പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ് മണിലാല്‍ അന്തരിച്ചു. തൃശൂരിലായിരുന്നു അന്ത്യം

പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലായിരുന്നു അന്ത്യം
പ്രമുഖ സസ്യശാസ്ത്രജ്ഞനും കാലിക്കറ്റ് സര്‍വകലാശാലയിലെ ബോട്ടണി വകുപ്പ് മുന്മേധാവിയുമാണ് കാട്ടുങ്ങല്‍ സുബ്രഹ്മണ്യം മണിലാല്‍ എന്ന കെ.എസ്.മണിലാല്‍.
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ് പ്രൊഫ. മണിലാല്‍. അതിനായി ഏതാണ്ട് അരനൂറ്റാണ്ടുകാലത്തെ ഗവേഷണപ്രവര്‍ത്തനം അദ്ദേഹത്തിന് ആവശ്യമായി വന്നു. കൂടാതെ, കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും വളരെ പ്രസിദ്ധമാണ്.
കാട്ടുങ്ങല്‍ എ.സുബ്രഹ്മണ്യത്തിന്റെയും കെ.കെ.ദേവകിയുടെയും മകനായി 1938 സപ്തംബര്‍ 17ന് പറവൂര്‍ വടക്കേക്കരയിലാണ് മണിലാല്‍ ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം, മധ്യപ്രദേശിലെ സാഗര്‍ സര്‍വകലാശാലയില്‍ തുടര്‍പഠനം നടത്തി.
അവിടെനിന്ന് 1964 ല്‍ സസ്യശാസ്ത്രത്തില്‍ പി.എച്ച്.ഡി.നേടി. ആ വര്‍ഷംതന്നെ കേരള സര്‍വകലാശാലയുടെ കാലിക്കറ്റ് സെന്ററില്‍ ബോട്ടണി വകുപ്പില്‍ അധ്യാപനായി ചേര്‍ന്ന അദ്ദേഹം, പിന്നീട് കാലിക്കറ്റ് സര്‍വകലാശാല നിലവില്‍ വന്നപ്പോള്‍ അവിടെ ബോട്ടണി വകുപ്പിന്റെ ഭാഗമായി. 1976 ല്‍ പ്രൊഫസറായി സ്ഥാനക്കയറ്റം കിട്ടിയ മണിലാല്‍, 1986 ല്‍ സീനിയര്‍ പ്രൊഫസറും വകുപ്പ് മേധാവിയുമായി.
2003 ല്‍ 'ഹോര്‍ത്തൂസി'ന്റെ ഇംഗ്ലീഷ് പതിപ്പിന്റെയും 2008 ല്‍ മലയാളം പതിപ്പിന്റെയും പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. കേരളസര്‍വകലാശാലയാണ് ഹോര്‍ത്തൂസ് ഇംഗ്ലീഷ്, മലയാളം പതിപ്പുകള്‍ പ്രസിദ്ധീകരിച്ചത്. 200 ലേറെ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മണിലാല്‍, 19 പുതിയ സസ്യയിനങ്ങളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























