കണ്ണൂര്‍ തളാപ്പില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി...മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി... തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്...

വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില്‍ നിന്നും മോഷണം നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടിയിട്ട് ഒരു മാസമേ ആകുന്നുള്ളൂ. ഇതിനിടെയാണ് കണ്ണൂരിലെ ഞെട്ടിച്ച് വീണ്ടുമൊരു മോഷണം. കണ്ണൂര്‍ തളാപ്പില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 14 പവന്‍ സ്വര്‍ണവും പണവും മോഷണം പോയി. കോട്ടാമ്മാര്‍കണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്.മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വീട്ടുകാര്‍ വാതില്‍ പൂട്ടി ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു സംഭവം.
വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് കള്ളന്‍ അകത്തുകയറിയത്.മുറികളിലെ അലമാരകളുടെ പൂട്ട് തകര്‍ത്ത് മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച 12 സ്വര്‍ണ നാണയങ്ങളും 2 പവന്‍ മാലയും 88000 രൂപയും കവര്‍ന്നു. വീട്ടുടമസ്ഥന്‍ ഉമൈബയും കുടുംബവും വിദേശത്താണ്. ഉമൈബയുടെ മകന്‍ നാദിര്‍ തന്റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയിരുന്നു.ചെറുകുന്നിലെ കല്യാണത്തില്‍ പങ്കെടുക്കാനായി തലേദിവസം വാതില്‍ പൂട്ടി പോയതാണ് നാദിര്‍. വിവാഹ ആഘോഷം കഴിഞ്ഞ് നാദിര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.നേരത്തെ വളപട്ടണം മന്നയിലെ മൊത്ത അരിവ്യാപാരിയുടെ വീട്ടില്‍ നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്ന കേസില്‍ പ്രതി അയല്‍വാസിയായിരുന്നു. പ്രതി ലിജീഷില്‍ നിന്നും പിടിച്ചെടുത്ത തൊണ്ടിമുതല്‍ കണ്ടെടുത്തിരുന്നു. പ്രവാസിയായിരുന്ന ലിജീഷ് നേരത്തേയും മോഷണക്കേസുകളില്‍ പ്രതിയാണ്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യുമ്പോള്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചിരുന്നു.
ഇതില്‍നിന്ന് കണ്ണൂര്‍ കീച്ചേരില്‍ ഒന്നരവര്‍ഷം മുമ്പ് മോഷണം നടന്ന വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവുമായി സാമ്യമുണ്ടെന്ന് വ്യക്തമായി. ഇതോടെ ചുരുളഴിയാതെ കിടന്ന കീച്ചേരി മോഷണ കേസിലും തുമ്പുണ്ടായിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























