കേരള കോണ്‍ഗ്രസ്(എം) സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായ്; കേരളത്തിന് തിരിച്ചടിയാകുന്ന രഘുറാം കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന് കെ.എം മാണി

വികസനത്തില്‍ കേരളം മുന്നിലാണെന്ന് സൂചിപ്പിക്കുന്ന രഘുറാം കമ്മിറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന് ധനമന്ത്രി കെ.എം.മാണി. പല രംഗങ്ങളിലും കേരളം മുന്നേറിയിട്ടുണ്ടെങ്കിലും പിന്നാക്കം നില്‍ക്കുന്ന നിരവധി മേഖലകള്‍ കേരളത്തിലുണ്ട്. വികസിത സംസ്ഥാനമായി അംഗീകരിച്ചാല്‍ കേരളത്തിന് കേന്ദ്രം നല്‍കുന്ന ധനവിഹിതത്തില്‍ വന്‍ നഷ്ടമുണ്ടാകും. ഭാവിയില്‍ ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് വന്‍ തിരിച്ചടിയാകുമെന്നും മാണി കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് (എം) സുവര്‍ണ ജൂബിലി മഹാസമ്മേളനം കോട്ടയം തിരുനക്കര മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
49 വര്‍ഷം മുമ്പ് തിരുനക്കര മൈതാനത്ത് പാര്‍ട്ടി രൂപവത്കരണ സമ്മേളനത്തില്‍ 'കേരള കോണ്‍ഗ്രസ്' എന്ന പേരിട്ട മന്നത്ത് പദ്മനാഭന്‍, പി.ടി.ചാക്കോ, കെ.എം.ജോര്‍ജ്, വയലാ ഇടിക്കുള, ഇ.ജോണ്‍ ജേക്കബ്, കെ.നാരായണക്കുറുപ്പ് തുടങ്ങിയവരുടെ ഛായാചിത്രത്തില്‍ കെ.എം.മാണിയും പി.ജെ.ജോസഫും സി.എഫ്.തോമസും പി.സി.ജോര്‍ജും പുഷ്പാര്‍ച്ചന നടത്തി.
13-ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശപ്രകാരം സംസ്ഥാനങ്ങളുടെ കടബാധ്യത എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മാണി ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസ്, വൈസ് ചെയര്‍മാന്‍ പി.സി.ജോര്‍ജ്, ജോസ് കെ.മാണി എം.പി. എന്നിവരും പ്രസംഗിച്ചു
https://www.facebook.com/Malayalivartha