ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കൽ...!! ടാക്സി സ്റ്റാൻഡിന് ക്രമീകരണം ഒരുക്കാതെ തിരുനക്കരയിൽ നിന്ന് ടാക്സി ഡ്രൈവർമാരെ ഒഴിപ്പിച്ചു, പ്രതിഷേധവുമായി ഡ്രൈവർമാരുടെ യൂണിയനുകൾ, ടാക്സി സ്റ്റാൻഡ് പഴയ പോലീസ് സ്റ്റേഷൻ മൈതാനത്തേക്ക് മാറ്റാൻ തീരുമാനമായി

ബലക്ഷയമാണെന്ന് കണ്ടെത്തിയ തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കുന്നതിനു മുന്നോടിയായി ടാക്സി ഡ്രൈവർമാരെ നീക്കം ചെയ്തതിൽ പ്രതിഷേധം. മറ്റൊരു സ്ഥലം കണ്ടെത്തി ടാക്സി സ്റ്റാൻഡിന് നൽകുന്നതിനു മുൻപ് ഡ്രൈവർമാരെ ഒഴിപ്പിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ബുധനാഴ്ച രാവിലെയാണ് ടാക്സി സ്റ്റാൻഡ് ഒഴിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തിയത്.
സ്ഥലത്ത് എത്തിയ പൊലീസ് സംഘം ടാക്സി സ്റ്റാൻഡ് ഒഴിയണമെന്നും , ഇന്ന് കൂടി മാത്രമേ സമയം അനുവദിക്കൂ എന്നും ടാക്സി ഡ്രൈവർമാരെ അറിയിച്ചു.തങ്ങൾക്ക് മതിയായ മറ്റൊരു സ്ഥലം അനുവദിക്കാതെ ഒഴിയില്ല എന്ന നിലപാടിൽ ടാക്സി ഡ്രൈവർമാർ എത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഇവർ നഗരസഭ ഓഫിസിലേയ്ക്ക് എത്തി. ഇവിടെ ഇവർ എത്തിയെങ്കിലും നഗരസഭ സെക്രട്ടറിയോ ചെയർപേഴ്സണോ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
തുടർന്ന് , ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സ്ഥലത്ത് എത്തി. ടാക്സി ഡ്രൈവർമാരുമായി ചർച്ച നടത്തി. നിലവിൽ പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്നും പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തേയ്ക്ക് ടാക്സി സ്റ്റാൻഡ് മാറ്റുന്നതിന് തീരുമാനമായി. ഇതിനിടെ ബലക്ഷയം എന്ന് കണ്ടെത്തിയിട്ടും ബസ് സർവീസ് തുടർന്നിരുന്ന തിരുനക്കര സ്റ്റാൻഡ് ബുധനാഴ്ച രാവിലെ നഗരസഭ അടച്ചു.
രാജധാനി ഹോട്ടൽ ബിൽഡിങ്ങിൽ നിന്നും കോൺക്രീറ്റ് സ്ലാബ് വീണ യുവാവ് മരിച്ചിട്ടും ബസ്റ്റാൻഡിനുള്ളിലൂടെ ബസ്സുകൾ കയറിയിറങ്ങുന്നത് സംബന്ധിച്ച് ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച രാവിലെ മുതൽ സ്റ്റാൻഡിനുള്ളിലൂടെയുള്ള ബസ് സർവീസ് നഗരസഭ വിലക്കിയത്. സ്റ്റാൻഡിന്റെ ഇരു കവാടങ്ങളും നഗരസഭ അടച്ചു കെട്ടുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























