ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി

സിബിഎസ്ഇയുടെ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് (ഒഎസ്എം) സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി. വിദ്യാര്‍ത്ഥികളുടെ വിഷമം സിബിഎസ്ഇ മനസിലാക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. ഒഎസ്എം സംവിധാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
വിദ്യാര്‍ത്ഥികളുടെ നിരാശകള്‍ കാണണം. കുട്ടികള്‍ക്ക് പ്രതികൂലമായ നിലപാട് സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് ഉണ്ടാക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഒഎസ്എമ്മിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സിബിഎസ്ഇ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി.
സിബിഎസ്ഇയുടെ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് വിഷയത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ സഹായവും കോടതി ചോദിച്ചു. ഒഎസ്എം മുല്യനിര്‍ണയത്തിലെ പാകപ്പിഴകള്‍ പരിഹരിക്കാന്‍ ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും വിഷയം പരിശോധിക്കുകയാണെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണത്തിന് ഇക്കഴിഞ്ഞ അദ്ധ്യയന വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപക പരാതിയാണ് ഉയര്‍ന്നത്. എന്നാല്‍ 10ാം ക്ലാസിലും ഈ വര്‍ഷം ഒഎസ്എം നടപ്പിലാക്കുമെന്ന് സൂചനയാണ് സിബിഎസ്ഇയും കേന്ദ്ര സര്‍ക്കാരും നല്‍കിയിരുന്നത്. ഇത് വലിയ വിവാദത്തിന് കാരണമായി. തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തത്.
https://www.facebook.com/Malayalivartha

























