മദ്യപിക്കാന്‍ വണ്ടിയിലെത്തിയവര്ക്ക് ബാറുകാര് ഡ്രൈവറെ നല്‍കണമെന്ന മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശം; മദ്യപിക്കുന്ന എല്ലാവര്ക്കും ഡ്രൈവര്‍മാരെ നല്കുന്നതിനു പരിമിതികളുണ്ടെന്ന് ബാര്‍ മാനേജര്‍മാര്‍

പുതുവത്സരത്തില്‍ അപകടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മദ്യപിക്കാന്‍ വണ്ടിയിലെത്തിയവര്ക്ക് ബാറുകാര് ഡ്രൈവറെ നല്‍കണമെന്ന് മോട്ടര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. വാഹനാപകടം ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള സര്‍ക്കുലര്‍ നിയമപരമായി നിലനില്‍പ്പില്ല. നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ബാറുകള്‍ക്കെതിരെ നിയമനടപടിയും സാധ്യമല്ല. പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് മദ്യം നല്‍കാനാകില്ല. സ്ഥിരബുദ്ധി ഇല്ലാത്തവര്‍ക്കും യൂണിഫോമിലുള്ളവര്ക്കും മദ്യം നല്‍കുന്നതിനും നിയമതടസ്സമുണ്ട്. ഡ്രൈവറെ നല്‍കണമെന്ന നിര്‍ദേശം പാലിക്കാന്‍ പ്രായോഗിക തടസ്സങ്ങളുണ്ടെന്നു ബാറുകാരും പറയുന്നു.
പ്രഫഷനല്‍ ഡ്രൈവര്‍മാരുടെ സേവനം ബാര്‍ വളപ്പില്‍ ലഭ്യമാക്കണമെന്നാണ് ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) കൊച്ചിയിലെ ബാര്‍ ഹോട്ടല്‍ മാനേജര്‍മാര്‍ക്കു നല്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്. പുതുവത്സരത്തിന്റെ തിരക്കിനിടെ, മദ്യപിക്കുന്ന എല്ലാവര്ക്കും ഡ്രൈവര്‍മാരെ നല്കുന്നതിനു പരിമിതികളുണ്ടെന്ന് ബാര്‍ മാനേജര്‍മാര്‍ പറഞ്ഞു. ഡ്രൈവര്‍മാരെ നല്‍കാമെന്ന് പറഞ്ഞാലും പലരും അംഗീകരിക്കാത്ത സ്ഥിതിയുണ്ട്. നിര്‍ബന്ധിച്ച് നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി.
നിര്‍ദേശം മാത്രമാണിതെന്നും, നിയമപരമായി നിലനില്‍പ്പില്ലെന്നും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. അപകടം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ മാത്രം ഇറക്കിയ സര്‍ക്കുലറാണെന്നും അവര്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ ഡ്രൈവറുടെ സേവനം നിരസിക്കുകയും മദ്യപിച്ചു വാഹനമോടിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ ഹോട്ടല്‍ അധികൃതര്‍ ഉടന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ ആര്‍ടിഒ (എന്‍ഫോഴ്സ്മെന്റ്) ഓഫിസിനെയോ അറിയിക്കണമെന്നും ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇതും പ്രായോഗികമല്ല.
ആരൊക്കെയാണു ഡ്രൈവറുടെ സേവനം തേടിയത് എന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ റജിസ്റ്റര്‍ സൂക്ഷിക്കണമെന്നാണു നിര്‍ദേശം. സൂക്ഷിച്ചില്ലെങ്കില്‍ നിയമനടപടി സാധ്യമല്ല. നിരത്തുകളില്‍ വാഹന പരിശോധന ശക്തമാക്കുകയാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം. ബാറുകള്‍ക്കുള്ള ലൈസന്‍സ് നിബന്ധനകളില്‍, മദ്യപിക്കുന്നവര്‍ക്ക് ഡ്രൈവറെ നല്‍കണമെന്ന നിര്‍ദേശമില്ല. ഡ്രൈവറുടെ സേവനം ഉപയോഗിക്കാത്തവര്‍ക്ക് മദ്യം നല്കാതിരിക്കാനും നിയമമില്ല.
https://www.facebook.com/Malayalivartha


























