ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രമുഖ പ്രഭാഷകനും സിഎസ്‌ഐആര്‍ മുന്‍ സീനിയര്‍ സയന്റിസ്റ്റുമായ ഡോ. എന്‍.ഗോപാലകൃഷ്ണന്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും പ്രമുഖ പ്രഭാഷകനും സിഎസ്‌ഐആര്‍ മുന്‍ സീനിയര്‍ സയന്റിസ്റ്റുമായ ലായം റോഡ് 'ശ്രീ'നിവാസില്‍ ഡോ. എന്‍.ഗോപാലകൃഷ്ണന്‍ (67) അന്തരിച്ചു. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ അന്ത്യം സംഭവിച്ചു.
സംസ്‌കാരം ഇന്ന് 11നു മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തില്‍ നടക്കും. ബിഎസ്എന്‍എല്‍ മുന്‍ ഉദ്യോഗസ്ഥ പരേതയായ രുഗ്മിണിയാണു ഭാര്യ. മക്കള്‍: ഹരീഷ് (ഐടി ഉദ്യോഗസ്ഥന്‍, ബെംഗളൂരു), ഹേമ. മരുമകന്‍: ആനന്ദ് (ഐടി ഉദ്യോഗസ്ഥന്‍).
അതേസമയം ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും ദീര്‍ഘമായ പ്രഭാഷണങ്ങള്‍ നടത്തി ശ്രദ്ധേയനായിരുന്നു. രാജ്യത്തും അന്‍പതിലേറെ വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിനു പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഫാര്‍മക്കോളജി കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലും ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം പിഎച്ച്ഡിയും സംസ്‌കൃതത്തില്‍ ഡിലിറ്റും നേടി. നൂറ്റന്‍പതിലേറെ പുസ്തകങ്ങള്‍ രചിച്ചു. കടുത്ത ദാരിദ്ര്യത്തോടു പടവെട്ടിയായിരുന്നു ജീവിതം. എറണാകുളം നോര്‍ത്ത് പരമാര ക്ഷേത്രത്തില്‍ പൂജാരിയായും ദ്വാരക ഹോട്ടലില്‍ സപ്ലൈയറായും ജോലി ചെയ്താണു പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.
1999ല്‍ തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപിച്ചു. ഇതിന്റെ ആസ്ഥാനം പിന്നീടു തൃശൂര്‍ കേച്ചേരി മഴുവഞ്ചേരിയിലേക്കു മാറ്റി. ഭാരതീയ വിചാരധാര, ഭാരതീയ ഈശ്വരസങ്കല്‍പം തുടങ്ങിയവ പ്രമുഖ കൃതികളാണ്. ശാസ്ത്ര വിഷയങ്ങളിലും വേദോപനിഷത്തുകളിലും പുരാണങ്ങളിലുമുള്ള അഗാധ പാണ്ഡിത്യം അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ വേറിട്ടതാക്കി മാറ്റി.
"
https://www.facebook.com/Malayalivartha

























