കേരളത്തിലെ കാലാവസ്‌ഥയും ഭൂമി ലഭ്യതയും കണക്കിലെടുത്ത് സംസ്‌ഥാന പാർപ്പിട നയം ഈ വർഷം തന്നെ പ്രഖ്യാപിക്കുമെന്ന് റവന്യു, ഭവന വകുപ്പ് മന്ത്രി കെ. രാജൻ.

കേരളത്തിലെ കാലാവസ്‌ഥയും ഭൂമി ലഭ്യതയും കണക്കിലെടുത്ത് സംസ്‌ഥാന പാർപ്പിട നയം ഈ വർഷം തന്നെ പ്രഖ്യാപിക്കുമെന്ന് റവന്യു, ഭവന വകുപ്പ് മന്ത്രി കെ. രാജൻ. ഇന്ത്യ മോർട്ട് ഗേജ് ഗ്യാരന്റി കോർപ്പറേഷൻ (ഐ എം ജി സി), ക്രെഡായ് കേരള എന്നിവരുടെ സഹകരണത്തോടെ ഫിക്കി സംഘടിപ്പിച്ച അഫോഡബിൾ ഹൗസിംഗ് കോൺഫറൻസ് കൊച്ചിയില്‍ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവചനാതീതമായ കാലാവസ്‌ഥയെ നേരിടേണ്ട സാഹചര്യമാണ് കേരളത്തിൽ. ഭൂമി ലഭ്യതയും പ്രധാന പ്രശ്നമാണ്. നൂതന സാങ്കേതികവിദ്യയും ബദൽ മാർഗങ്ങളും ഉപയോഗപ്പെടുത്തിയാൽ മാത്രമേ വരുമാനത്തിലൊതുങ്ങുന്ന പാർപ്പിടങ്ങൾ കേരളത്തിൽ സാധ്യമാകൂ.
ത്രീ ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ആദ്യ കെട്ടിടം അടുത്തയാഴ്ച ഉദ്‌ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ അഫോഡബിൾ ഹൗസിംഗ് മേഖലയിൽ ഇതൊരു നിർണായക കാൽവെയ്പായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വർധിച്ചു വരുന്ന പാർപ്പിട ആവശ്യങ്ങൾ കണക്കിലെടുത്ത് നൂതനമായ ഒട്ടേറെ പദ്ധതികൾ ഭവന വകുപ്പ് സ്വീകരിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈൻഡ്രൈവിൽ ഭവന നിർമാണ ബോർഡിന് കൈവശമുള്ള 17.9 ഏക്കർ സ്‌ഥലത്ത് 40 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിട സമുച്ചയം ഉടൻ നിർമാണം ആരംഭിക്കും.
എൻ ബി സി സിയുമായി സഹകരിച്ച് രാജ്യത്തെ ഏറ്റവും വലിയ പ്രദർശന കേന്ദ്രവും വാണിജ്യ സമുച്ചയവും ഇവിടെ നിർമ്മിക്കും. തിരുവനന്തപുരത്ത് ദേശീയ ഹൗസിംഗ് പാർക്കും സ്‌ഥാപിക്കും. വിദേശ മോഡലുകൾ ഉൾപ്പെടെ 40 നിർമിതികൾ ഇവിടെയുണ്ടാകും. അഫോഡബിൾ ഹൗസിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി കലവറ പദ്ധതി ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























