അച്ഛന്റെ വാക്കുകേട്ട് ഇറങ്ങിത്തിരിച്ച ഗണേഷ്‌കുമാറിന് അപമാനം മാത്രം മിച്ചം, മന്ത്രിസഭ വീണാലും നടക്കില്ലെന്നു വന്നതോടെ പിള്ള മകനെ തള്ളിപ്പറഞ്ഞ് തടിതപ്പി

അച്ഛന്റെ വാക്കും 'പഴയ ചാക്കും' ഒന്നു പോലെയാണെന്ന് ഗണേഷ്‌കുമാറിന് പലപ്പോഴും പലരീതിയില്‍ തോന്നിയിട്ടുണ്ട്. അച്ഛന്റെ ആ പിടിവാശിക്ക് മുമ്പില്‍ പലപ്പോഴും ഗണേഷ്‌കുമാര്‍ നിന്നു കൊടുത്തിട്ടുണ്ട്. എന്നാല്‍ അച്ഛന്റെ പരിവാരങ്ങള്‍ കൂടി ഭരിക്കാന്‍ വന്നപ്പോള്‍ പള്ളി വേറെ അച്ഛന്‍ വേറെ എന്നായി. അതോടെ ആ അച്ഛന് ലോകത്തിലെ ഏറ്റവും വലിയ ശത്രുവായി മകന്‍ മാറി. പിടിവാശിക്കാരനായ അച്ഛന്റെ മകനല്ലേ. അവസാനം ഗണേഷും ആ അച്ഛനെ തള്ളിപ്പറഞ്ഞു. എന്തോന്ന് പാര്‍ട്ടി ഞാന്‍ തന്നെ പാര്‍ട്ടി. ലോകം കണ്ട മഹാനായ അച്ഛന്‍ മനസില്‍ ചിലത് കുറിച്ചിട്ടു.
പാര്‍ട്ടിക്ക് വേണ്ടാത്ത മന്ത്രിയെ പുറത്താക്കണമെന്ന് പിള്ള പലപ്രാവശ്യം എഴുതിയും പറഞ്ഞും നോക്കി. എന്നാല്‍ എല്ലാവര്‍ക്കും ഗണേഷ്‌കുമാര്‍ നല്ല പിള്ളയും നല്ല മന്ത്രിയുമായിരുന്നു.
ആ പിതാവിന്റെ ശാപമേറ്റിട്ടാണോ എന്തോ രായ്‌ക്ക് രാമാനം യാമിനി അവതരിച്ചു.
ഒറ്റ ദിവസം കൊണ്ട് മാളിക മുകളിലിരുന്ന മന്നന്റെ അവസ്ഥ കണ്ട് ആ അച്ഛന്‍ പൊട്ടിച്ചിരിച്ചു. അച്ഛന്‍ ഇച്ഛിച്ചത് തന്നെ സംഭവിച്ചു.
യാമിനി സംഭവം ഗണേഷിന്റെ ജീവിതത്തെ മാറ്റി മറിച്ചു. സ്‌നേഹത്തിന്റേയും ബന്ധത്തിന്റേയും വില മനസിലായി. ഒരാള്‍ പോലും കൂടെ നില്‍ക്കാനില്ല. അടുത്ത ആള്‍ക്കാരെന്ന് വിചാരിച്ച എല്ലാവരും തള്ളിപ്പറയുന്നു.
അങ്ങനെ ആ അച്ഛന്റെ മഹത്വം ഗണേഷ് കുമാറിന് വീണ്ടും മനസിലായി. പാര്‍ട്ടി താനാണെന്ന് പ്രഖ്യാപിച്ച മകനെ ഒന്നു നേരില്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു അച്ഛന്‍. മന്ത്രിയാകാതെ അലയുന്ന മകന്റെ സങ്കടം കണ്ടപ്പോള്‍ എത്രയായാലും എന്‍ ഉണ്ണിയല്ലേ എന്നോര്‍ത്തു പോയി.
പറയുമ്പോലെ നിന്നാല്‍ ഒരു വീട്ടില്‍ രണ്ട് മന്ത്രി വരുമെന്നായി. എല്ലാത്തിനും നൂറ് സമ്മതം. അതോടെ കേട്ടു കേള്‍വിയില്ലാത്ത മുന്നോക്ക വികസന കോര്‍പ്പറേഷനില്‍ ക്യാബിനറ്റ് റാങ്കോടെ പിള്ള ചെയര്‍മാനായി. എല്ലാവരും സരിതയ്‌ക്ക് പിറകെ ആയതോടെ ആരും അത് ശ്രദ്ധിച്ചില്ല.
ഇതിനിടയില്‍ യാമിനിയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചു. നല്ലമന്ത്രിയായ മകനെ വീണ്ടും മന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തി.
ഒരുവീട്ടില്‍ രണ്ട് മന്ത്രിയോ എന്ന് മൂക്കത്ത് വിരല്‍ വച്ചവര്‍ക്ക് ആശ്വാസമായി പെട്ടെന്നാണ് സരിതയും ശാലുവും വന്നത്. ഇടയ്‌ക്ക് ചില പത്രക്കാര്‍ സരിതയും ഗണേഷുമായുള്ള ബന്ധങ്ങള്‍ പുറത്തു കൊണ്ടുവന്നു.
പ്രായപൂര്‍ത്തിയാകാത്ത മകനെതിരെ അനാവശ്യം പറയുന്നോ എന്ന മട്ടില്‍ ആ അച്ഛന്‍ മകനേയും കൊണ്ടുവന്ന് പത്രക്കാരെ വിരട്ടി.
അങ്ങനെ കാലം കഴിഞ്ഞു. ഗണേഷിനെ എല്ലാവരും മറന്നു. രമേഷിനെ എല്ലാവരും ഓര്‍മ്മിച്ചു.
അതോടെ ആ അച്ഛന്‍ വത്സല പുത്രനുവേണ്ടി രംഗത്തെത്തി. ഇപ്പോള്‍ പുര കത്തുന്ന സമയമാ ണ്. അതിനാല്‍ നന്നായി വാഴ വെട്ടാനും പറ്റും. ഇലക്ഷനായതിനാല്‍ പ്രതീക്ഷിക്കുന്നത് നടക്കുകയും ചെയ്യും.
അതോടെ ലോകത്ത് ആദ്യമായി മകന്‍ അച്ഛന് രാജിക്കത്ത് കൊടുത്തു എന്ന വാര്‍ത്ത വന്നു. ഞെട്ടിയ യുഡിഎഫ് ലോകം പരക്കം പാഞ്ഞു. മകനാകട്ടെ അത് നിഷേധിച്ചതുമില്ല.
എന്നാല്‍ പിള്ള മലക്കം മറിഞ്ഞു. ഒന്നുമറിയാത്ത അച്ഛനെപ്പോലെ.
തകര്‍ന്ന് തരിപ്പണമായ യുഡിഎഫിന് ഇനി എന്ത് സംഭവിക്കാനെന്ന മട്ടില്‍ പല നേതാക്കളും പ്രതികരിച്ചു. മന്ത്രിസഭ വീണാലും ശരി കള്ളമില്ലാത്ത പിള്ളയെ മന്ത്രിയാക്കേണ്ട എന്നു തീരുമാനിച്ചു. കാരണം നല്ല അഭിപ്രായമല്ലേ നാട്ടില്‍. യാമിനിയുമായുള്ള ബന്ധത്തിന്റെ ധാര്‍മ്മിക പ്രശ്‌നം ഒരിടത്ത്. മറ്റൊരിടത്ത് സരിത. ഗണേഷിനെ മന്ത്രിയാക്കിയാല്‍ ഒരുവിധേന ഒഴിച്ചുവിട്ട സോളാറും സരിതയും വീണ്ടും വരും. മാത്രമല്ല പിള്ളയ്‌ക്ക് ക്യാബിനറ്റ് റാങ്കും ഉണ്ട്. ഒരുവീട്ടില്‍ രണ്ട് കൊടിവച്ച കാറോ. പുറത്താക്കണമെന്നു പറഞ്ഞ് പിറകേ നടന്നവരുടെ പുറകേ ദേ വീണ്ടും നടക്കുന്നു അകത്താക്കാന്‍.
എന്തായാലും സംഗതി ചീറ്റിപ്പോയി. അവസാനം മുഖം രക്ഷിക്കാന്‍ ഒരിക്കല്‍ കൂടി ആ അച്ഛന്‍ മകനെ തള്ളിപ്പറഞ്ഞു. അച്ഛന്‍ ചെയര്‍മാന് കത്ത് നല്‍കിയെന്ന് മകന്‍ എംഎല്‍എ പറഞ്ഞത് അവനു പറ്റിയ ചെറിയ തെറ്റ്. ഓണക്കാലത്ത് കുറച്ചു നാള്‍ ഉണ്ടായിരുന്നപ്പോള്‍ ചിലകാര്യങ്ങള്‍ അവന്‍ പറഞ്ഞിരുന്നു. അതാകാം അവന്‍ ഉദ്ദേശിച്ചത്.
പാവം മകന്‍. ഇനിയും അപമാനം സഹിക്കാന്‍ മാത്രം വിധി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha