തമിഴ്നാട്ടിൽ നിന്ന് കോട്ടയത്തേക്ക് പൂവുമായെത്തിയ വ്യാപാരികൾക്ക് എട്ടിന്റെ പണി, 40 ലക്ഷം മുടക്കി നഗരസഭയ്ക്ക് വാടക നൽകിയ വ്യാപാരികൾ നെട്ടോട്ടം ഓടുന്നു, രണ്ട് ദിവസം എങ്കിലും കച്ചവടം അനുവദിക്കണമെന്ന അപേക്ഷയുമായി വ്യാപാരികൾ

മലയാളികളുടെ ദേശീയ ഉത്സവം കളറാക്കാൻ നാൽപ്പത് ലക്ഷത്തോളം രൂപ മുടക്കി പുക്കളുമായി എത്തിയ വ്യാപാരികൾക്ക് കിട്ടിയത് എട്ടിന്റെ പണി. നഗരസഭയിൽ നിയമാനുസൃതം പണമടച്ച് വ്യാപാരം നടത്താൻ എത്തിയ വ്യാപാരികളാണ് അധികൃതരുടെ അനാസ്ഥയ്ക്കൊപ്പം കുടുങ്ങിയത്. നഗരസഭ ബലക്ഷയമാണെന്ന് കണ്ടെത്തി ഒളിക്കാൻ തീരുമാനിച്ചിരിക്കുന്ന തിരുനക്കരയിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിലായാണ് വ്യാപാരികൾ പൂക്കളുമായി ഇരുന്നത്. ഓണത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇവർ ഇവിടെ സ്ഥലം പിടിച്ച് കച്ചവടവും തുടങ്ങിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം രാജധാനി ഹോട്ടലിൽ നിന്നും കോൺക്രീറ്റ് ബീം തെറിച്ചുവീണ് യുവാവ് മരിച്ചതോടെയാണ് പൂ വ്യാപാരികളുടെ കഷ്ടകാലവും തുടങ്ങിയത്. തിരുനക്കര മുനിസിപ്പൽ ഷോപ്പിങ് കോംപ്ളക്സിന് മുന്നിൽ ഇരിക്കുന്ന വ്യാപാരികളുടെ ഇവിടെ നിന്നും ഒഴിയണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബലക്ഷയമുള്ള തിരുനക്കര ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ നിന്നും വ്യാപാരികളുടെ ഒഴിയാൻ ആവശ്യപ്പെടുന്നത് എന്നായിരുന്നു പോലീസിന്റെ വാദം.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കോട്ടയം വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. തുടർന്ന് , തമിഴ് നാട്ടിൽ നിന്നെത്തിയ പൂവ്യാപാരികളോട് മുനിസിപ്പൽ ഷോപ്പിങ്ങ് കോംപ്ളക്സിന് മുന്നിൽ ഇരുന്ന് വ്യാപാരം ചെയ്യാനാവില്ല എന്ന് പൊലീസ് അറിയിച്ചു. ഇതോടെ തങ്ങളുടെ ദുരിതം വിവരിച്ച വ്യാപാരികളോട് നഗരസഭയെ അറിയിക്കാനായിരുന്നു പൊലീസിന്റെ മറുപടി.
ഓണവിപണി ലക്ഷ്യമിട്ട് ഇരുപതിന് മുകളിൽ കച്ചവടക്കാരും തൊഴിലാളികളുമാണ് കോട്ടയം നഗരത്തിൽ പുക്കളുമായി എത്തിയത്. നാൽപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പുക്കച്ചവടത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. കോട്ടയം നഗരത്തിലെ വിവിധ ലോഡ്ജുകളിൽ ടൺ കണക്കിന് പൂക്കളാണ് ഇവർ നിലവിൽ സുക്ഷിച്ചിരിക്കുന്നത്.
സ്കൂളുകളിലും കോളേജുകളിലും ഓണാഘോഷം നടക്കുന്ന ഇന്നും നാളെയും മറ്റന്നാളും ആണ് പൂവിപണി കൂടുതൽ സജീവമാവുക എന്ന് വ്യാപാരികൾ പറയുന്നു. ഈ മൂന്ന് ദിവസം എങ്കിലും വ്യാപാരം നടത്താൻ അനുവദിക്കണമെന്നും , എങ്കിൽ മാത്രമേ തങ്ങൾക്ക് മുടക്കുമുതൽ എങ്കിലും തിരികെ പിടിക്കാൻ സാധിക്കു എന്നുമാണ് വ്യാപാരികളുടെ വാദം.
https://www.facebook.com/Malayalivartha


























