പനിപിടിച്ച് ക്ഷീണിതയായി അനുപമ:- ആരോടും മിണ്ടാതെ, മാനസികമായി തളർന്നു:- പത്മകുമാർ അല്ല ബോസ്...
ഓയൂരിലെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ഒരു നിരപരാധികളും ശിക്ഷിക്കപ്പെടരുതെന്ന് പ്രതികരിച്ച് അനുപമയ്ക്കും, അനിത കുമാരിയ്ക്കും വേണ്ടി ലീഗല്‍ സര്‍വീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷക. കഴിഞ്ഞ ശനിയാഴ്ച പ്രതികളെ ഹാജരാക്കുമ്പോള്‍ അഭിഭാഷകര്‍ ഇല്ലാതിരുന്നതിനാല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്ന് രണ്ട് പേരെ നിയോഗിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനായി അനുപമയെയും, പത്മകുമാറിനെയും, അനിത കുമാരിയെയും ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.
അനുപമയുമായി കേസിന്റെ കാര്യങ്ങള്‍ ഒരുപാട് നേരം സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പനിപിടിച്ച് ക്ഷീണിതയായിരുന്നു. മൂന്ന് പേരെയും കണ്ടപ്പോള്‍ ഇന്നസെന്റ് ആയിരുന്നെന്ന് അഭിഭാഷക പറയുന്നു. എഫ്ഐആറില്‍ പ്രതികളെന്ന് പറയുമ്പോഴും കോടതിയാണ് അത് പറയേണ്ടത് എന്ന് അഭിഭാഷക പറയുന്നു. പത്മകുമാറുമായി സംസാരിച്ചപ്പോള്‍ സാധാരണക്കാരനെ പോലെയാണ് സംസാരം,
അയാളെ ബോസ് എന്നൊന്നും പറയാന്‍ കഴിയില്ല. അനിത കുമാരി ഒരു സാധാരണക്കാരിയായ വീട്ടമ്മയെ പോലെയാണ് പ്രതികരണങ്ങളില്‍ മനസിലാക്കാന്‍ കഴിയുന്നതെന്ന് അവര്‍ പറയുന്നു. അനുപമ പൊതുവെ സംസാരിക്കുന്നില്ലെന്നും അഭിഭാഷക പറയുന്നു. മാനസികമായി തളര്‍ന്ന നിലയിലാണ് 20കാരിയായ അനുപമ. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.
അതേ സമയം ഏഴ് ദിവസത്തേയ്ക്കാണ് പ്രതികളെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. തമിഴ്നാട്ടിലടക്കം തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ ഏഴുദിവസത്തെ കസ്റ്റഡി അപേക്ഷ നല്‍കുകയായിരുന്നു. എന്നാല്‍ ഇത്രയും ദിവസം കസ്റ്റഡിയില്‍ ചോദിക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തിരുന്നു. കുട്ടിയെ പാര്‍പ്പിച്ചത് ചാത്തന്നൂരിലെ വീട്ടിലാണ്.
കൊട്ടാരക്കരയില്‍ നിന്ന് ചാത്തന്നൂരിലേക്ക് 20 മിനിറ്റ് യാത്രയേയുള്ളൂ. കുട്ടിയെ കൊണ്ടു പോയ കാര്‍ ചാത്തന്നൂരിലുണ്ട്. പ്രതികളുടെ വസ്ത്രം ഒഴികെ എല്ലാം അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും പിന്നെ എന്തിനാണ് ഏഴു ദിവസത്തെ കസ്റ്റഡിയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. മാത്രമല്ല, പ്രതികള്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ പത്മകുമാറിനെയും കുടുംബത്തെയും ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി നേരത്തെ നിയോഗിച്ച അഡ്വ. കെ.സുഗുണന്‍, അഡ്വ. അജി മാത്യു എന്നിവര്‍ക്ക് പുറമേ നാല് അഭിഭാഷകര്‍ കൂടി രംഗത്തെത്തി. സരിതയുടെ ആദ്യകാല അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും മറ്റ് രണ്ട് അഭിഭാഷകരും തങ്ങളാണ് പത്മകുമാറിന്റെയും കുടുംബത്തിന്റെയും അഭിഭാഷകരെന്ന വാദവുമായി രാവിലെ തന്നെ കോടതി പരിസരത്തെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വക്കാലത്ത് ഒപ്പിടീക്കാന്‍ ഇവരില്‍ പലരും പ്രതികളെ വളയുകയും ചെയ്തു.
കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ പത്മകുമാറിന്റെ ബന്ധുക്കള്‍ തനിക്ക് വക്കാലത്ത് തന്നുവെന്ന വാദവുമായി കൃഷ്ണകുമാര്‍ എന്ന അഭിഭാഷകന്‍ രംഗത്തെത്തി. കഴിഞ്ഞ ശനിയാഴ്ച പ്രതികളെ ഹാജരാക്കുമ്പോള്‍ അഭിഭാഷകര്‍ ഇല്ലാതിരുന്നതിനാല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്ന് രണ്ട് പേരേ അനുവദിച്ചിട്ടുണ്ടെന്നും തര്‍ക്കമുണ്ടെങ്കില്‍ പ്രതികളുമായി സംസാരിച്ച് ധാരണയിലെത്താനും കോടതി നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് കോടതി മുറിക്ക് പുറത്ത് നടത്തിയ ചര്‍ച്ചയില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകര്‍ മതിയെന്ന് പ്രതികള്‍ നിലപാടെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളില്‍ പലതിനും കൃത്യമായ മറുപടി നല്‍കാതെ മൗനം പാലിക്കുകയാണ് പ്രതികള്‍. പ്രത്യേകമിരുത്തിയുള്ള ചോദ്യം ചെയ്യലില്‍ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ തങ്ങളല്ലെന്ന് ഒരുപോലെ ആവര്‍ത്തിച്ച മൂവരും തെളിവുകള്‍ നിരത്തിയപ്പോള്‍ തല കുനിച്ച് മിണ്ടാതിരിക്കുകയാണെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
കസ്റ്റഡി അപേക്ഷയില്‍ വിശദമായ വാദമാണ് നടന്നത്. ഇതില്‍ ചില നിര്‍ണായക വിവരങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. മറ്റ് പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ ഏറ്റവും സുപ്രധാന വിവരം. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ബുക്കുകളിലും ഡയറികളിലും ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ട്.
ഇങ്ങനെ ലക്ഷ്യമിട്ട കുട്ടികളുടെ താമസസ്ഥലം അടക്കം ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളില്‍നിന്ന് ലാപ്‌ടോപ്പുകളും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കാക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. ഇതില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.
https://www.facebook.com/Malayalivartha