കൂടെനിന്ന സഖാക്കൾ തന്നെ എ.സി. മൊയ്തീന് എതിരെ മൊഴി നൽകി...ഇടപാടുകളെക്കുറിച്ചു ബെനാമികളേക്കാൾ മുൻപ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു (ഇ.ഡി) പറഞ്ഞതു സഖാക്കളാണ്.... സഖാക്കളുടെ സഹകരണം കണ്ട് അന്തം വിട്ട് പാർട്ടി...

കൂടെനിന്ന സഖാക്കൾതന്നെ എ.സി. മൊയ്തീന് എതിരെ മൊഴി നൽകിയെന്നു സൂചന. ബാങ്കിൽ മൊയ്തീന്റെ ആവശ്യപ്രകാരം നടത്തിയെന്നു പറയുന്ന ഇടപാടുകളെക്കുറിച്ചു ബെനാമികളേക്കാൾ മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു (ഇ.ഡി) പറഞ്ഞതു സഖാക്കളാണ്. കണ്ണൂരിലെ പ്രമുഖ നേതാവിന്റെ ഇടപെടലിനെക്കുറിച്ചു സൂചന നൽകിയതും ഇവരാണ്. നേരത്തെ ലഭിച്ച സൂചന ബെനാമികളുടെ മൊഴിയിലൂടെ ഉറപ്പാക്കിയതോടെയാണു മൊയ്തീനു ബെനാമികളുമായി ബന്ധമുണ്ടെന്നു ഇ.ഡി സ്ഥിരീകരിച്ചത്.സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രനെയും ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ചന്ദ്രൻ ഉൾപ്പെട്ടിരുന്നില്ല. ചന്ദ്രനെ സിപിഎം സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് അംഗത്വത്തിൽ തിരിച്ചെടുത്തു. ചന്ദ്രനായിരുന്നു ബാങ്കിന്റെ ചുമതല. എ.സി.മൊയ്തീൻ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും ചന്ദ്രൻ ബാങ്കിന്റെ ചുമതല വഹിച്ചിട്ടുണ്ട്.
പണം തട്ടിപ്പിലെ പ്രധാന കണ്ണികളിൽ ഒരാൾ എ.സി.മൊയ്തീന്റെ ബന്ധുവാണെന്ന ആരോപണത്തെക്കുറിച്ചും ബാങ്കുമായി ബന്ധപ്പെട്ടവർ സൂചന നൽകിയിട്ടുണ്ട്. പ്രധാനമായും 3 പേരുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചാണു തട്ടിപ്പിനെക്കുറിച്ചു വിവരം കിട്ടിയിട്ടും എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്നതാണു എ.സി.മൊയ്തീൻ നേരിടേണ്ടിവരുന്ന പ്രധാന ചോദ്യം. പാർട്ടിക്കു പരാതി കിട്ടിയ ശേഷമാണു കോടികളുടെ തട്ടിപ്പു നടന്നത്.ഇക്കാര്യം സിപിഎം പ്രതിനിധികൾതന്നെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ബാങ്കിനു പുറത്തുള്ളവർക്കു പണം നൽകിയതും ഓഹരി ഉടമകൾ അറിയാതെ അവരുടെ പേരിൽ സിപിഎം നേതാക്കൾ വായ്പ കൊടുത്തതുമെല്ലാം പാർട്ടിക്ക് ഇതേക്കുറിച്ച് അറിവു കിട്ടിയ ശേഷമാണെന്നും പ്രാദേശിക നേതാക്കൾ സമ്മതിക്കുന്നു. ഇതെല്ലാം കഴിഞ്ഞു വളരെ വൈകിയാണു പ്രാദേശിക നേതാക്കളുടെ മേൽ കുറ്റംചാരി അവർക്കെതിരെ പാർട്ടി നടപടിയെടുത്തത്. പാർട്ടി നടപടിയെടുത്ത എല്ലാവരുമായും ഇ.ഡി സംസാരിച്ചിട്ടുണ്ട്.
തട്ടിപ്പു നടക്കുന്ന സമയത്തു സിപിഎം ജില്ലാ നേതൃത്വത്തിനു ബാങ്കിലെ ഇടപാടുകളെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് ഇവരിൽ പലരും നൽകിയ വിവരം.മൊയ്തീനു പുറമേ സിപിഎമ്മിന്റെ പ്രാദേശിക ചുമതലയുള്ള രണ്ടുപേർ കൂടി പ്രതികളായേക്കും. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. എന്നാൽ ഇവർക്കെതിരെ ഇ.ഡിക്കു മൊഴി ലഭിച്ചിട്ടുണ്ട്. ബാങ്കിലേക്കു വിദേശ ബന്ധമുള്ളതടക്കമുള്ള പണം വന്നതും പോയതും ഇവരുടെ അറിവോടു കൂടിയാണെന്നാണു പലരും നൽകിയ വിവരം. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി മൊയ്തീൻ 11-ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം. ചോദ്യം ചെയ്യലിന് സാവകാശം നൽകണമെന്ന് എ.സി മൊയ്തീൻ ആവശ്യപ്പെട്ടെങ്കിലും ഇ.ഡി ആവശ്യം തള്ളുകയായിരുന്നു.
14-ാം തീയതി വരെയാണ് സമയം ചോദിച്ചിരുന്നത്. എന്നാൽ 11-ന് രാവിലെ 11 മണിക്ക് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിനും സാധ്യതയുണ്ട്. കേസിൽ അറസ്റ്റിലായവരുടെയും ചോദ്യം ചെയ്തവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ അടുത്ത നീക്കം.ഇതിനിടെ അറസ്റ്റിലായ ബിനാമികളായ പി. സതീഷ് കുമാറിനേയും പി.പി കിരണിനേയും നാല് ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച രാത്രിയിലാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. കിരണിന് ബാങ്കിൽ അംഗത്വം ഇല്ലെന്നരിക്കേ ഇയാൾക്ക് വായ്പ നൽകാൻ ഒട്ടേറെപ്പേരുടെ രേഖകൾ ഉപയോഗപ്പെടുത്തിയിരുന്നു. ബാങ്കിൽ നിന്ന് കിരണിന് 24.56 കോടി രൂപ വായ്പയായി ലഭിച്ചിരുന്നതായി ഇ.ഡി കോടതിയിൽ വ്യക്തമാക്കി. കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാർ രാഷ്‌ട്രീയ പ്രമുഖർക്ക് കൈമാറിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
https://www.facebook.com/Malayalivartha

























