ഗണേഷിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് ഉറപ്പുലഭിച്ചുവെന്ന് ബാലകൃഷ്‌ണ പിള്ള, സീറ്റ് കൊടുത്തിട്ട് കാല് വാരുന്നത് യുഡിഎഫിന്റെ കുലത്തൊഴില്‍

കെ.ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് ഉറപ്പു ലഭിച്ചുവെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ള. പാര്‍ട്ടി യോഗത്തിലാണ് പിള്ള ഇക്കാര്യം അറിയിച്ചത്. ഗണേഷ് മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. ഞാനുണ്ടായിരുന്നെങ്കില്‍ രാജി വെയ്ക്കാന്‍ സമ്മതിക്കില്ലായിരുന്നു. സീറ്റ് കൊടുത്തിട്ട് കാല് വാരുന്നത് യുഡിഎഫിന്റെ കുലത്തൊഴിലാണെന്നും പിള്ള വിമര്‍ശിച്ചു. ഞങ്ങള്‍ക്ക് വേണ്ടത് ക്യാബിനറ്റ് സ്ഥാനമാണ് പദവിയല്ല.
ഗണേഷിനോടും, പാര്‍ട്ടിയോടും കഴിഞ്ഞ ആറ് മാസമായിക്കാണിച്ചത് നീതി കേടാണ്. അഞ്ചരമാസം മുമ്പ് ഗണേഷിനെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുടുംബ വഴക്ക് പുതുമയുള്ള കാര്യമല്ല. യാമിനിയുമായുള്ള പ്രശ്‌നം പരിഹരിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണേഷ് മന്ത്രിയാകുന്നതിനെ യുഡിഎഫില്‍ ആരും എതിര്‍ക്കുന്നില്ല. പത്താം തീയതിക്ക് മുന്‍പ് മന്ത്രിക്കാര്യത്തില്‍ ഉറപ്പ് വേണമെന്ന കാര്യം അറിയിച്ചിട്ടുണ്ടെന്നും, തൃപ്തികരമായ ഉറപ്പ് ലഭിച്ചതായും അധികം താമസിയാതെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് കരുതുന്നുവെന്നും പിള്ള പറഞ്ഞു.
കേരള കോണ്‍ഗ്രസ് ബി നേതൃയോഗം ഗണേഷിനെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനായി തിരഞ്ഞെടുത്തു.
https://www.facebook.com/Malayalivartha