റിട്ടിന്റെ കോപ്പി എവിടെയെന്ന് ഗവർണർ ? കൈയോടെ കൊടുത്ത് സർക്കാർ: പിണറായി സർക്കാർ മര്യാദ പഠിച്ചതെങ്ങനെ?
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ചത് ചോദ്യംചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നൽകിയ റിട്ട് ഹർജിയുടെ പകർപ്പുകൾ തനിക്കെത്തിക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഉഗ്രശാസനത്തിന് മുന്നിൽ പിണറായി സർക്കാരിന്റെ മുട്ടിടിച്ചു.
ഇന്നലെ ഡൽഹിയിൽ നിന്നാണ് ഗവർണർ ഈ നിർദ്ദേശം നിയമവകുപ്പ് സെക്രട്ടറിക്ക് നൽകിയത്. നിയമ സെക്രട്ടറി റിട്ടിന്റെ കോപ്പി രാജ്ഭവനിലെത്തി ഗവർണറുടെ ഓഫീസിന് കൈമാറി. റിട്ട് ഹർജിയുടെ കോപ്പി സർക്കാർ നൽകില്ലെന്നാണ് ഗവർണറും രാജ്ഭവനും പ്രതീക്ഷിച്ചത്.
കേരള സർക്കാരിന്റെ ഹർജി വരും ദിവസങ്ങളിൽ സുപ്രീം കോടതി പരിഗണിക്കുമ്പോൾ
ഗവർണർക്കായി അറ്റോർണിജനറൽ ആർ.വെങ്കിട്ടരമണി ഹാജരാവും. കഴിഞ്ഞദിവസം ഡൽഹിയിൽ അറ്റോർണിജനറലുമായി ഗവർണർ കൂടിക്കാഴ്ച നടത്തി. അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോൾ, രാഷ്ട്രപതിക്ക് അയയ്ക്കാനിടയായ സാഹചര്യം വിശദീകരിച്ച് വസ്തുതാറിപ്പോർട്ട് നൽകാനാണ് വെങ്കിട്ടരമണിയുടെ ഉപദേശം. ഇതിനുള്ള ഒരുക്കങ്ങൾ രാജ്ഭവനിൽ തുടങ്ങികഴിഞ്ഞു.
രാഷ്ട്രപതിക്കയച്ചതും, കാരണം വ്യക്തമാക്കാതെ രാഷ്ട്രപതി തടഞ്ഞുവയ്ക്കുന്നതും ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ്കേരളത്തിന്റെ ആവശ്യം.ബില്ലുകളിൽ തീരുമാനമെടുക്കുന്നതിൽ മാർഗ്ഗരേഖ വേണമെന്നതാണ് മറ്റൊരു ആവശ്യം. ചുരുക്കത്തിൽ രാഷ്ട്രപതിക്കെതിരെയാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്.
ചീഫ്സെക്രട്ടറി വി.വേണുവും പേരാമ്പ്ര എം.എൽ.എ ടി.പി.രാമകൃഷ്ണനുമാണ് വ്യത്യസ്ത ഹർജികൾ നൽകിയത് . മുൻഅറ്റോർണി ജനറൽ കെ.കെ.വേണുഗോപാലാണ് കേരളത്തിനുവേണ്ടി ഹാജരാവുന്നത്.
സർവകലാശാലകളുടെ സ്വയംഭരണം വെട്ടിച്ചുരുക്കുമെന്നും സർക്കാരിന്റെ അതിരുവിട്ട ഇടപെടലുകൾക്ക് വഴിവയ്ക്കുമെന്നും വ്യക്തമായതിനാലാണ് ബില്ലുകൾ രാഷ്ട്രപതിക്കയച്ചതെന്ന് ഗവർണർ സുപ്രീംകോടതിയെ അറിയിക്കും.ബില്ലുകൾ സർക്കാരിന്റെ ഏകപക്ഷീയമായ ഇടപെടലിന് കാരണമാകും. ഇത് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കും. വൈസ്ചാൻസലർ നിയമനത്തിന് അഞ്ചംഗകമ്മിറ്റിക്കായുള്ള ബിൽ സെർച്ച്കമ്മിറ്റിയിലെ യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികളുടെ പ്രസക്തി ഇല്ലാതാക്കും.സ്വകാര്യവ്യക്തിയെ ചാൻസലറാക്കുന്ന ബിൽ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ചാൻസലർമാർക്ക് സ്വയംഭരണാധികാരം ഇല്ലാതാവും.ഏഴു ബില്ലുകളാണ് രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ലോകായുക്തഭേദഗതിക്ക് മാത്രമാണ് അനുമതി നൽകിയത്. നാലെണ്ണം തള്ളി. 2021ലെ വാഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ഒന്നാംബില്ലും 2022ലെ ഗവർണറുടെ ചാൻസലർസ്ഥാനം ഒഴിവാക്കാനുള്ള രണ്ടാംബില്ലും മാത്രമാണ് രാഷ്ട്രപതിയുടെ മുന്നിലുള്ളത്.ഇതാണ് രാഷ്ട്രപതി ഒപ്പിടാത്തത്.
നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്ന് നിയമ മന്ത്രി പി.രാജീവ് പറഞ്ഞു രാഷ്ട്രപതിയുടെ അനുമതി ആവശ്യമായ പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ബില്ലുകളല്ലെന്നിരിക്കെ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. ഈ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്കയച്ച നടപടി തന്നെ ഭരണഘടനാപരമല്ല. ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. രാഷ്ട്രപതി ഉൾപ്പെടെ എല്ലാവരും ഭരണഘടനയ്ക്ക് കീഴിലാണെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.
നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നൽകിയത്. രാഷ്ട്രപതിയെ കൂടാതെരാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം വന്നിട്ടില്ല. നേരത്തെ തന്നെ ഇതടക്കം ചില ബില്ലുകള്‍ തടഞ്ഞുവയ്ക്കപ്പെട്ടുവെന്ന വാദം ഉയര്‍ന്നിട്ടുള്ളതാണ്. ഇതില്‍ ഭരണഘടനാ വിദഗ്ധരോടും അഭിഭാഷകരോടുമെല്ലാം ചര്‍ച്ച ചെയ്ത ശേഷമാണിപ്പോള്‍ സംസ്ഥാനം ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാ സ്ഥാപനമാണ് രാഷ്ട്രപതി. ഇതിനെതിരായ പരാതിയെന്ന് പറയുമ്പോള്‍ സുപ്രീംകോടതിയില്‍ തന്നെ ഇതൊരു അപൂര്‍വമായ ഹര്‍ജിയാണ്. ഇത് രാജ്യത്തെ അപൂർവ സംഭവങ്ങളിൽ ഒന്നാണ്. രാജ്യത്തെ എല്ലാ ഗവർണർമാരും കേന്ദ്ര നിയമമന്ത്രിയുടെ നേതൃത്വത്തിൽ കേരള സർക്കാരിനെതീരെ അണി നിരക്കുന്ന സാഹചര്യമാണുള്ളത്. അറ്റോർണി ജനറലിനെ തന്നെ ഇറക്കാൻ കേന്ദ്രം തീരുമാനിച്ചത് വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ്.
നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് തനിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ ഭരണഘടനാപരമായ പരിരക്ഷയാവും ഗവർണർ ചൂണ്ടിക്കാട്ടുക. ഭരണഘടനാവിരുദ്ധവും സർക്കാരിന് ദുരുദ്ദേശ്യങ്ങളുള്ളതുമായ ബില്ലുകളാണ് തടഞ്ഞുവയ്ക്കുന്നതെന്നാണ് ഗവർണറുടെ വാദം. അതാണ് രാഷ്ട്രപതിക്ക് അയച്ചത് .
രാഷ്ട്രപതിയുടെ ഭരണഘടനാപരമായ അധികാരങ്ങളെ തൊട്ടുകളിക്കാൻ സുപ്രീം കോടതി തയ്യാറാവുകയില്ല എന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. ഇല്ലെങ്കിൽ സുപ്രീം കോടതിയെ സർക്കാർ മാനേജ് ചെയ്യും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾ പ്രസിഡന്റിനെതീരെ നടത്തുന്ന നീക്കങ്ങൾ കേരള കേസിലൂടെ പ്രതിരോധിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതിനെതിരായ ഹർജി കഴിഞ്ഞ നവംബറിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.സാധാരണ ഗതിയിൽ ഗവർണർമാർക്കെതിരെ കോടതികൾ ഉത്തരവുകൾ പാസാക്കാറില്ല. ചില നിരീക്ഷണങ്ങൾ നടത്താറ് മാത്രമാണുള്ളത്.
2021നവംബർ മുതലുള്ള ബില്ലുകൾ തടഞ്ഞു വച്ചത് ഭരണപ്രതിസന്ധിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ബില്ലുകളിലൊപ്പിടാത്തത് ചൂണ്ടിക്കാട്ടി തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും, ഗവർണർക്ക് നോട്ടീസയയ്ക്കാൻ കോടതി വിസമ്മതിച്ചിരുന്നു. ഓരോ ബില്ലും ഒപ്പിടാത്തതിന്റെ കാര്യ കാരണം ഗവർണർ നിരത്തും. ആശുപത്രികളെയും ആരോഗ്യപ്രവർത്തകരെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ബിൽ, ജി.എസ്.ടി നിയമത്തിൽ ഭേദഗതി വരുത്തിയുള്ള നികുതി ചുമത്തൽ നിയമങ്ങൾ(ഭേദഗതി)ബിൽ എന്നിവ ഗവർണർ ഒപ്പിട്ടത് ചൂണ്ടിക്കാട്ടി ഭരണ സ്തംഭനമെന്ന സർക്കാർ വാദത്തെ നേരിടും. ബില്ലുകൾ ഗവർണർക്ക് അംഗീകരിക്കുകയോ, തടഞ്ഞു വയ്ക്കുകയോ പുനഃപരിശോധനയ്ക്ക് തിരിച്ചയയ്ക്കുകയോ, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ ചെയ്യാം. തിരിച്ചയയ്ക്കുന്ന ബിൽ നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ ഇല്ലാതെയോ ഗവർണർക്കയച്ചാൽ ഒപ്പിട്ടേ പറ്റൂ. അതിനാലാണ് തീരുമാനമെടുക്കാതെ രാജ്ഭവൻ രാഷ്ട്രപതിക്ക് അയച്ചത്.
ഗവർണർ ഒപ്പിടാത്ത ബില്ലുകളും കാരണവും ഇവയാണ്. ചാൻസലർ പദവി വെട്ടൽ ബില്ല് പാസാക്കിയാൽ വാഴ്സിറ്റികളിൽ രാഷ്ട്രീയ അതിപ്രസരം ഉണ്ടാകും. ഇത് സംഭവിച്ചാൽ സർവകലാശാലയിൽ സ്വയംഭരണം ഇല്ലാതാവും. അഞ്ചംഗ സെർച്ച്കമ്മിറ്റിയിൽ സർക്കാരിന്റെ ഇഷ്ടക്കാർ വി.സിയാവും. വാഴ്സിറ്റി ട്രൈബ്യൂണൽ സ്ഥാപിച്ചാൽ ഹൈക്കോടതിയെ നോക്കുകുത്തിയാക്കി വിരമിച്ച ജില്ലാജഡ്ജിയെ സർക്കാരിന് നിയമിക്കാം. പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് പരിഗണനയില്ല, അലോപ്പതി ഒഴികെയുള്ള ഡോക്ടർമാർക്ക് പ്രതിഷേധമുണ്ട് .സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കൽ ബില്ലിൽ പട്ടയം ആധികാരിക രേഖയാണെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കുകയാണ് ലക്ഷ്യം. ഇത്തരത്തിൽ സർക്കാരിന്റെ ഗൂഢലക്ഷ്യങ്ങൾ ഒന്നൊന്നായി വലിച്ചു പുറത്തിടുകയാണ് ലക്ഷ്യം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാരിൽ നിന്നും വൻ പിന്തുണയാണ് ലഭിച്ചിരുന്നു.. ആരിഫ് മുഹമ്മദ് ഖാന് മറ്റ് ഗവർണർമാരുമായുള്ള അടുത്ത ബന്ധമാണ് കാരണം. ബി ജെ പി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർ - സർക്കാർ പോര് രൂക്ഷമാണ്. ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി ഗവർണർ പോര് സുപ്രീം കോടതിയിലെത്തി.
കഴിഞ്ഞ കുറെ നാളുകളായി ഇടതു സർക്കാരിനെ പ്രതിസന്ധിയിലാക്കാനുള്ള വഴികൾ തേടുകയായിരുന്നു ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ.ഇക്കാര്യത്തിൽ ബിജെപിയുടെ സംസ്ഥാന നേതൃത്വം ദുർബലമാണെന്ന് മനസിലാക്കിയ കേന്ദ്ര സർക്കാർ ഗവർണറിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. ഇടക്കാലത്ത് സർക്കാരുമായി ഗവർണർ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇത് കേന്ദ്ര നിർദ്ദേശപ്രകാരമായിരുന്നു.
ഗവര്‍ണര്‍ക്ക് എന്തൊക്കെ അധികാരങ്ങള്‍ ഉണ്ടെന്നും ഇല്ലെന്നും റബര്‍ സ്റ്റാമ്പാണോ അല്ലയോ എന്നുമൊക്കെ വിവിധ കേസുകളില്‍ സുപ്രീം കോടതി വിധികളുണ്ട്. ബില്ലുകള്‍ പരിഗണിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് എന്തെല്ലാം അധികാരമുണ്ടെന്ന് 1979ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ആര്‍ട്ടിക്കിള്‍ 200 അനുസരിച്ച് മൂന്നു തരത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാം. ബില്ലിന് സമ്മതം നല്കുകയോ സമ്മതം തടഞ്ഞുവയ്ക്കുകയോ അല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുകയോ ചെയ്യാം. ഭരണഘടന പ്രകാരം ബില്ലില്‍ സമ്മതമറിയിക്കാതെ തടഞ്ഞുവയ്ക്കാനുള്ള ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്, .
ഗവർണർ രണ്ടും കൽപ്പിച്ചാണ് നീങ്ങുന്നതെന്ന് സർക്കാരിന് അറിയാവുന്നതു കൊണ്ടാണ് സർക്കാർ നൽകിയ റിട്ട് ഹർജിയുടെപകർപ്പ് രാജ്ഭവനിലെത്തിച്ചത്. ഗവർണറുമായി ഒരു തരത്തിലുമുള്ള തർക്കത്തിനും സർക്കാർ ഇപ്പോൾ തയാറല്ല.
കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചതു പോലെ ഗവർണർക്കെതിരായ കേസും പുകയാകുമെന്ന് തന്നെയാണ് നിയമവൃത്തങ്ങൾ പറയുന്നത്. നിർമലാ സീതാരാമനെതിരായ കേസിൽ കേരളത്തിന് പണി കിട്ടി.അതേ അവസ്ഥ ഗവർണർക്കെതിരായ കേസിലും നിയമവൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. കാരണം ഭരണഘടനാ സ്ഥാപനങ്ങളെ സാധാരണഗതിയിൽ കോടതികൾ തൊട്ടുകളിക്കാറില്ല. പ്രത്യേകിച്ച് സുപ്രീം കോടതി.
https://www.facebook.com/Malayalivartha