കേരളം വെന്തുരുകുന്നു.... സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
വേനല്‍മഴ ലഭിച്ചതോടെ അന്തരീക്ഷ ഈര്‍പ്പം വല്ലാതെ കൂടിയ സാഹചര്യത്തില്‍ കേരളം വെന്തുരുകുന്നു. 36 ഡിഗ്രി സെല്‍ഷ്യസില്‍ ചൂട് എത്തിനില്‍ക്കുമ്പോഴും ഈര്‍പ്പത്തിന്റെ ശക്തമായ സാന്നിധ്യമാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്.
സംസ്ഥാനത്ത് വേനല്‍മഴ ആശ്വാസമായെങ്കിലും വീണ്ടും ചൂട് കനക്കുകയാണ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ കനത്ത മഴ ഇക്കുറി ലഭിച്ചില്ല. ഉത്തരകേരളത്തില്‍ ചൂടിന് കുറവില്ലാതെ തുടര്‍ന്നപ്പോള്‍ മധ്യകേരളത്തില്‍ ആശ്വാസമഴയും തെക്കന്‍ കേരളത്തില്‍ ശരാശരി മഴയുമാണ് ലഭിച്ചത്.
മാര്‍ച്ച് ഒന്ന് മുതല്‍ മേയ് 18 വരെ 20 ശതമാനം കുറഞ്ഞ് 239.5ന് പകരം 190.5 മില്ലിമീറ്റര്‍ വേനല്‍മഴയാണ് കേരളത്തിന് ലഭിച്ചത്. കോഴിക്കോട് (76), കാസര്‍കോട് (68), കണ്ണൂര്‍ (68) എന്നിങ്ങനെ ഉത്തര ജില്ലകളില്‍ വലിയ മഴകുറവാണുള്ളത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ ശരാശരി മഴ ലഭിച്ചില്ല. ഇടുക്കി, വയനാട്, പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശരാശരി മഴയാണ് ലഭിച്ചത്.
അതേസമയം, അന്തമാന്‍-നികോബാര്‍ ദ്വീപുകളില്‍ കഴിഞ്ഞ ദിവസം എത്തിയ കാലവര്‍ഷം കഴിഞ്ഞ വര്‍ഷത്തിന് സമാനം അവിടെ ചുറ്റിക്കറങ്ങിയാല്‍ കേരളത്തില്‍ എത്തുന്നത് വൈകാനിടയുണ്ട്. അന്തമാനില്‍ ചുറ്റിത്തിരിഞ്ഞാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുന്നത് വൈകാന്‍ ഇടയാക്കും.ഇവിടെ നിന്ന് ശ്രീലങ്കയില്‍ എത്തി പിന്നാലെ കേരളത്തില്‍ എത്തുന്നതോടെയാണ് മണ്‍സൂണിന് തുടക്കമാവുക.
"
https://www.facebook.com/Malayalivartha
























