തില്‍നിന്നുള്ള ബി.ജെ.പി. നേതാക്കളില്‍നിന്നു പോലും വിവരശേഖരണം നടത്താതെ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നത്.
റബര്‍ കര്‍ഷകര്‍ ഒരു പതിറ്റാണ്ടായി വിലത്തകര്‍ച്ചയിലാണെങ്കിലും ആദ്യ മോദി സര്‍ക്കാര്‍ ഈ മേഖലയില്‍ കാര്യമായ ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. റബര്‍ നയം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍, രണ്ടാം സര്‍ക്കാരിന്റെ പകുതിയ്ക്കു ശേഷം റബര്‍ മേഖലയിലേക്കു നോട്ടമിട്ടു. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച നടപടി കര്‍ഷകര്‍ക്കിടയില്‍ അനുകൂല പ്രതികരണമുണ്ടാക്കിയെന്ന വിലയിരുത്തലിലാണു പുത്തന്‍ പദ്ധതികളിലേക്കു നീങ്ങുന്നത്. ബിഷപ് പാംപ്ലാനിയുടെ പ്രസ്താവനയും വീണു കിട്ടിയ അവസരമായി.
സംസ്ഥാന സര്‍ക്കാര്‍ വിലസ്ഥിരതാ പദ്ധതിത്തുക വര്‍ധിപ്പിക്കാത്തതിലുള്ള കര്‍ഷക രോഷം നേട്ടമാക്കാമെന്നും കേന്ദ്രം കരുതുന്നു. ആഘോഷങ്ങളുടെ ഭാഗമായി ദേശീയ, അന്തര്‍ ദേശീയ സെമിനാറുകള്‍ ഉള്‍പ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം പുതുപ്പള്ളി റബര്‍ ഗവേഷണ കേന്ദ്രത്തോടു ചേര്‍ന്ന് രണ്ടര ഏക്കറില്‍ വിപുലമായ മ്യൂസിയവും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. ഇതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
എന്നാൽ ഇതിനിടയിൽ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സാവര്‍ ധനാനിയ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റബര്‍ വില 300 രൂപയായി ഉയരുമോ എന്ന കാര്യം പറയാനാകില്ല എന്നാണ് വ്യക്തമാക്കിയത്. രാജ്യാന്തര വിപണിയിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് റബര്‍ വില തീരുമാനിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
റബര്‍ വില മുന്നൂറു രൂപയാക്കിയാല്‍ കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡ് പിരിച്ചുവിടുമെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ചെയര്‍മാന്‍ അവകാശപ്പെട്ടു.റബര്‍ ബോര്‍ഡ് പിരിച്ചുവിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നു എന്ന പ്രചാരണം ശക്തിപ്പെടുന്നതിനിടെയാണ് ബോര്‍ഡിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ കോട്ടയത്ത് നടക്കുന്നത്.
ഏഴു വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ റബര്‍ ബോര്‍ഡിന് അനുവദിച്ച പണത്തിന്‍റെ കണക്കു നിരത്തിയാണ് ബോര്‍ഡ് പൂട്ടുമെന്ന വാദങ്ങളെ ചെയര്‍മാന്‍ ഖണ്ഡിക്കാന്‍ ശ്രമിക്കുന്നത്. റബര്‍ വില സ്ഥിരതാ ഫണ്ടില്‍ കേന്ദ്രം ഫണ്ട് കൂടി ലഭ്യമാക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വ്യക്തമായ ഉത്തരം ചെയര്‍മാന്‍ നല്‍കിയില്ല.
1955ൽ ആണ് കോട്ടയത്ത് റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആർആർഐഐ) സ്ഥാപിതമായത്. ഉൽപാദനശേഷി കൂടിയ പുതിയ ഇനം റബർ തൈകൾ ഉൽപാദിപ്പിച്ച് കൃഷി കൂടുതൽ ലാഭകരമാക്കിയതും ജനിതകമാറ്റം വരുത്തിയ റബർ ഇനങ്ങൾവരെ വികസിപ്പിച്ചതും എടുത്തുപറയണം.
ഇന്ത്യയിൽ റബർക്കൃഷിയുടെ 85 ശതമാനവും കേരളത്തിലാണ്. എന്നാൽ, കർഷകർ വലിയ പ്രതിസന്ധി നേരിടുകയാണിപ്പോൾ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിലസ്ഥിരതാ പദ്ധതിപ്രകാരമുള്ള തുക 170 രൂപയിൽനിന്ന് 250 രൂപയെങ്കിലും ആക്കണമെന്നാണ് കർഷകരുടെ ആവശ്യം. വിപണിവിലയും വിലസ്ഥിരതാ പദ്ധതിത്തുകയും തമ്മിലുള്ള വ്യത്യാസം പരിഹരിക്കാൻ നൽകുന്ന ഇൻസെന്റീവും മുടങ്ങിയിരിക്കുകയാണ്.
റബർ പാൽ നേരിട്ടു നൽകുന്ന കർഷകർക്ക് ഇപ്പോൾ ഏഴു രൂപ കുറവാണു ലഭിക്കുന്നത്. ഷീറ്റ് നൽകുന്നവരുമായുള്ള ഈ അന്തരം ഇല്ലാതാക്കണമെന്നും ആവശ്യമുയരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷി നടത്തിയാല്‍ കേരളത്തിലെ റബര്‍ മേഖലയ്ക്ക് ഇനിയും ഭാവിയുണ്ടെന്ന നിരീക്ഷണവും ചെയര്‍മാന്‍ പങ്കുവയ്ക്കുന്നു. ബിജെപിയുടെ പശ്ചിമബംഗാള്‍ ഘടകത്തിന്‍റെ മുന്‍ ട്രഷറര്‍ കൂടിയാണ് സാവര്‍ ധനനാനിയ.
കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോർഡ് രാജ്യത്തെ പ്രകൃതിദത്ത റബറിന്റെ കൃഷി, വിപണനം, ഗവേഷണം എന്നിവ ശക്തമാക്കുന്നതിനൊപ്പം തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും നിർണായകപങ്കു വഹിച്ചുപോരുന്നു. കേരളത്തിൽ മാത്രമല്ല, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും റബർക്കൃഷി വ്യാപിപ്പിക്കാൻ ബോർഡിനു കഴിഞ്ഞു.
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നു രാവിലെ പത്തിനു മാമ്മന്‍ മാപ്പിള ഹാളില്‍ ചേരുന്ന പൊതുസമ്മേളനത്തോടെ തുടക്കമായി. കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ത്രിപുര മുഖ്യമന്ത്രി മണിക് സാഹാ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ എന്നിവര്‍ ഓണ്‍ലൈനിലൂടെ പരിപാടിയിൽ പങ്കെടുത്തു.
https://www.facebook.com/Malayalivartha






















