ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു... തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി 10 മണിയോടെയാണ് എസ്‌ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെയോടെ ബാബുവിനെ തിരുവനന്തപുരത്തെത്തിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കേസില്‍ മുമ്പ് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്‌ഐടി സംഘം ചോദ്യം ചെയ്‌തേക്കും.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് അറിവും പങ്കാളിത്തവും ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നത്.
ദ്വാരപാലക ശില്‍പ പാളികളും കട്ടിളയും കടത്തിയ കേസുകളില്‍ ഇയാളും പ്രതിയാണ്. നിലവില്‍ മുരാരി ബാബു സസ്‌പെന്‍ഷനിലാണുള്ളത്. ആരോപണം ഉയര്‍ന്നപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും മുരാരി ബാബുവാണ്.
2019 മുതല്‍ 2024 വരെയുള്ള ഗൂഢാലോചനയിലെ പ്രധാന കണ്ണി മുരാരി ബാബുവാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറായി ജോലി ചെയ്തു വരികയായിരുന്നു. 2019 ല്‍ മുരാരി ബാബു ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാജ രേഖ ചമച്ചതിന്റെ തുടക്കം മുരാരി ബാബുവിന്റെ കാലത്താണെന്നാണ് റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha