ജി 20യിൽ സംയുക്ത പ്രസ്താവന ഇല്ലെങ്കിൽ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ശശി തരൂർ... സമവായം ഉണ്ടാക്കാനായില്ലെങ്കിൽ ഇന്ത്യയുടെ ദൗർബല്യമായി അത് വിലയിരുത്താൻ സാധ്യതയെന്നും തരൂർ..

ജി 20യിൽ സംയുക്ത പ്രസ്താവന ഇല്ലെങ്കിൽ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ശശി തരൂർ. സമവായം ഉണ്ടാക്കാനായില്ലെങ്കിൽ ഇന്ത്യയുടെ ദൗർബല്യമായി അത് വിലയിരുത്താൻ സാധ്യതയെന്നും തരൂർ പറഞ്ഞു. മൂന്നു ദിവസം ദില്ലി അടച്ചിട്ട് നടത്തുന്ന ഉച്ചകോടിയുടെ ഫലമെന്ത് എന്ന ചർച്ച ഉയരും. പുടിനും ഷി ജിൻപിങും വരാത്തത് ഉച്ചകോടിയെ ബാധിക്കും. ഷി ജിൻപിങ് വരാത്തത് നഷ്ടമെന്ന് ശശി തരൂർ പറഞ്ഞു. ജി 20 വലിയ വിഷയമാക്കി മാറ്റാൻ കേന്ദ്ര സർക്കാരിന് സാധിച്ചു. അദ്ധ്യക്ഷ സ്ഥാനത്തെ വലിയ സംഭവം ആക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാൽ ജി20 നന്നായി നടന്നത് കൊണ്ട് മാത്രം മോദിക്ക് വോട്ടു കിട്ടില്ലെന്നും ശശി തരൂർ അഭിപ്രായപ്പെട്ടു. വിദേശകാര്യ രംഗത്ത് എല്ലാവരും ഒന്നിച്ച് നില്ക്കണം എന്നാണ് തന്റെ നിലപാടെന്നും തരൂർ വ്യക്തമാക്കി. ഭിന്നതകൾ രാജ്യത്തിനകത്ത് നിർത്തണമെന്നും വിദേശത്ത് പരമാവധി ഇത് ഒഴിവാക്കണം എന്നും തരൂർ കൂട്ടിച്ചേർത്തു.
ഇന്ത്യ-ഭാരത് തർക്കം നിലനിൽക്കെ ജി-20 സമ്മേളനത്തിനുള്ള ലഘുലേഖകളിൽ ഇന്ത്യക്ക് പകരം 'ഭാരത്' എന്നെഴുതി കേന്ദ്രസർക്കാർ. ഭാരത് രാജ്യത്തിന്‍റെ ഔദ്യോഗിക നാമമാണെന്നും ലഘുലേഖകളിലൊന്നിൽ പറയുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന വിശിഷ്ടവ്യക്തികൾക്ക് കൈമാറുന്ന ലഘുലേഖകളിലാണ് സർക്കാരിന്‍റെ പേര് മാറ്റം. രാജ്യത്തിന്‍റെ 6000 ബി.സി.ഇ മുതലുള്ള ചരിത്രമാണ് ഇവയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഭാരത്, ദി മദർ ഓഫ് ഡമോക്രസി', 'ഇലക്ഷൻസ് ഇൻ ഇന്ത്യ' എന്നീ രണ്ട് ലഘുലേഖകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത്.
രാമായണം, മഹാഭാരതം, ഛാത്രപതി ശിവാജിയുടെ ആഖ്യാനങ്ങൾ,അക്ബർ, തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്കുള്ള രാജ്യത്തിന്‍റെ വളർച്ച തുടങ്ങിവയാണ് പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നത്.
ഇന്ത്യയെ ജനാധിപത്യത്തിന്‍റെ മാതാവായാണ് ആദ്യ പുസ്തകത്തിൽ പരാമർശിക്കുന്നത്. 5000 വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന സിന്ധുനദീതട സംസ്കാരത്തിൽ നിന്ന് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്ന 'നൃത്തം ചെയ്യുന്ന പെൺകുട്ടി' (ഡാൻസിങ് ഗേൾ) എന്ന വെങ്കലപ്രതിമയാണ് ഇത് അവതരിപ്പിക്കുന്നത്. ആത്മവിശ്വാസത്തിന്‍റെ അടയാളമായാണ് പ്രതിമയെ വിശേഷിപ്പിച്ചിരിക്കുന്നത്. പുരാതന വേദങ്ങളെക്കുറിച്ചും പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട്. രാമായണത്തിൽ രാമനെ രാജാവായി പിതാവ് തെരഞ്ഞെടുത്തത് മന്ത്രിമാരുടെ സമിതി നൽകിയ അനുമതിക്ക് പിന്നാലെയാണ്. മഹാഭാരതത്തിൽ മരണക്കിടക്കയിൽ വെച്ച് ഭീഷ്മർ യുദിഷ്ടിരന് പറഞ്ഞുകൊടുത്തത് സദ്ഭരണത്തിന്‍റെ പാഠങ്ങളാണെന്നും പുസ്തകത്തിൽ പറയുന്നു. ബുദ്ധിസം, ഛാത്രപതി ശിവജി മഹാരാജ്, ഛന്ദ്രഗുപ്ത മൗര്യ തുടങ്ങിയവരെയും ആദ്യ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
ഇന്ത്യയുടെ തെരഞ്ഞെടുപ്പിൽ വന്ന മാറ്റങ്ങളും, ജനങ്ങളുടെ പങ്കാളിത്തത്തിൽ വന്ന മാറ്റവുമാണ് രണ്ടാം ലഘുലേഖയിലുള്ളത്.
https://www.facebook.com/Malayalivartha

























