വരാതിരുന്നവര്‍ കേമന്‍മാര്‍... മാമൂക്കോയക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖരടക്കം പലരും വരാത്തതില്‍ അനുസ്മരണ സമ്മേളനത്തില്‍ വിമര്‍ശനം; എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്ന് പരിഹാസം

മാമൂക്കോയയുടെ വേര്‍പാട് വലിയ ദു:ഖമാണ് സമ്മാനിച്ചത്. എന്നാല്‍ പല പ്രമുഖരും വരാത്തത് അതിലേറെ ദു:ഖിപ്പിച്ചു. നാടോടിക്കാറ്റില്‍ മോഹന്‍ലാലിനേയും ശ്രീനിവാസനേയും ദുബായിക്ക് യാത്രയാക്കുമ്പോള്‍ മാമുക്കോയ ഒരു ഡയലോഗ് പറയുന്നുണ്ട്. ങ്ങള് നന്നായി തിരിച്ചു വരുമ്പോള്‍ വെറുതെ ന്റെ പൊരേല് വരണം ഒന്നും കൊണ്ടുവരരുത്. നന്നായാ കാണാനുള്ള ആഗ്രഹമാ... എന്നാല്‍ ആരും വന്നില്ല.
മലയാളത്തിന്റെ പ്രിയ നടന്‍ മാമൂക്കോയക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖരടക്കം പലരും വരാത്തതില്‍ അനുസ്മരണ സമ്മേളനത്തിലും വിമര്‍ശനം. മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്നതടക്കമുള്ള രൂക്ഷ വിമര്‍ശനമാണ് അനുസ്മരണ യോഗത്തില്‍ സംസാരിച്ച സംവിധായകന്‍ വി എം വിനു ഉന്നയിച്ചത്. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകന്‍ മുന്നോട്ടുവച്ചു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അനുസ്മരണ സമ്മേളനത്തില്‍ വി എം വിനു പറഞ്ഞു. താന്‍ ഏറണാകുളത്ത് പോയി മരിയ്ക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുസ്മരണ സമ്മേളനത്തില്‍ സംസാരിച്ച ആര്യാടന്‍ ഷൗക്കത്തും ഇക്കാര്യം ചൂണ്ടികാട്ടി. മാമുക്കോയ നല്‍കിയ സ്‌നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നല്‍കാന്‍ ആയില്ലെന്നാണ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്. എല്ലാവരെയും സ്‌നേഹിച്ച വ്യക്തി ആയിരുന്നു മാമുക്കോയ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മാമുക്കോയയുടെ സംസ്‌കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഇന്ന് നടന്നു. വീട്ടില്‍ ഒന്‍പതര വരെ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബര്‍ സ്ഥാനില്‍ ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്.
നിരവധി ആളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സിനിമ- നാടക -സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവര്‍ക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലേക്ക് ഒഴുകിയെത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതിനിടെ മറ്റൊരു അനുഭവവും ചര്‍ച്ചയാകുന്നു. 29 വര്‍ഷം മുമ്പ്, അതായത് 1994-ലാണ് മാമുക്കോയ കോഴിക്കോട് വീട് വെയ്ക്കുന്നത്. ഗൃഹപ്രവേശ ചടങ്ങ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമുള്ള ചെറിയ പരിപാടി ആയി നടത്താനാണ് മാമുക്കോയ കരുതിയിരുന്നത്. എന്നാല്‍ വലിയ പരിപാടി ആക്കണമെന്ന് ബഷീര്‍ പറഞ്ഞു. ഇതിനായി അദ്ദേഹം ഓടിനടന്ന് കാര്യങ്ങള്‍ ചെയ്തു. നാല് പ്രമുഖരെ വീടുകൂടലിന് കൊണ്ടുവരാമെന്നും പറഞ്ഞു. ഇഎംഎസ്, സുകുമാര്‍ അഴീക്കോട്, നിത്യചൈതന്യയതി, മൊയ്തു മൗലവി എന്നിവരായിരുന്നു വിഐപികള്‍.
ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിനായിരുന്നു ചടങ്ങ് നിശ്ചയിച്ചത്. എന്നാല്‍ ആ പരിപാടിക്ക് ബഷീര്‍ കാത്തുനിന്നില്ല. ജൂലൈ അഞ്ചിന് ബഷീര്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. എന്തു ചെയ്യണം എന്ന് മാമുക്കോയയ്ക്ക് അറിയില്ലായിരുന്നു. ഒടുവില്‍ വലിയ ചടങ്ങുകളോ ആഘോഷമോ അതിഥികളോ ഇല്ലാതെ ഗൃഹപ്രവേശം നടത്തി. തന്റെ ജീവിതത്തിലെ ഏറ്റവും വേദനിക്കുന്ന ഓര്‍മകളില്‍ ഒന്നാണ് അതെന്ന് പിന്നീട് അഭിമുഖങ്ങളില്‍ മാമുക്കോയ പറഞ്ഞിട്ടുണ്ട്. അതുപോലെ മരണത്തിലും പ്രമുഖരാരുമെത്താത്തത് വലിയ ചര്‍ച്ചയാകുന്നു.
" f
https://www.facebook.com/Malayalivartha

























