ഉത്തർപ്രദേശിലെ അമേഠിയില്‍ തോറ്റ് തുന്നംപാടിയ രാഹുല്‍ഗാന്ധിക്ക് കച്ചിത്തുരുമ്പായത് കേരളമാണ്.... നിലവില്‍ കോണ്‍ഗ്രസിന്റെ നിലമെച്ചപ്പെട്ടിട്ടുണ്ടെങ്കിലും രാഹുലിന്റെ രാഷ്ട്രീയഭാവി ഇപ്പോഴും വെന്റിലേറ്ററിലാണ്..... ഉത്തര്‍പ്രദേശില്‍ വീണ്ടും മത്സരിക്കാനുള്ള സാഹചര്യം പോലുമില്ല....

ഉത്തര്പ്രദേശിലെ അമേഠിയില്‍ തോറ്റ് തുന്നംപാടിയ രാഹുല്‍ഗാന്ധിക്ക് കച്ചിത്തുരുമ്പായത് കേരളമാണ്. നിലവില്‍ കോണ്‍ഗ്രസിന്റെ നിലമെച്ചപ്പെട്ടിട്ടുണ്ടെങ്കിലും രാഹുലിന്റെ രാഷ്ട്രീയഭാവി ഇപ്പോഴും വെന്റിലേറ്ററിലാണ്. ഉത്തര്‍പ്രദേശില്‍ വീണ്ടും മത്സരിക്കാനുള്ള സാഹചര്യംപോലുമില്ല. ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് ജയിച്ചിരുന്ന നിരവധി മണ്ഡലങ്ങള്‍ ഉത്തരേന്ത്യയിലുണ്ടായിരുന്നു. അതെല്ലാം കടപുഴകി. നൂറ് എം.പിമാരെ പോലും പാര്‍ലമെന്റില്‍ എത്തിക്കാനാകാത്ത ഗതികേടിലാണ് രാജ്യത്തെ മുതുമുത്തശ്ശിയായ രാഷ്ട്രീയ പ്രസ്ഥാനം. പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണിയില്‍ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നു. അതിനിടെയാണ് ഉദയനിധി സ്റ്റാലിന്‍ സനാധനധര്‍മവും സാംക്രമികരോഗവും എന്ന പുലിവാല് പടച്ചുവിട്ടത്. ഇതോടെ കരുണാനിധിയുടെ കൊച്ചുമകനെ തള്ളാനും കൊള്ളാനുമാകാത്ത ഗതികേടിലായി രാഹുലും സംഘവും.
മണിപ്പൂര്‍ സംഘര്‍ഷത്തോടെ നിറംകെട്ടിരുന്ന ബി.ജെ.പിക്ക് രാഷ്ട്രീയ മുന്നേറ്റത്തിനുള്ള അവസരമായി സ്റ്റാലിന്റെ പ്രസ്താവന. എന്നാല്‍ തമിഴകത്ത് ബി.ജെ.പിയുടെ തോളില്‍ കയ്യിട്ട് നടക്കുന്ന എ.ഐ.ഡി.എം.കെ ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ രംഗത്തെത്തിയില്ല എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഈ വിഷയം പ്രത്യേക പ്രത്യാഘാതങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഉമ്മന്‍ചാണ്ടിയുടെ പ്രഭയില്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ജയിക്കുമെങ്കിലും അത് വലിയ നേട്ടമാകില്ല. കാരണം നിലവിലുള്ള സീറ്റ് നിലനിര്‍ത്താനേ അതുകൊണ്ടാവൂ. അല്ലാതെ എല്‍.ഡി.എഫില്‍ നിന്ന് ഒരു സീറ്റുകൂടി പിടിച്ചെടുക്കാനാവില്ല. അതുകൊണ്ട് കക്ഷത്തിരിക്കുന്നത് പോകാതിരിക്കാനുള്ള ശ്രമത്തിലാണവര്‍. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാകും. അതിനുള്ള പെരുമ്പറ തെരഞ്ഞെടുപ്പ് സമയത്ത് കെ.മുരളീധരനും രമേശ് ചെന്നിത്തലയും കൊട്ടിയിരുന്നു.
സജീവരാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലം അവധിയെടുക്കുകയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും കെ. മുരളീധരന്‍ വെടി പൊട്ടിച്ചിരുന്നു. ഇലക്ഷന് ശേഷം ബാക്കി കാര്യങ്ങള്‍ തുറന്നടിക്കുമെന്നും വ്യക്തമാക്കി. അടുത്തദിവസങ്ങളില്‍ അതുണ്ടാവും. സംസ്ഥാന കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയില്‍ കെ. മുരളീധരനല്ലാതെ മറ്റാര്‍ക്കും പാര്‍ട്ടിയെ രക്ഷിക്കാനാവില്ല. ഇതറിയാവുന്ന നേതൃത്വം അദ്ദേഹത്തെ അകറ്റിനിര്‍ത്തിയിരിക്കുകയാണ്. അതിനിടെ അദ്ദേഹം അവധിയെടുത്താല്‍ കോണ്‍ഗ്രസിനുണ്ടാകുന്ന ക്ഷീണം അമൃത് കുടിച്ചാലും തീരില്ല. ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് നോമിനേറ്റ് ചെയ്യുകയും തന്നെ സ്ഥിരം ക്ഷണിതാവാക്കുകയും ചെയ്തതിന്റെ കലിപ്പിലാണ് രമേശ് ചെന്നിത്തല. 19 കൊല്ലം മുമ്പ് വഹിച്ചിരുന്ന പദവിയാണ് ചെന്നിത്തലയ്ക്ക് വീണ്ടും കൊടുത്തത്. പെറ്റതള്ള പോലും പൊറുക്കാത്ത കാര്യമാണ്. എന്നാല്‍ നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ചെന്നിത്തലയെ പോലൊരാള്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്ന കാര്യം അദ്ദേഹം മനസ്സിലാക്കുന്നില്ല.
പാര്‍ട്ടിയുടെ വളര്‍ച്ചയല്ല, തന്റെ പദവിയാണ് അദ്ദേഹത്തിന് മുഖ്യം. അതുകൊണ്ട് അനുനയ നീക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുന്നുണ്ട്. എന്നാലും വഞ്ചി തിരുനക്കരെ തന്നെ എന്നതാകും അവസ്ഥ. കേരളത്തിലെ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്താന്‍ രമേശ് ചെന്നിത്തലയെ പോലൊരാളുടെ സേവനം വളരെ അത്യാവശ്യമാണ്. സര്‍ക്കാരിനെതിരായ ജനകീയ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമാണ്. അത് മനസ്സിലാക്കാതെ എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറായി ചെന്നിത്തല മാറുന്നു.നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ മുസ്‌ലിംലീഗിന് കടുത്ത അതൃപ്തിയാണുള്ളത്. കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. എന്നാല്‍ ലീഗ് അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. കാരണം കോണ്‍ഗ്രസ് തകര്‍ന്നാലും തങ്ങള്‍ക്ക് നിലനില്‍ക്കണം എന്ന ആഗ്രഹം ലീഗിനുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തില്‍ പോലും പങ്കെടുക്കാതെയാണ് ലീഗ് നേതാക്കള്‍ തെരഞ്ഞെടുപ്പ് യോഗം തുടങ്ങിയത്. മലപ്പുറത്ത് സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ മീറ്റിംഗാണ് വിളിച്ച് ചേര്‍ത്തത്. പാര്‍ലമെന്റ് മണ്ഡലം തലത്തില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നരേന്ദ്രമോദി സര്‍ക്കാര്‍ ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്നത് മുസ്‌ലിം സമൂഹത്തിനാണെന്ന് ലീഗിന് നന്നായി അറിയാം. അതുകൊണ്ടാണ് അവര്‍ ഒരുമുഴം മുന്നേ എറിഞ്ഞത്. എന്നാലീ യോഗം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നിലവിലുള്ള ലോക്‌സഭാ സീറ്റുകളായ മലപ്പുറത്തിനും പൊന്നാനിക്കും പുറമേ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന് ലീഗ് കോണ്‍ഗ്രസിനോട് ആവശ്യപ്പെടും. കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയില്ലെങ്കിലും മലപ്പുറത്തും പൊന്നാനിയിലും ജയിക്കാനാകുമെന്ന ആത്മവിശ്വാസം ലീഗിനുണ്ട്. കോണ്‍ഗ്രസാകട്ടെ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും ലീഗിന്റെ കൂടെ വോട്ട് വാങ്ങിയാണ് വിജയിക്കുന്നത്. അതുകൊണ്ട് വയനാട്, കോഴിക്കോട് സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് വേണമെന്ന ആവശ്യമാണ് ലീഗ് മുന്നോട്ട് വയ്ക്കുന്നത്. വയനാട് രാഹുല്‍ ഗാന്ധിയുടെ പച്ചത്തുരുത്താണ്. അവിടെ ലീഗിന്റെ വോട്ടുകൊണ്ടാണ് കോണ്‍ഗ്രസ് കരകയറുന്നത്. അത് വേണമെന്ന് അവര്‍ വാശിപിടിച്ചാല്‍ രാഹുല്‍ഗാന്ധി പിന്നെ കുറ്റിയും പറിച്ചോണ്ട് എവിടെപ്പോകും? നിലവില അവസ്ഥയില്‍ രാഹുലിന് സുരക്ഷിതമായ മറ്റൊരു മണ്ഡലമില്ല. അതുകൊണ്ട് ലീഗിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരുന്ന് കാണാം. അത്ര കടുത്തനിലപാട് സ്വീകരിക്കാനുള്ള ശക്തിയൊന്നും കോണ്‍ഗ്രസ് നേതൃത്വത്തിനില്ല. അതുകൊണ്ട് നൈസായിട്ടൊരു തീരുമാനം ആകും ഉണ്ടാവുക.
https://www.facebook.com/Malayalivartha

























