വിസി നിയമനത്തില്‍ കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി

സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാനവും ഗവര്‍ണറും തമ്മില്‍ സമവായത്തിലെത്തണമെന്ന് കര്‍ശന നിര്‍ദേശവുമായി സുപ്രീം കോടതി. ഇല്ലെങ്കില്‍ പട്ടികയില്‍ നിന്ന് വിസിമാരെ സുപ്രീം കോടതി നേരിട്ട് നിര്‍ദേശിക്കുമെന്നും താക്കീത് നല്‍കി. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനത്തിനായി റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി സുധാന്‍ഷു ധൂലിയ അദ്ധ്യക്ഷനായി രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. അവര്‍ നല്‍കിയ പട്ടികയില്‍ നിന്നുള്ള പേരുകളിലാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലടിക്കുന്നത്.
ഡിജിറ്റല്‍ സര്‍വകലാശാല വിസി സ്ഥാനത്തേക്ക് മുഖ്യമന്ത്രി കൈമാറിയ പട്ടികയില്‍ ഡോ. ജിന്‍ ജോസ്, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവര്‍ക്ക് മൂന്നും നാലും സ്ഥാനമാണ്. സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ. ജി ആര്‍ ബിന്ദു, ഡോ. പ്രിയ ചന്ദ്രന്‍ എന്നിവരുടെ പേരുകള്‍ രണ്ടും മൂന്നും സ്ഥാനത്ത് മുഖ്യമന്ത്രി ഉള്‍പ്പെടുത്തി. എന്നാല്‍, ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയത് ഡോ. സിസ തോമസിനെയും ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കണമെന്നായിരുന്നു. ഇതോടെയാണ് തര്‍ക്കം മൂര്‍ച്ഛിച്ചത്.
https://www.facebook.com/Malayalivartha


























