കലൂര്‍ സ്റ്റേഡിയത്തിലെ അപകടം: ദിവ്യാ ഉണ്ണിയുടേയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും; പരിപാടിയുടെ സംഘാടനത്തെ കുറിച്ചും സാമ്പത്തികത്തെ കുറിച്ചും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി

ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയെ കുറിച്ച് പോലീസ് അന്വേഷിക്കും. പരിപാടിയുടെ സംഘാടനത്തെ കുറിച്ചും സാമ്പത്തികത്തെ കുറിച്ചും ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പോലീസ് നീക്കം. പരിപാടിയിലെ പ്രധാന നര്‍ത്തകിയായിരുന്ന ദിവ്യ ഉണ്ണിയില്‍ നിന്നും മൃദംഗ വിഷന്‍ രക്ഷാധികാരിയായ നടന് സിജോയ് വര്‍ഗീസില്‍ നിന്നും വിവരങ്ങള്‍ തേടും. ഉമാ തോമസ് താഴേക്ക് വീഴുന്ന സമയത്ത് സിജോയ് വര്‍ഗീസും വേദിയില്‍ ഉണ്ടായിരുന്നു. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തണമോ എന്നുള്ള കാര്യത്തില്‍ തീരുമാനമുണ്ടാകും.
അപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ മൃദംഗ വിഷന്‍ സിഇഒ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ നിന്നാണ് സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാര്‍, ഓസ്കര് ഇവന്റ് മാനേജ്മെന്റ് ഉടമ പിഎസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാന വാദം. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചുവെന്നും ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് സംഘാടകരുടെ വാദം.
അതേ സമയം, നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി പാലാരിവട്ടം പോലീസിന്റെ റിപ്പോര്‍ട്ട് തേടും. ജി കൃഷ്ണകുമാര്‍ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേരുടെയും ജാമ്യാപേക്ഷ. കേസില്‍ നിലവില്‍ എം നിഗോഷും പിഎസ് ജനീഷും പ്രതികളല്ല.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.
വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില് പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടന്‍ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വെന്റിലേറ്ററില്‍ തുടരുന്ന എം എല്‍ എയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























