ബിജെപിയെ പഴിക്കേണ്ട, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് വെള്ളാപ്പള്ളി

മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പ്രതിമ കൊല്ലത്തു അനാവരണം ചെയ്യുന്ന ചടങ്ങില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയതിന് ബിജെപിയെ പഴിക്കേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിന്റെ ഉത്തരവാദിത്തം തനിക്കാണ്. ഒഴിവാക്കിയതില്‍ വിഷമമില്ല. വിവാദം കൊണ്ട് ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ചടങ്ങില്‍ അധ്യക്ഷനുണ്ടാകില്ല. താന്‍ ആമുഖ പ്രസംഗമാകും നടത്തുകയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നാളെ കൊല്ലത്തു പ്രധാനമന്ത്രി നരേന്ദ്ര മോഡി ആര്‍.ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങില്‍ അധ്യക്ഷനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചശേഷം പിന്നീട് ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുള്ളതിനാല്‍ പരിപാടിയില്‍നിന്ന് ഒഴിഞ്ഞുനിന്നു സഹായിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഉമ്മന്‍ ചാണ്ടിയോടു ഫോണില്‍ അഭ്യര്‍ഥിച്ചത്. ഇതേത്തുടര്‍ന്നു സംഘാടകരുടെ അഭ്യര്‍ഥന മാനിച്ചു താന്‍ വിട്ടുനില്‍ക്കുകയാണെന്നും ഇതില്‍ അതിയായ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
അതേസമയം, മുഖ്യമന്ത്രിയെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം. മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എന്‍. കെ. പ്രേമചന്ദ്രന്‍ എംപി (ആര്‍എസ്പി), പി. കെ. ഗുരുദാസന്‍ എംഎല്‍എ (സിപിഎം), സിപിഎമ്മിന്റെ കൊല്ലം മേയര്‍ വി. രാജേന്ദ്രബാബു എന്നിവരും പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിക്കു വിലക്കേര്‍പ്പെടുത്തിയത് ആര്‍എസ്എസ് അജന്‍ഡയുടെ ഭാഗമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha